കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായിരുന്ന സി വി പത്മരാജൻ(93)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു . കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.
കെ കരുണാകന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. 1983–87 വരെ കെപിസിസി പ്രസിഡന്റായിരുന്നു .ഭരണാധികാരി, പാർലമെന്റേറിയൻ, അഭിഭാഷകൻ, സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സി വി പത്മരാജൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മതേതരവാദിയും മനുഷ്യ സ്നേഹിയുമായ പൊതുപ്രവർത്തകനായിരുന്നു സി വി പത്മരാജനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് മേൽവിലാസം ഉണ്ടാക്കിയ നേതാവാണ് അദ്ദേഹം. കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് പത്മരാജൻ വക്കീലാണ്, ഈ വിയോഗം പ്രസ്ഥാനത്തിന് നികത്താനാകത്ത നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി ജൂലൈ 17,18 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നേ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള മുഴുവൻ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.
പരവൂര്‍ കുന്നത്ത് വേലു വൈദ്യര്- കെ എം തങ്കമ്മ ദമ്പതികളുടെ മകനായി 1931 ജൂലൈ 22നാണ് സി വി പത്മരാജന്റെ ജനനം. ഭാര്യ അഭിഭാഷകയായ വസന്തകുമാരി. മക്കള്‍ അജി (മുന്‍ പ്രൊജക്ട് മാനേജര്‍ ഇന്‍ഫോസിസ്), അനി (വൈസ് പ്രസിഡന്റ്, വോഡോഫോണ്‍-ഐഡിയ, മുംബൈ) മരുമകള്‍ സ്മിത.