ചെന്നൈ നാഗപട്ടണത്ത് സിനിമ ചിത്രീകരണത്തിനിടെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് (എസ്.എം.രാജു- 52) കാർ അപകടത്തിൽ മരിച്ചു.
സംവിധായകൻ പാ രഞ്ജിത്തിന്റെ ‘വേട്ടുവം’ സിനിമയ്ക്കു വേണ്ടി കാർ ചേസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ വായുവിൽ ഉയർത്തുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മോഹൻ രാജ് കാറിനടിയിൽപ്പെട്ടു.
സഹായികൾ കാറിനടിയിൽ നിന്ന് വലിച്ചെടുത്ത് പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടെ ഹൃദയാഘാതവുമുണ്ടായെന്നാണു സൂചന. സംവിധായകൻ പാ രഞ്ജിത്ത്, സഹസംവിധായകർ എന്നിവരടക്കം 4 പേർക്കെതിരെ
പൊലീസ് കേസെടുത്തു.
അശ്രദ്ധ മൂലം അപകടത്തിനും മരണത്തിനും ഇടയാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും ആരോ പണമുയർന്നു. കാഞ്ചീപുരം സ്വദേശിയായ മോഹൻരാജ് വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനായിരുന്നു. മാരി ശെൽവരാജിന്റെ വാഴൈ സിനിമയിൽ അവസാന രംഗത്ത് ലോറി തല കീഴായി മറിക്കുന്നത് അടക്കമുള്ള രംഗങ്ങൾ പ്രശസ്തമാണ്.