കൊച്ചി: ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് സർക്കാരിനെയും നിയമവ്യവസ്ഥയെയും മറികടന്ന് കേരളത്തിൽ സർവ്വകലാശാലകളിൽ ഇടപെടുന്ന ഗവർണ്ണർക്ക് കോടതിയിൽ നിന്നും കനത്ത പ്രഹരം.
രണ്ട് സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനത്തിലാണ് ഗവർണർക്ക് തിരിച്ചടി ഏറ്റത്. വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റൽ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവർ പുറത്താകും
താൽക്കാലിക വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ചിന്റെ വിധി. ഇതിനെതിരെ ഗവർണർ അപ്പീൽ നൽകി. അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ, വിസി മാർക്ക് താൽക്കാലികമായി തുടരാമെന്ന് ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിദ്യാർഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
സ്ഥിര വിസി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.ഇതോടെ സംഘപരിവാറിന്റെ താൽപ്പര്യത്തിന് വഴങ്ങി രാജ്ഭവൻ എടുക്കുന്ന തെറ്റായ തീരുമാനങ്ങളിലൊന്ന് പരാജയപ്പെട്ടിരിക്കയാണ് .