പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പടുത്തിരിക്കെ ക്രമസമാധാന തകർച്ചയിൽ ബിഹാർ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 4 പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അതിൽ രണ്ടുപേർ അറിയപ്പെടുന്ന വ്യക്തികളും. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് തുടർച്ചയായി പലയിടങ്ങളിലായി ആളുകൾ വെടിയേറ്റ് കൊല്ലപ്പെട്ടു.
പട്നയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് സുരേന്ദ്രയ്ക്ക് നേരേ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. വെടിയേറ്റ സുരേന്ദ്ര സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൃത്യം നടത്തിയശേഷം പ്രതികൾ രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
വ്യവസായിയായ ഗോപാൽ ഖേംകെയുടെ കൊലപാതകത്തിന് പിന്നാലെ ഏറെ വിവാദങ്ങൾ നിലനിൽക്കെയാണ് ബിഹാറിൽ ഒരു ബിജെപി നേതാവ് കൂടി വെടിയേറ്റ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. ജൂലായ് നാലിനാണ് ബിഹാറിലെ പ്രമുഖ വ്യവസായിയായ ഗോപാൽ ഖേംക പട്നയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ ബിഹാറിലെ നിതീഷ് കുമാർ
സർക്കാരിനെതിരേ ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ബിഹാറിൽ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്ന സംഭവമുണ്ടായി.
അതേസമയം, ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് വീണ്ടും രംഗത്തെത്തി. ‘പട്നയിൽ ഇപ്പോൾ ഒരു ബിജെപി നേതാവ് വെടിയേറ്റ് മരിച്ചിരിക്കുന്നു. എന്ത് പറയാനാണ്, ആരോട് പറയാനാണ്? സത്യം കേൾക്കാനോ തെറ്റുകൾ അംഗീകരിക്കാനോ തയ്യാറുള്ള ആരെങ്കിലും എൻഡിഎ സർക്കാരിലുണ്ടോ?”, അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.