സര്‍ക്കാരിനെതിരേ പ്രത്യക്ഷസമരപരിപാടികള്
കൊച്ചി: ആസന്നമായ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടന്ന കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി തീരുമാനിച്ചു.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കെആര്‍എല്‍സിസി. കെഎല്‍സിഎ, സിഎസ്എസ്,
കെസിവൈഎം ലാറ്റിന്‍, കെഎല്‍സിഡബ്ല്യുഎ,
ഡിസിഎംസ്, തുടങ്ങിയ അല്മായ സംഘടനകള്‍ കെആര്‍എല്‍സിസിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സംഘടനകള്‍ക്കെല്ലാം ജനറല്‍ അസംബ്ലിയില്‍ പ്രാതിനിധ്യമുണ്ട്. കെആര്‍എല്‍സിസിയുടെ രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്താണ് തിരഞ്ഞെടുപ്പുകളിലെ നിലപാടുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ആവര്‍ത്തിച്ചുന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയിലും നിഷേധാത്മക സമീപനവുമാണ് പുതിയ കൂട്ടുകെട്ടുകള്‍ തേടാന്‍ സമുദായത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.
സമദൂര സിദ്ധാന്തമായിരുന്നു കെആര്‍എല്‍സിസി എല്ലാ മുന്നണികളോടും ഇതുവരെ സ്വീകരിച്ചിരുന്നത്. തീരദേശത്തെ അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ക്കു നേരെ പ്രമുഖമുന്നണികള്‍ സ്വീകരിക്കുന്ന നിലപാടില്‍ കെആര്‍എല്‍സിസി അസംതൃപ്തരാണ്.

മുനമ്പത്തെ ഭൂമി പ്രശ്നമോ, വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളോ, മുതലപ്പൊഴി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളോ, കണ്ണമാലിയിലെ കടലേറ്റം തടയാനുള്ള നടപടികളോ മാറിമാറി വന്ന മുന്നണികള്‍ നടത്തിയിട്ടില്ല എന്നത് തിരഞ്ഞെടുപ്പ് കാലത്ത് നിര്‍ണായകമാണ്. തീരദേശപാത, ബ്ലു ഇക്കണോമി വിഷയങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്ന് തീരദേശജനതയ്ക്ക് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഭരണത്തില്‍ നിര്‍ണായകസ്വാധീനം വേണമെന്നാണ് പൊതുവേ ഉള്ള അഭിപ്രായം.
ജനാധികാരം നിര്‍വ്വഹിക്കപ്പെടുന്ന ഭരണ സംവിധാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും ലത്തീന്‍ കത്തോലിക്കര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇനിയും ഉണ്ടായിട്ടില്ലെന്ന് ജനറല്‍ അസംബ്ലി കുറ്റപ്പെടുത്തി. ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍, കെആര്‍എല്‍സിസി സുവ്യക്തമായ രാഷ്ട്രീയ സമീപനം കൈകൊള്ളുമെന്ന മുന്നറിയിപ്പും നല്കി. ഇതിനായി സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും നിലവില്‍ നടത്തിവരുന്ന മുന്നൊരുക്കം ഊര്‍ജ്ജിതമാക്കാന്‍ സമ്മേളനം നിശ്ചയിച്ചു. തീരദേശം നിരന്തരമായി അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് സമ്മേളനത്തിന്റെ തീരുമാനം.
കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതിയുടെ തുടര്‍ ചര്‍ച്ചകളില്‍ കൂട്ടുകെട്ടുകള്‍, സ്ഥാനാര്‍ത്ഥിത്വം, പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ഇതിനു മുന്നോടിയായി പ്രാദേശിക തലത്തില്‍ രാഷ്ട്രീയ കാര്യസമിതികള്‍ രൂപപ്പെടുത്തി പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
അസംബ്ലിയുടെ സമാപന ദിവസമായ ഇന്ന് (13 ഞായര്‍) കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സാമൂഹ്യ രാഷ്ട്രീയപ്രമേയവും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ് രാഷ്ട്രീയകാര്യസമിതിയുടെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

അവാർഡ് ജേതാക്കൾ സഭാ നേതൃത്വത്തിനൊപ്പം
44-ാമത് ജനറല്‍ അസംബ്ലിയുടെ റിപ്പോര്‍ട്ട് കെആർഎൽസിസി സെക്രട്ടറി പ്രബലദാസും കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയും ട്രഷറർ ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സമാപന സന്ദേശം നൽകി.
വിശ്വാസപരിശീലന വിദ്യാർഥികൾക്കായുള്ള സ്കോളര്‍ഷിപ്പുകളും
വിവിധ മത്സര പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വർക്കുമുള്ള പുരസ്കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു.
ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററിലാണ് മൂന്നു ദിവസത്തെ ജനറല്‍ അസംബ്ലി ചേര്‍ന്നത്. കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരും അല്മായ നേതാക്കളും സന്ന്യാസസഭാ മേധാവികളും അസംബ്ലിയില്‍ പങ്കെടുത്തു.
ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കണം എന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. നാടാര്‍ ക്രൈസ്തവരെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച ഉത്തരവിലെ അവ്യക്തത പരിഹരിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തില്‍ പ്രത്യക്ഷസമരപരിപാടികള്ക്കു തുടക്കം കുറിക്കാനും സമ്മേളനം നിശ്ചയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കടലും കടല്‍ത്തീരവും അന്യമാക്കുന്ന നയങ്ങളും പരിപാടികളുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടായികൊണ്ടിരിക്കുന്നത്. വലിയ കപ്പലുകള്‍ക്ക് ഇന്ത്യയുടെ ആഴക്കടല്‍ തുറന്നു കൊടുക്കുവാനുള്ള നീക്കം മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഉപജീവന സാധ്യതകളും നിഷേധിക്കുന്നതാണ്.

കേരളത്തിന്റെ തീരത്തോട് ചേര്‍ന്ന് കപ്പല്‍ പാതയില്‍ ഈയിടെ ഉണ്ടായ കപ്പല്‍ ചേതം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ കടലില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്. മത്സ്യ തൊഴിലാളി സമൂഹത്തിനും തീരദേശവാസികള്‍ക്കും ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കണം.
കടലിലും തീരത്തും ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന കടല്‍ മണല്‍ ഖനനം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ സര്‍വ്വകലാശാല വിദ്യാഭ്യാസം അപകടകരമായ വിധം രാഷ്ട്രീയ വല്ക്കരിക്കപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിദ്യാഭ്യാസ മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത പ്രശ്നങ്ങളില്‍ നിന്നാണ് ഇപ്പോഴുള്ള പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ചാന്‍സലറും വൈസ് ചാന്‍സലറും മന്ത്രിയും വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന്
തെരുവുനാടകം അരങ്ങേറുമ്പോള്‍ വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചതത്വത്തിലാവുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാനുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശത്തിന്മേല് കടന്നു കയറുവാനു
ള്ള സര്‍ക്കാര്‍ ശ്രമങ്ങളെ സമ്മേളനം അപലപിച്ചു. ഈശ്വര പ്രാര്‍ഥനയുടെ പേരിലും പള്ളിക്കൂടങ്ങളിലെ മതചിഹ്നങ്ങളുടെ പേരിലും വിദ്യാഭ്യാസ മന്ത്രി നടത്തിയ നീരീക്ഷണങ്ങള്‍ ഏറെ ആശങ്കകള്‍ വളര്‍ത്തുന്നവയാണ്.
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് കോശി കമ്മീഷന് റിപ്പോര്‍ട്ട് ഇതുവരെയും പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണ്. കമ്മീഷന് കണ്ടെത്തലുകളും ശുപാര്‍ശകളും അടിയന്തിരമായി പ്രസിദ്ധപ്പെടുത്തുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.
മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ടിനുമേല്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതില്‍ സമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് അവര്‍ നിയമാനുസൃതം സ്വന്തമാക്കിയഭൂമിയില്മേലുള്ള അവരുടെ അവകാശം സംരക്ഷിക്കണമെന്നും റവന്യൂ അവകാശങ്ങള്‍ ഉടനടി
പുനസ്ഥാപിക്കണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ തന്നെ പൊഴിയൂര്‍, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട് മേഖലകളിലും ആലപ്പുഴ ജില്ലയിലെ പുന്നപ്ര, ഒറ്റമശ്ശേരി പോലുള്ളസ്ഥലങ്ങളിലും എറണാകുളത്തെ നായരമ്പലം, എടവനക്കാട് പ്രദേശങ്ങളിലും അതിരൂക്ഷമായ കടലേറ്റമാണ്. കേരളത്തിന്റെ തീരം സമഗ്രമായി സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവണം. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടികളും ആവശ്യമായ ഫണ്ടും അനുവദിക്കണം. രാജ്യത്തിന്റെ അതിര്‍ത്തി എന്നനിലയില്‍ കടല്‍ത്തീരം സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തീക പിന്തുണ നല്കാന് തയ്യാറാകണം.
കേരളത്തിന്റെ കാര്‍ഷിക മേഖലയും തോട്ടംതൊഴിലാളികളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുകയാണ്. ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. മലയോര മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന മഴക്കെടുതികളും വന്യമൃഗ ആക്രമണങ്ങളും കാര്ഷികോല്പന്നങ്ങള്ക്ക് ഏര്‍പ്പെടുത്തപ്പെടുന്ന ചുങ്കങ്ങളും വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇന്ന് പൊതുആരോഗ്യ ശുശ്രൂഷാ രംഗം നിരവധി പ്രശ്നങ്ങളെ അഭിമുഖികരിക്കുന്നു. നിസ്വരായ അനേകായിരങ്ങളുടെ ആശ്രയമാണ് ഈ സ്ഥാപനങ്ങള്‍. സ്വകാര്യ ആശുപത്രികളിലെ ചിലവുകള്ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലെ ആതുര ശുശ്രൂഷഗുണമേന്മയോടെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം.
വര്‍ദ്ധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് വ്യാപനത്തിലും സമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി.
മെട്രോ സ്റ്റേഷന് ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ മദ്യം വ്യാപകമാക്കുന്ന നയം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.