എറണാകുളം: പാലക്കാട് കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളും മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിനും ആറ് വയസുകാരൻ ആൽഫ്രഡ് പാർപ്പിനുമാണ് മരിച്ചത്. കുട്ടികൾക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ആന്തരിക അവയവങ്ങളെ ഉൾപ്പെടെ പൊള്ളൽ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം .എൽസിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം പാലക്കാടേക്ക് കൊണ്ടുപോകും.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പഴയ മാരുതി 800 കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. എൽസിക്കും മൂന്ന് മക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഇളയ രണ്ട് കുട്ടികൾക്കും എൽസിക്കുമാണ് കൂടുതൽ പൊള്ളലേറ്റത്.
എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിരുന്നു.