പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട് കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരം. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സും അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യയുമായ എല്‍സി മാര്ട്ടിന് (40), മക്കളായ അലീന (10), ആല്ഫിന് (ആറ്) എമി( നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എൽസിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും നില അതീവഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടുകുട്ടികളും, ഇവരുടെ അമ്മ എൽസിയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേണ്‍ ഐസിയുവില്‍ വിദഗ്ധ ചികില്‍സയിലാണ് മൂവരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം . ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയുംകൂട്ടി തന്റെ മാരുതി 800 കാറില്‍ പുറത്തേക്കു പോകാൻ സ്റ്റാർട്ട് ചെയ്തപ്പോഴാണ് കാർ പൊട്ടിത്തെറിച്ചത് .എല്‍സിയുടെ മൂത്തമകള്‍ പത്തു വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.