ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു .മരണസംഖ്യ ഇനിയും ഉയർന്നേക്കും . 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. തെരച്ചിൽ തുടരുകയാണ്.
കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ് . ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാംപിൽപങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും കൗൺസിലറെയും കാണാതായി.
പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളി.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.