ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തെരഞ്ഞെടുപ്പു കമ്മീഷന് തുടരാമെന്ന് സുപ്രീംകോടതി.
ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു കമ്മീഷൻറെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചാണ് വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്.
സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു. ഇതോടെ വോട്ടേഴ്സ് ലൂയിസിൽ നിന്നും പാവപ്പെട്ട ജനങ്ങളെ ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിന് തിരിച്ചടിയായി .
ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്.
വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് ആശങ്കയുണർത്തുന്നുവെന്നും, പുനഃപരിശോധനയ്ക്കു കീഴിൽ പൗരത്വം പരിശോധിക്കണമെന്നുണ്ടെങ്കിൽ അതു നേരത്തേയാകാമായിരുന്നുവെന്നും കോടതി പറഞ്ഞു .
ജനങ്ങളുടെ പൗരത്വത്തിൻറെ കാര്യത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന് യാതൊരു പങ്കുമില്ലെന്നും പൗരത്വം ആഭ്യന്തരമന്ത്രാലയത്തിൻറെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി.