അമരാവതി: ക്രിസ്ത്യൻ പള്ളിയിലെ പ്രാർഥനയിൽപങ്കെടുത്തതിന് തിരുമല തിരുപ്പതിക്ഷേത്ര ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അഡ്മിനിസ്ട്രേറ്റീവ് ബോഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ. രാജശേഖർ ബാബുവിനെയാണ് പള്ളിയിലെ പ്രാർഥനയിൽ പങ്കെടുത്തതിന് സസ്പെൻഡ് ചെയ്തത്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ പള്ളിയിൽ രാജശേഖർ പ്രാർഥന നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. എല്ലാ ഞായറാഴ്ചയും രാജശേഖർ പള്ളിയിൽ പോയിരുന്നുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടെന്നും ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്.
അഹിന്ദു മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിന്റെഭാഗമായാണ് സസ്പെൻഡ് ചെയ്തെന്നാണ്ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. നേരത്തെ സമാനമായ കാരണങ്ങളാൽ 18 ജീവക്കാരെ സ്ഥലം മാറ്റിയിരുന്നു.
രാജശേഖർ ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരനാണ്. എന്നാൽ പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും തിരുപ്പതി ദേവസ്ഥാനത്തിന്റെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നും ഭാരവാഹികൾ പറയുന്നു.