നിരീക്ഷകന് / രൂപേഷ് കളത്തില്‍
കേരളത്തിലെ പല സമരമുഖങ്ങളിലും ഇപ്പോള്‍ കണ്ടുവരുന്ന സമരശൈലി സര്‍ഗാത്മക ആവിഷ്ക്കാരങ്ങളുടേതാണ്. അത്തരത്തിലുള്ള ഒരു സമരമായിരുന്നു ജൂണ്‍ 20ന് ചെല്ലാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ സമരരീതി. വര്‍ഷങ്ങളോളമായി മഴക്കാല സമയത്ത് കടല്‍കയറ്റ ഭീതിയെ നേരിട്ട് ജീവിക്കുന്ന ആളുകളാണ് ചെല്ലാനംകാര്. നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വര്ഷക്കാലത്തിലുള്ള കടലാക്രമണ ഭീഷണിക്ക് പരിഹാരമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല.
ഒരു ജനത അവരുടെ അതിജീവനത്തെ സാധ്യമാക്കുന്നത്തിനു ആശ്രയിക്കുന്ന മുഖ്യമാര്ഗങ്ങളിലൊന്നാണ് സമരങ്ങളുടേത്. നൂറ്റാണ്ടുകളായി മനുഷ്യരാശി അധികാരകേന്ദ്രങ്ങള്‍ക്കെതിരെ നടപ്പിലാക്കിവരുന്ന പ്രതികരണ ശീലങ്ങളുടെ പ്രത്യക്ഷ രീതിയാണ് സമരങ്ങള്‍. ജനങ്ങളെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന നേതൃത്വവും അവരോടൊപ്പം നില്ക്കുന്ന അണികളും ചേര്‍ന്നാണ് സമര പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. കൃത്യമായ ഒരു ലക്ഷ്യബോധമാണ് എല്ലാ സമരങ്ങള്‍ക്കും ഉള്ളത്. ഈ ലക്ഷ്യബോധം നേടിയെടുക്കാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങളും പദ്ധതികളും എല്ലാ സമരങ്ങള്‍ക്കും ഉണ്ടായിരിക്കും.
രണ്ടുതരത്തില്‍ സമരങ്ങള്‍ ചെയ്യാമെന്ന് സമര ചരിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഒന്നാമത്തെ സമരമാര്‍ഗം കായികമായ രീതിയുടേതാണ്. ലഹളകളില്‍ അവസാനിക്കുന്ന ഇത്തരം സമരമുറകള്‍ക്ക് തടിമിടുക്കും വൈകാരിക വിക്ഷുബ്ധതയും മതിയാകും. ഇത് പക്ഷേ സമരക്കാര്‍ക്കോ അവര്‍ ലക്ഷ്യം വയ്ക്കുന്ന അവകാശങ്ങള്‍ക്കോ നേട്ടം എന്നതിനേക്കാള്‍ കോട്ടം ഉണ്ടാക്കാനാണ് സാധ്യത. ഇവിടെ അധികാര കേന്ദ്രങ്ങളും അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന സമരക്കാരും സമരസമയത്തിന്റെ പരിസമാപ്തിയില്‍ ഒരുപോലെയോ അല്ലെങ്കില്‍ കൂടിയോ കുറഞ്ഞോ നിലയില്‍ ഇരകളായി മാറിയേക്കാം.
രണ്ടാമത്തെ സമരരീതി സമരസമീപനങ്ങളിലെ പുതുമയോ സര്‍ഗാത്മകതയോ ആയിരിക്കാം. ഈ മഴക്കാലത്ത് റോഡിലൂടെ പോകുമ്പോള്‍ വഴിയരികുകളില്‍ ഉള്ള കുഴികളില്‍ വാഴനട്ടും ചെടികള്‍ വച്ചും വള്ളം ഇറക്കിയും പ്രതികരിക്കുന്നത് സമരത്തിന്റെ സര്‍ഗാത്മക രീതികളാണ്. കായികമായ സമരമുറകളില്‍ നിന്നും ഇത്തരത്തിലുള്ള സര്‍ഗാത്മക സമരങ്ങളെ വ്യത്യസ്തമാക്കുന്നത് സമരലക്ഷ്യങ്ങളെ നേടിയെടുക്കുവാന്‍ സഹായിക്കുന്ന ആവിഷ്കാരങ്ങളിലുള്ള പുതുമകളും ബുദ്ധിപരമായ ചുവടുവെപ്പുകളും ആണ്.
കേരളത്തിലെ പല സമരമുഖങ്ങളിലും ഇപ്പോള്‍ കണ്ടുവരുന്ന സമരശൈലി രണ്ടാമത് പറഞ്ഞ സര്‍ഗാത്മക ആവിഷ്ക്കാരങ്ങളുടേതാണ്. അത്തരത്തിലുള്ള ഒരു സമരമായിരുന്നു ജൂണ്‍ 20ന് ചെല്ലാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ സമര രീതി. വര്‍ഷങ്ങളോളമായി മഴക്കാല സമയത്ത് കടല്‍കയറ്റ ഭീതിയെ നേരിട്ട് ജീവിക്കുന്ന ആളുകളാണ് ചെല്ലാനംകാര്.
നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വര്ഷക്കാലത്തിലുള്ള കടലാക്രമണ ഭീഷണിക്ക് പരിഹാരമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ പതിവുപോലെ പന്തല്‍കെട്ടി നിരാഹാര സമരം ആരംഭിച്ച സമരക്കാരുടെ മുദ്രാവാക്യങ്ങള്‍, സര്‍ഗാത്മക ആവിഷ്കാരമായി. നിലവിലുള്ള സര്‍ക്കാരിനോട് പ്രതികരണശേഷി രേഖപ്പെടുത്തുവാനുള്ള മാധ്യമമായി സമരക്കാര്‍ തിരഞ്ഞെടുത്തത് ഈ മുദ്രാവാക്യങ്ങളാണ്. 8 മുദ്രാവാക്യങ്ങളാണ് സമരപ്പന്തലില്‍ മുഴങ്ങിക്കേട്ടത്. ഈ മുദ്രാവാക്യങ്ങളെ സാംസ്കാരിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. എട്ടു മുദ്രാവാക്യങ്ങളെ താഴെ ചേര്‍ക്കുന്നു.
മുദ്രാവാക്യങ്ങള്‍
1 ഉപവാസ സമരം സിന്ദാബാദ്
2 ജൂണ്‍ ജൂലൈ മാസത്തില്‍ കടലില്‍ തിരകള്‍ പൊങ്ങുമ്പോള്‍ കണ്ണമാലി തീരത്ത് ആകപ്പാടെ വേദനയാ
സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആക്കിക്കൊണ്ട് ചിരിക്കുന്നു.
3 സൂചനയാണിത് സൂചന മാത്രം സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ സമരത്തിന് ഗതി താനേ മാറും രൂപം മാറും ഭാവം മാറും
സമരത്തിന് ഗതി താനേ മാറും.
4 പാറ പൊട്ടണ വെയിലത്തും, കോരിച്ചൊരിയും മഴയെത്തും പണിയെടുക്കും തൊഴിലാളികളെ
ഭയപ്പെടുത്താന്‍ നോക്കേണ്ട.
5 അത്തിമരത്തില്‍ നത്തുകണക്കെ കുത്തിയിരിക്കും സര്‍ക്കാരേ, കടലിനു തടയണ തന്നില്ലെങ്കില്‍
ടെട്രാ പോഡിന് തടയണ തന്നെ, സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും കേരളമാകേ സ്തംഭിപ്പിക്കും
പറയണതാരെന്നറിയാമോ കണ്ണമാലി കടലിന് മക്കള്‍.
6 അയ്യോ തീരത്തെന്താണ്, കടല്‍ കയറ്റം കണ്ടില്ലേ, എങ്ങോട്ടോടിപ്പോയിടും, തെക്കുവടക്കൊരു റോഡണ്ട്,
തെക്കും മുങ്ങി വടക്കും മുങ്ങി, റോഡില്‍ നിറയെ കടല്‍വെള്ളം. എങ്ങോട്ടോടിപ്പോയിടും
മറുപടി പറയൂ സര്‍ക്കാരേ………
7 തെക്കു തെക്കൊരു ദേശത്ത്, കണ്ണമാലി തീരത്ത് കാറ്റും കോളും വന്നപ്പോള്‍
കടലിന് താണ്ഡവ നൃത്തത്തില്‍ പകച്ചു പോയൊരു നാട്ടാരെ സംരക്ഷിക്കാന്‍ ആളില്ലേ.
മറുപടി പറയൂ സര്‍ക്കാരേ.
8 ജനിച്ചു വീണൊരു മണ്ണില്‍ തന്നെ ജീവിക്കാനാണീ സമരം
ലളിതമായ കൊച്ചുകൊച്ചു വാക്യങ്ങളിലൂടെയാണ് മുദ്രാവാക്യങ്ങള്‍ പ്രതികരണങ്ങളുടെ അടയാളങ്ങളായി സമരമുഖങ്ങളില്‍ നിന്ന് പുറത്തേക്ക് വാര്‍ന്നു വീഴുന്നത്.
സമരക്കാരുടെ അസ്തിത്വം, പാര്‍ട്ടി, മതം, തൊഴില്‍ മേഖലകള്‍, ജീവിത പരിസരങ്ങള്‍, അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, മുന്‍ സമര ചരിത്രങ്ങള്‍, ഓര്‍മ്മപ്പെടുത്തലുകള്‍, താക്കീതുകള്‍ എന്നിവയൊക്കെ അടയാളപ്പെടുത്തിക്കൊണ്ടാണ് മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുന്നത്.
ജൂണ്‍ ജൂലൈ മാസത്തില്‍……. എന്ന് തുടങ്ങുന്ന മുദ്രാവാക്യം ചെല്ലാനത്തെ ജനങ്ങളുടെ വര്‍ഷക്കാലത്തെ ദുരിതങ്ങളും അതിനോട് ക്രിയാത്മകമായി പ്രതികരിക്കാത്ത സര്‍ക്കാരിനോടുള്ള വിയോജിപ്പും ആണ് രേഖപ്പെടുത്തുന്നത്. മൂന്നാമത്തെ മുദ്രാവാക്യം സര്‍ക്കാരിനോടുള്ള മുന്നറിയിപ്പായി നിലനില്ക്കുന്നു. ജീവിതത്തിന്റെ കാഠിന്യം അനുഭവിക്കുന്ന സമരക്കാര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏത് ശിക്ഷാ നടപടികളെയും ധൈര്യത്തോടെ നേരിടുക തന്നെ ചെയ്യും എന്ന് വ്യക്തമാക്കുന്നതാണ് നാലാമത്തെ മുദ്രാവാക്യം.
അഞ്ചാമത്തെ മുദ്രാവാക്യം സമരക്കാര്‍ എന്ന നിലയിലുള്ള തങ്ങളുടെ പ്രാദേശിക വ്യക്തിത്വത്തെയും മതപരമായ അസ്തിത്വത്തെയും വ്യക്തമാക്കുന്നു.
ഈ മുദ്രാവാക്യങ്ങളിലെ ”അത്തി ”, ”നത്ത് ” എന്നീ രണ്ട് പദങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അത്തിമരം നമ്മുടെ നാട്ടിലുള്ളതോ ദൈനംദിന ഭാഷാ വ്യവഹാരങ്ങള്‍ക്ക് അകത്തു നില്ക്കുന്നതോ ആയ പദമല്ല. ബൈബിളില്‍ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന പദമാണിത്. ബൈബിളിനെ അടിസ്ഥാനമാക്കി ജീവിക്കുന്ന ക്രൈസ്തവന്റെ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതാണ് അത്തി എന്ന പദം. നമ്മുടെ നാട്ടിലെ രാത്രികാല സഞ്ചാരിയായ പക്ഷിയാണ് നത്ത്. നമ്മുടെ സാംസ്കാരിക പദവ്യവഹാരങ്ങളില് നല്ല സൂചന അല്ല നത്ത് എന്ന പക്ഷിക്ക് നല്‍കിയിട്ടുള്ളത്. രാത്രി കരയുന്ന ഈ പക്ഷിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ദുരന്തസൂചകമായ എന്തോ ഒന്ന് സംഭവിക്കുന്നു എന്നുള്ള വായ്മൊഴികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുക. പകല്‍ കണ്ണു കാണാത്ത പക്ഷിയാണ് നത്ത്. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന നത്ത് ചെല്ലാനത്തെ ജനങ്ങളുടെ വര്ഷകാലഘട്ടങ്ങളിലെ ദുരിതങ്ങള്‍ കാണുകയോ അതിന് പരിഹാരം നല്‍കുകയോ ചെയ്യുന്നില്ല എന്ന് ഈ മുദ്രാവാക്യം സൂചിപ്പിക്കുന്നു.
ചെല്ലാനത്തെ ജനങ്ങളുടെ ദുരിതാവസ്ഥ അറിയിക്കുന്നതാണ് ആറാമത്തെ മുദ്രാവാക്യം. തെക്കു തെക്കൊരു ദേശത്ത്…….. എന്നു തുടങ്ങുന്ന ഏഴാമത്തെ മുദ്രാവാക്യത്തിന് ചരിത്രപരമായ സൂചനകള്‍ നല്‍കാനാകും. വിമോചന സമര കാലഘട്ടങ്ങളില്‍ കേരളത്തില്‍ ഉയര്‍ന്നിരുന്ന ഒരു മുദ്രാവാക്യത്തോട് ഇതിന് സാമ്യമുണ്ട്. അത് താഴെ ചേര്‍ക്കുന്നു:
തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്ളോറിയെന്നൊരു ഗര്‍ഭിണിയെ
വെടിവെച്ചുകൊന്ന സര്‍ക്കാരേ
പകരം ഞങ്ങള്‍ ചോദിക്കും.
വിമോചന സമരകാലത്ത് (1959) ഏറെ ശ്രദ്ധിക്കപ്പെട്ട മുദ്രാവാക്യം ആണിത്. അന്നത്തെ സര്‍ക്കാരിന്റെ പുറത്താകലോടെയാണ് ഈ സമരം അവസാനിച്ചത്. അങ്ങനെ ചരിത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ മുദ്രാവാക്യം. സമരത്തിന്റെ ലക്ഷ്യത്തെ ഓര്‍മിപ്പിക്കുന്നതാണ് അവസാനത്തേതും എട്ടാമതുമായ മുദ്രാവാക്യം.
സമരരീതികളിലെ സമരവീര്യത്തെയും ലക്ഷ്യത്തെയും ഓര്‍മ്മിപ്പിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുവാനും ആണ് മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഒരു ജനതയുടെ അസ്ഥിത്വത്തെയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും രേഖപ്പെടുത്താന്‍ മുദ്രാവാക്യങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സര്ഗാത്മകതയില് അധിഷ്ഠിതമായ ഇത്തരം കൊച്ചുവാക്യങ്ങള്‍ ഉയര്‍ത്തിവിടുന്ന ആശയങ്ങളില്‍ പ്രേരിതരായിട്ടാണ് നിരവധി സമരങ്ങള്‍ കേരള ചരിത്രത്തില്‍ നടന്നിട്ടുള്ളതും ജനങ്ങള്‍ അവകാശങ്ങള്‍ നേടിയെടുത്തിട്ടുള്ളതും. കണ്ണമാലിയിലെ ഈ വര്‍ഷകാല സമരവും മറ്റൊന്നുമല്ല ഓര്‍മ്മിപ്പിക്കുന്നത്. സര്ഗാത്മകതയില് അധിഷ്ഠിതമായ ഇത്തരം സമരമുഖങ്ങള്‍ അധികാരികളുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ പര്യാപ്തമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.