ചെന്നൈ : സ്കൂൾ വാനിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു . മരിച്ചതിൽ രണ്ട് വിദ്യാർഥികളാണെന്നാണ് ആദ്യ വിവരം.
തമിഴ്നാട് ചെന്നൈയിലെ കടലൂരിലാണ് അപകടം. പത്ത് പേർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുറന്നിട്ട ലെവൽ ക്രോസിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ചാണ് അപകടമുണ്ടായത് .അടച്ചിരുന്ന ലെവൽക്രോസ് സ്കൂൾ ബസ് ഡ്രൈവറുടെ നിർബന്ധത്തിനു വഴങ്ങി തുറന്നുകൊടുക്കുകയായിരുന്നു .ഗുരുതരമായ വീഴ്ച വരുത്തിയ ഗേറ്റ് മാനെ ഉടൻ ദക്ഷിണ റയിൽവേ സസ്പെൻഡ് ചെയ്തു. ഇയാളെ പിരിച്ചുവിടാൻ നടപടി തുടങ്ങിയതായും റയിൽവേ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്കു റയിൽവേയും തമിഴ്നാട് സർക്കാരും 5 ലക്ഷം രൂപ വീതം നൽകും. പരുക്കേറ്റവർക്കു റയിൽവേ 2.5 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. സാരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മെറിലേക്കു മാറ്റുമെന്നും റയിൽവേ അറിയിച്ചു.