വത്തിക്കാൻ: ലോകമെങ്ങും പാരിസ്ഥിതക പരിവർത്തനത്തിനും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട നീതിക്കും ആഹ്വാനം ചെയ്ത് ഏഷ്യ, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്കകൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രാദേശികമെത്രാൻസമിതി നേതൃത്വങ്ങളും, ലാറ്റിനമേരിക്കയ്ക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷനും ഒന്നുചേർന്ന് ഒരു രേഖ പുറത്തിറക്കി. 2025 നവംബർ മാസത്തിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കോപ്30 (COP30) സമ്മേളനത്തിന്റെ വെളിച്ചത്തിലാണ് വിവിധ പ്രാദേശികസഭാനേതൃത്വങ്ങൾ റോമിൽ ഒരുമിച്ച് കൂടി പരിസ്ഥിതികപ്രശ്നങ്ങൾക്ക് പരിഹാരം തേടിയത്.
ജൂലൈ 1 ചൊവ്വാഴ്ച്ച പരിശുദ്ധ സിംഹാസനം വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ട ഈ രേഖയിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട നീതിക്കും നമ്മുടെ പൊതുഭവനമായ ഭൂമിക്കും വേണ്ടി വിവിധ മെത്രാൻസമിതികളുടെ പ്രതിനിധികൾ ശബ്ദമുയർത്തി. പത്രസമ്മേളനതിന് മുൻപായി മെത്രാന്മാർ ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഈ രേഖ സമർപ്പിക്കുകയും ചെയ്തിരുന്നു.
കാലാവസ്ഥാപരമായ നീതിക്കായുള്ള സഭയുടെ ശ്രമങ്ങൾ വ്യക്തമാക്കുന്ന ഈ രേഖ, ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി ഉൾപ്പെടെയുള്ള രേഖകളിലും, സമഗ്രപരിസ്ഥിതിവ്യവസ്ഥ സംരക്ഷിച്ച് പ്രോത്സാഹിപ്പിക്കാനുള്ള പാപ്പായുടെ ആഹ്വാനത്തിലും നിന്ന് പ്രേരിതമായി പ്രവർത്തിക്കാൻ രാജ്യങ്ങളെയും സർക്കാരുകളെയും ക്ഷണിച്ചു.
ഏഷ്യൻ മെത്രാൻമാരുടെ സംയുക്തസമിതി പ്രെസിഡന്റും ഗോവ ഡമാവോ ആർച്ബിഷപ്പുമായ കർദ്ദിനാൾ ഫിലിപ് നേരി ഫെറാവോ, ബ്രസീൽ മെത്രാൻസമിതിയുടെയും, ലാറ്റിനമേരിക്കൻ, കരീബിയൻ സംയുക്ത മെത്രാൻസമിതികളുടെ പ്രെസിഡന്റുമായ കർദ്ദിനാൾ ഹൈമേ സ്പെൻഗ്ലെർ, കിൻഷാസ ആർച്ബിഷപ്പും, ആഫ്രിക്ക, മഡഗാസ്കർ മെത്രാൻ കൂട്ടായ്മയുടെ പ്രസിഡന്റുമായ കർദ്ദിനാൾ ഫ്രിഡോലീൻ അമ്പൊങ്ങോ, ലാറ്റിനമേരിക്കയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റ എംലീസ് കൂദ എന്നിവർ ചേർന്നാണ് കാലാവസ്ഥാപ്രതിസന്ധികൾക്ക് പരിഹാരം തേടിയുള്ള ഈ രേഖ പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിച്ചത്.
കാലാവസ്ഥാപ്രതിസന്ധികൾ മൂലം ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ കഷ്ടപ്പെടുന്നതും, ലോകത്ത് വിവിധയിടങ്ങളിലായി നടന്നുവരുന്ന സായുധസംഘർഷങ്ങളും യുദ്ധങ്ങളും സംബന്ധിച്ചും വിവിധ മെത്രാൻസമിതികളുടെ പ്രതിനിധികൾ പരാമർശിച്ചു.