കൊച്ചി : ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരൂമാനിച്ചത് ആശ്വാസകരമെന്ന് കെആര്‍എല്‍സിസി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദിരേഖപ്പെടുത്തുന്നു. ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ അധികഫണ്ടും അനുവദിക്കണം.
പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടമെന്ന നിലയില്‍ ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. 344 കോടി രൂപ ചിലവഴിച്ച് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലാണ്.ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍ തോടു മുതല്‍ വടക്കോട്ട് കണ്ണമാലി. കമ്പനിപ്പടി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശ്ശേരി, സൗദി പ്രദേശങ്ങളില്‍ പുരയിടങ്ങളിലുള്പ്പെടെ കടല്‍ കയറുകയാണ്.
വര്‍ഷങ്ങളായി ഈ പ്രദേശങ്ങള്‍ കടലാക്രമണത്തിന്റെ ഭീതിയിലാണെങ്കിലും ഈ വര്‍ഷം കടല്‍ഭിത്തി പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നിരന്തരമായി കടലാക്രമണ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കടല്‍കയറ്റത്തിന്റെ കെടുതികളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും അവയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരുകയായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി നടക്കേണ്ട പുലിമുട്ടുകളുടെയും കടല്‍ഭിത്തിയുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും തീരം സമ്പുഷ്ടീകരിക്കുകയും ചെയ്യണം. ഇത് ചെയ്യാതിരിക്കുന്നത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള കടല്‍ഭിത്തി ദുര്‍ബലപ്പെടാന്‍ കാരണമാകും. തീരസമ്പുഷ്ടീകരണത്തിന് കൊച്ചി തുറമുഖത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കണം. ഒന്നാംഘട്ട നിര്‍മ്മാണത്തിന് ഒരു പ്രത്യേക സെല്‍ (Special purpose vehicle) പ്രവര്‍ത്തിച്ചിരുന്നു. പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി ഐ എന്‍ എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ പ്രത്യേക സെല്‍ നിലനിര്‍ത്തണം, കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.