സ്മരണ / രതീഷ് ഭജനമഠം
സംശുദ്ധനായ രാഷ്ട്രീയ പ്രവര്ത്തകന്, അഭിഭാഷകന്, സമുദായ സ്നേഹി, ഇതിഹാസം രചിച്ച നിയമസഭാ സാമാജികന്, ഭാഷാപണ്ഡിതന്‍, ചരിത്രകാരന്, സാഹിത്യകാരന് തുടങ്ങിയ നിലകളില്‍ അനുസ്മരിക്കപ്പെടുന്ന ബഹുമുഖപ്ര
തിഭയായ അഡ്വ. പി.ജെ. ഫ്രാന്‍സിസ് 88-ാം വയസ്സില്‍, 2025 ജൂണ്‍ 18-ന് ഇഹലോകജീവിതത്തില്‍നിന്നും വിടവാങ്ങി ചരിത്ര
സ്മരണകളുടെ ഭാഗമായി മാറി.
ആലപ്പുഴ ജില്ലയിലെ പൊള്ളേത്തൈ തീരഗ്രാമത്തിലെ പള്ളിക്കത്തയ്യില്‍ കുടുംബത്തിലെ ഗാസ്പര്‍ ജുഡീത്ത് – റബേക്കാ
ദമ്പതികളുടെ മകനായി 1937 ഫെബ്രുവരി 19-ന് ഫ്രാന്‍സിസ് ജനിച്ചു. ആലപ്പുഴ രൂപതയിലെ പൊള്ളേത്തൈ തിരുക്കുടുംബ ഇടവക അന്ന് കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് ഇടവകയുടെ ഭാഗമായിരുന്നു. കാട്ടൂര്‍ പള്ളിയില്‍ ജ്ഞാനസ്നാനപേര് ജീന്‍ ആല്‍ബര്‍ട്ട് ഫ്രാന്‍സിസ് എന്നായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മാതൃക അധ്യാപകനായിരുന്നു. അദ്ദേഹത്തിന് മൂന്ന് സഹോദരങ്ങളും മൂന്ന് സഹോദരിമാരുണ്ട്.
പഠനത്തില്‍ മികവു കാട്ടിയ അദ്ദേഹം മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലും പൊള്ളേത്തൈ ഗവണ്മെന്റ് സ്കൂളിലുമായി
പ്രൈമറി വിദ്യാഭ്യാസവും, വളഞ്ഞവഴി വി.വി.എസ്.ഡി.ഇ.എം. സ്കൂളിലും കാട്ടൂര്‍ ഹോളിഫാമിലി സ്കൂളിലുമായി സെക്കന്‍ഡറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളിലെ ബോര്‍ഡിംഗില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.
പുരോഹിതനാകണമെന്ന ആഗ്രഹത്തോടെ ആലപ്പുഴയിലെ സേക്രട്ട് ഹാര്ട്ട്സെമിനാരിയില് ചേര്‍ന്ന ഫ്രാന്‍സിസ് ഒരു വര്‍ഷത്തെ വൈദികപഠനത്തെ തുടര്‍ന്ന് തന്റെ വിളി കുടുംബജീവിതത്തിനും പൊതുപ്രവര്ത്തനത്തിനുമാണെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ സെമിനാരി റെക്ടര്‍ ഫാ. പോള്‍ കുന്നങ്കലിന്റെ അനുവാദത്തോടെ അവിടെനിന്ന് തിരിച്ചു വീട്ടില്‍ എത്തി. തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സായ അദ്ദേഹം തുടര്‍ന്ന് നേപ്പാളിലെ ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്നും 1964-ല്‍ ബി.എ. ബിരുദം നേടി. തുടര്‍ന്ന് എറണാകുളം ലോ കോളജില്‍നിന്നും ബി.എല്‍. ബിരുദം 1967-ല്‍ പാസ്സായ അദ്ദേഹം
1968 മാര്‍ച്ച് 19-ന് ആലപ്പുഴ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവം
അഭിഭാഷകവൃത്തിയോടൊപ്പം പൊതുപ്രവര്ത്തനരംഗങ്ങളിലും അദ്ദേഹം നിറഞ്ഞുനിന്നു. വാവക്കാട് കുടുംബത്തിലെ വി.പി. മറിയാമ്മയെ1969 ഏപ്രില്‍ 24-ന് അദ്ദേഹം വിവാഹം കഴിച്ചു. ഈ ദമ്പതികള്‍ക്ക് ജോസ് പി.എഫ്., റോസ് ഷിബു, ടോണി ഫ്രാന്‍സിസ്, റീന മനു എന്നീ നാല് മക്കളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പ്രഫ. വി.പി. മറിയാമ്മ ആലപ്പുഴ സെന്റ് ജോസഫ് വനിതാ
കോളജില്‍ നിന്നും ചരിത്രവിഭാഗം മേധാവിയായി 1999-ല്‍ വിരമിച്ചു.
പൊള്ളേത്തെ ഇടവകാംഗമായ പി.ജെ. ഫ്രാന്‍സിസ് തന്റെ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴ ആയതിനെത്തുടര്‍ന്ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തിഡ്രല്‍ ഇടവകാംഗമായി മാറി. ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറില്‍ മൗണ്ട് കാര്‍മ്മല്‍ കത്തിഡ്രലിന് സമീപത്തായാണ് അദ്ദേഹത്തിന്റെ ഭവനം. 1983-86 കാലഘട്ടത്ത് ആലപ്പുഴ ബാര്‍ അസ്സോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 34 വര്‍ഷത്തെ അഭിഭാഷകവൃത്തിയില്‍ നിന്നും 2002 മാര്‍ച്ച് 19-ന് വിരമിച്ചു. വിദ്യാര്‍ഥി കോണ്‍ഗ്രസ്സിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ എത്തിയ അദ്ദേഹം 1961 മുതല്‍ മാരാരിക്കുളം തെക്ക് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുവന്നു. വാസുദേവ ശര്‍മ്മ ആലപ്പുഴ ഡി.സി.സി. അധ്യക്ഷനായിരുന്ന കാലത്താണ് അദ്ദേഹം ജില്ലാകമ്മിറ്റിയില്‍ സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. 1979-ല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ഫാക്ടറി വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച് കൗണ്‍സിലറായ അദ്ദേഹം 1979-84 കാലത്ത് ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷ നേതാവായി
രുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ വിവിധ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1980-90 കാലത്ത് ആദ്ദേഹം ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. കെപിസി.സി അംഗം, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമ കോര്പ്പറേഷന് അംഗം, സംസ്ഥാന തീരദേശ വികസന കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം, ആലപ്പുഴ ജില്ലാ ഫുട്ബോള്‍ അസ്സോസിയേഷന് പ്രസിഡന്റ്, ബാസ്ക്കറ്റ് ബോള്‍ അസ്സോസിയേഷന് ജില്ലാ സീനിയര്‍
വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വിവിധ ട്രേഡ് യൂണിയനുകളിലും സര്‍വീസ് സംഘടനകളിലും ജില്ലാ, സംസ്ഥാനതലങ്ങളില്‍ നേതൃത്വം വഹിച്ചി
ട്ടുണ്ട്. കെ.ആര്.എല്‍.സി.സി. സ്ഥാപക അംഗം, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മാനേജ്മെന്റ് ഗവേണിംഗ് കൗണ്‍സില്‍ അംഗം, ആലപ്പുഴയിലെ ലെയോ തേര്ട്ടീന്ത് – സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പിടിഎ പ്രസിഡന്റ്
തുടങ്ങിയ പല നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പടക്കളത്തിലെ പോരാട്ടം
നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിശക്തരായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയാണ് പി.ജെ. ഫ്രാന്‍സിസ് മത്സരിച്ചത് എന്നത് ശ്രദ്ധേയമാണ്. 1987ലും 1991ലും സിപിഎമ്മിന്റെ ആരംഭകാലം മുതലുള്ള സമുന്നത നേതാവായ കെ.ആര്. ഗൗരിയമ്മയ്ക്ക് എതിരെ അരൂര്‍ മണ്ഡലത്തില്‍നിന്നും മത്സരിച്ച് അദ്ദേഹം പരാജയപ്പെട്ടിരുന്നു. 1996-ല്‍ പത്താം കേരള
നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്നും, കേരള രാഷ്ട്രീയത്തിലെ ഇതിഹാസവും ഏറ്റവും ശക്തനായ കമ്യൂണിസ്റ്റ് നേതാവും ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകവുമായ സഖാവ് വി.എസ്.
അച്യുതാനന്ദനെ 1965 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് വക്കീല്‍ വിജയിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ആ തിരഞ്ഞെടുപ്പില്‍ വി.എ
സ്. അച്യുതാനന്ദന്. അതോടെ പി.ജെ. ഫ്രാന്‍സിസ് ‘ജയന്റ് കില്ലര്‍’ എന്നറിയപ്പെട്ടു.
1957-ല്‍ സ്ഥാപിതമായി 2008-ലെ മണ്ഡല പുനിര്നിര്ണയത്തോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ വലിയ ഇടതുകോട്ടയായ മാരാരിക്കുളം നിയമസഭാ മണ്ഡലത്തിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ അദ്ദേഹമായിരുന്നു.
2001-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡോ. തോമസ് ഐസക്കിനോട് അദ്ദേഹം മാരാരിക്കുളത്തില്നിന്നും പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നും വിടവാങ്ങി.

സാഹിത്യ-ചരിത്രരംഗത്തെ സംഭാവനകള്‍
വി.എസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതോടെ പി.ജെ. ഫ്രാന്‍സിസ് പൊതുമണ്ഡലത്തില്‍ പീന്നീട് അറയപ്പെട്ടത് ഈ വിജയത്തിന്റെ പേരിലായിരുന്നു. എന്നാല്‍, രാഷ്ട്രീയ-പൊതുപ്രവര്‍ത്തനത്തോടൊപ്പം സാഹിത്യരംഗത്തും നിസ്തുല സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പലരും മറന്നു.
രാഷ്ട്രീയ – പൊതുപ്രവര്‍ത്തനരംഗത്ത് എന്നപോലെ സാഹിത്യ-ഭാഷ-ചരിത്രപഠന – ഗവേഷണരംഗങ്ങളിലും അഡ്വ. പി.ജെ. ഫ്രാന്‍സിസ് കനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിഷണറിമാരുടെ സാഹിത്യസേവനങ്ങളെകുറിച്ചും ആലപ്പുഴയുടെ ചരിത്രപാരമ്പര്യത്തെക്കുറിച്ചും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവച്ച മോണ്‍. പോള്‍ അറയ്ക്കലിന്റെ
ജീവിതത്തെക്കുറിച്ചും അദ്ദേഹം ഈടുറ്റതും ആധികാരികവുമായ നാല് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകൃതിയായ ‘പാതിരി മലയാളം -ഒരു പുനര്‍വിചിന്തനം’ എന്ന ഗ്രന്ഥത്തില്‍ മിഷണറിമാരുടെ ഭാഷ – സാഹിത്യ – വ്യാകരണ – നിഘണ്ടു – ഗദ്യരചന – മുദ്രണാലയ – വിദ്യാഭ്യാസ – രംഗങ്ങളിലെ വലിയ സംഭാവനകളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാഷാപഠനം നടത്തുന്നവര്‍ക്ക് ഈ ഗ്രന്ഥം ഏറെ സഹായകമാണ്. എസ്. ഗുപ്തന്‍നായരാണ് ഈ വിശിഷ്ടകൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്.
ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി ഇപ്രകാരമാണ് എഴുതിയത്: ‘അഡ്വ. പി.ജെ. ഫ്രാന്‍സിസിനെ പലരുമെന്നപോലെ ഞാനുമറിയുന്നത് പ്രഗല്ഭനായ ഒരു അഭിഭാഷകനെന്ന നിലയിലാണ്. ഇടതുപക്ഷക്കാരനായ ഒരു കൊലകൊമ്പന്‍ നേതാവിനെ തിരഞ്ഞെടുപ്പു യുദ്ധത്തില്‍ തറപറ്റിച്ച ജനനായകനെന്ന പേരിലാണ്. സ്വാര്ത്ഥരാഹിത്യമായി സേവനം ചെയ്യുന്ന ഒരു സമുദായ സ്നേഹി എന്ന ഖ്യാതിയിലാണ്. എന്നാല്‍ അതുമാത്രമല്ല അദ്ദേഹം. പ്രതിഭാശാലിയായ ഒരെഴുത്തുകാരന്, ഗവേഷണ ബുദ്ധിയായ ഭാഷാ പണ്ഡിതന്, സത്യസന്ധനായ ചരിത്രാന്വേഷി, വിനീതനായ സമുദായാഭിമാനി ഇങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ നാനാമുഖിയായ സിദ്ധിവിശേഷങ്ങള്‍’.
ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളെയും മത്തേവൂസ് പാതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസിനെയും മിഷണറിമാരുടെ നിഘണ്ടു – വ്യാകരണ രചനകളെയും ക്ലെമന്റ് പിയാനീസ് പാതിരിയുടെ സംക്ഷേപവേദാര്ത്ഥത്തേയുംഅര്ണ്ണോസ് പാതിരിയുടെയും പൗളിനോസ് പാതിരിയുടെയും മഹ
ത്തായ സാഹിത്യസേവനങ്ങളെയും പാറേമ്മാക്കല്‍ തോമ ഗോവര്‍ണദോറിന്റെ വര്‍ത്തമാന പുസ്തകത്തെയും മിഷണറിമാര്‍ കേരളത്തില്‍ ആരംഭിച്ച മുദ്രണത്തെയും ചവിട്ടനാടകത്തെയും കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പി.ജെ, ഫ്രാന്‍സിസിന്റെ രണ്ടാമത്തെ ഗ്രന്ഥമാണ് ആലപ്പുഴ ജില്ലയുടെ സമഗ്രമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘ആലപ്പുഴ ജില്ലയുടെ ചരിത്രസ്മരണകള്‍’ എന്ന ആധികാരിക കൃതി. ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട ആദ്യ ചേരരാജ്യത്തിന്റെയും സംഘകാലത്തിന്റെയും ബുദ്ധമത പാരമ്പര്യത്തിന്റെയും രണ്ടാം ചേര സാമ്രാജ്യത്തിന്റെയും ജില്ലാ പരിധിയിലെ പുരാതന നാട്ടുരാജ്യങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ആലപ്പുഴയിലെ പുരാതന പ്രാധാന്യമുള്ള പുറക്കാട് – അമ്പലപ്പുഴയുടെയും കായംകുളത്തിന്റെയും കരപ്പുറത്തിന്റെയും ആലപ്പുഴ പട്ടണത്തിന്റെയും ചരിത്രപശ്ചാത്തലം വിവരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ജില്ലയിലെ സാംസ്കാരിക പൈതൃകത്തെയും സാമൂഹിക പരിഷ്കര്‍ത്താക്കളെയും ആദ്യകാല രാഷ്ട്രീയ മുന്നേറ്റങ്ങളെയും ട്രേഡ് യൂണിയനുകളെയും ജില്ലയുടെ സ്ഥാപനത്തിന്റെ ചരിത്രവും വിശദമാക്കുന്നു. ആലപ്പുഴ ജില്ലയെ കുറിച്ചുള്ള ആധികാരിക പഠനഗ്രന്ഥമാണിത്.
അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗ്രന്ഥമാണ് ദരിദ്രരും ചൂഷിതരുമായ മത്സ്യത്തൊഴിലാളികള്‍ക്കായി ജീവിതം അര്‍പ്പിച്ച പുരോഹിതശ്രേഷ്ഠനായ ‘ഫാ. പോള്‍ അറയ്ക്കല്‍ – മീന്‍ പിടുത്തക്കാരുടെ ഉത്ഥാപകന്’ എന്ന കൃതി. ഈ ഗ്രന്ഥത്തില്‍ ചൂഷിതരും അസംഘടിതരുമായ മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ഉന്നതിക്കും അവകാശങ്ങള്‍ക്കും വേണ്ടി
ഫാ. പോള്‍ അറയ്ക്കലിന്റെ ശക്തമായ നേതൃത്വത്തില്‍ നടന്ന ധീരമായ പോരാട്ടങ്ങളെയും ഇടപെടലുകളെയും അദ്ദേഹം ആരംഭിച്ച കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയന്റെയും ലത്തീന്‍ കത്തോലിക്ക മത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും
പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പി.ജെ. ഫ്രാന്‍സിസിന്റെ നാലാമത്തെ ഗ്രന്ഥമാണ് ആലപ്പുഴ പട്ടണത്തിന്റെ സമഗ്രവും ആധികാരികവുമായ, ചരിത്രമായ ‘ആലപ്പുഴ – കിഴക്കിന്റെ വെനീസ്’ എന്ന കൃതി.
ഈ ഗ്രന്ഥത്തില്‍ ആലപ്പുഴ പട്ടണത്തിന്റെ പുരാതന ചരിത്രവും പട്ടണത്തിന്റെ സ്ഥാപന ചരിത്രവും സ്ഥാപകനായ വലിയ ദിവാന്‍ജി രാജാകേശവദാസനെയും വാണിജ്യപ്രാധാന്യവും ഇവിടുത്തെ കപ്പല്ത്തുറയേയും കടല്‍പ്പാലത്തെയും ദീപസ്തംഭത്തെയും സിഗ്നല്‍ സ്റ്റേഷനേയും പാലങ്ങളെയും വാസ്തുശില്പങ്ങളെയും മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലിലെ എ.ടി. ജോണിന്റെ വിഖ്യാതമായ തിരുവത്താഴ ചിത്രത്തെക്കുറിച്ചും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ പട്ടണത്തിന്റെ പുരാതന ചരിത്രവും നവീനകാലവും അടുത്തറിയുവാന്‍ ഈ ഗ്രന്ഥം സഹായകമാണ്. കേരള – രാഷ്ട്രീയ – സാമൂഹിക -സാംസ്കാരിക – ഭാഷാപഠന – ചരിത്രഗവേഷണ – മേഖലകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള അഡ്വ. പി.ജെ. ഫ്രാന്‍സിസിന്റെ സ്മരണകള്‍ക്ക് പ്രണാമം.