ഹൈദരാബാദ്: തെലങ്കാനയിൽ സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 34 ആയി.മരണസംഖ്യ ഇനിയും ഉയരും എന്നാണ് വിവരം .
27 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. മരണസംഖ്യ പിന്നീട് ഉയരുകയായിരുന്നു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും ഫയർഫോഴ്സിനും പുറമേ, ദേശീയ ദുരന്ത നിവാരണ സേന , സംസ്ഥാന ദുരന്ത നിവാരണ സേന യൂണിറ്റുകളും രണ്ട് അഗ്നിശമന റോബോട്ടുകളും രക്ഷാപ്രവർത്തനത്തിനുണ്ട്.