കോട്ടപ്പുറം : കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമസിൻ്റെ തിരുനാളിനും കോട്ടപ്പുറം മാർക്കറ്റിലെ മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ നാളെ (ജൂലൈ ഒന്ന് ) വൈകീട്ട് 5.30 ന് കൊടികയറും. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ മുഖ്യകാർമ്മികനാകും. കടക്കര ഉണ്ണിമിശിഹ പള്ളി വികാരി ഫാ. മിഥുൻ മെൻ്റസ് പ്രസംഗിക്കും.
രണ്ടിന് വൈകീട്ട് 5.30 ന് ദിവ്യബലി ക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപത ഫിനാൻഷ്യൽ അഡ്മിസ്ട്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി പ്രസംഗിക്കും.
ജൂലൈ മൂന്നിന് വൈകീട്ട് 4.30ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മാർക്കറ്റിലെ സെൻ്റ് തോമസ് കപ്പേളയിലേക്ക് നടക്കുന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരക്കും. തുടർന്ന് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. രൂപത വാർഷിക പദ്ധതിയുടെയും ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെ പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടക്കും. തുടർന്ന് ഊട്ടുനേർച്ചയുമുണ്ടാകും.