ന്യൂഡൽഹി: കാബിനിൽ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.
വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു .
യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയിൽ തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. എഐ 639 വിമാനം ഇന്നലെ രാത്രി 11:50നാണ് പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിൽ എഴുതി . രാത്രി 12:47നാണ് വിമാനം നിലത്തിറക്കിയത് .
കഴിഞ്ഞ ദിവസം ചിറകിൽ വൈക്കോൽ കുടുങ്ങിയതിനെ തുടർന്ന് മുംബൈയിൽനിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.