തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനിമുതൽ ഓഫീസിൽ ഇരുന്നുളള ജോലി ആരോഗ്യപ്രശ്നമുളളവർക്ക് മാത്രമായിരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു . ഹൃദയാഘാതവും അർബുദവുമൊക്കെ വന്നവരെ ഡോക്ടർമാരുടെ നിർദേശപ്രകാരം ക്ലെറിക്കൽ ജോലികളിൽ നിയമിക്കും. പരമാവധി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും റൂട്ടിലിറക്കാനാണ് ശ്രമം.
ജീവനക്കാർക്കെതിരെയുളള കേസുകൾ അവസാനിപ്പിക്കാൻ അദാലത്ത് സംഘടിപ്പിക്കും – ഗണേഷ് കുമാർ പറഞ്ഞു. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരിൽ. 26 മുതൽ തുടർച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.’-മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്-മന്ത്രി പറഞ്ഞു .
കെഎസ്ആർടിസി ചലോ ആപ്പ് ഉടൻ പുറത്തിറക്കും . രണ്ടാഴ്ച്ചയ്ക്കുളളിൽ ആപ്പ് വരും. മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. ആറ് ഭാഷയിൽ ആപ്പ് ഉപയോഗിക്കാം. ആപ്പിന്റെ രൂപകൽപ്പന കാഴ്ച്ച പരിമിതിയുളളവർക്കും ഉപയോഗിക്കാൻ കഴിയുംവിധമായിരിക്കും .ചലോ ആപ്പിലൂടെ ബസുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനും ട്രാക്ക് ചെയ്യാനും കഴിയും. സ്റ്റുഡന്റ് കൺസഷൻ കാർഡ് സംബന്ധിച്ചും തീരുമാനമായി. പേപ്പർ കാർഡിനു പകരം പുതിയ കാർഡ് ഇറക്കും . കാർഡിന് സർവീസ് ചാർജായ 109 രൂപയും നൽകേണ്ടതില്ല. ഒരു മാസം 25 ദിവസം യാത്ര ചെയ്യാനാകും.
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡുകൾ വൻ വിജയമാണെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു. ഒരുലക്ഷം കാർഡുകൾ പുറത്തിറക്കിയെന്നും അതിൽ എൺപതിനായിരം കാർഡുകൾ വിറ്റുപോയെന്നും മന്ത്രി പറഞ്ഞു. ബസ് ഷെഡ്യൂൾ സോഫ്റ്റ് വെയർ വരുന്നുണ്ടെന്നും ‘ഇ സുതാര്യ സോഫ്റ്റ് വെയർ’ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ബസ് സർവീസുകൾ ക്രമീകരിക്കുന്നതിനായാണ് പുതിയ സോഫ്റ്റ് വെയർ.