തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വനം വകുപ്പ് .കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതലുണ്ടായ വില്ലേജുകളിൽ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നും വകുപ്പ് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചു .
1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിക്ക് വീണ്ടും കത്തയച്ചു.മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായാണ് ഈ നീക്കം .
ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ അധികാരങ്ങൾ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി കത്തിലൂടെ ആവർത്തിച്ചത്.