യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു ലോകത്തിലെ ഏറ്റവും ഉയർന്ന IQ ഉള്ള വ്യക്തി. മനുഷ്യബുദ്ധിയുടെ അളവുകോലായ IQ അഥവാ Intelligence Quotient ലോകത്ത് ഏറ്റവും അധികമുള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞനായ യങ്ഹൂൺ കിം പങ്കുവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. “ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റെക്കോർഡ് ഉടമ എന്ന നിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു”- എന്നായിരിന്നു ജൂൺ 17 ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റ്.
2024 ലെ കണക്കനുസരിച്ച്, ഡോ. യങ്ഹൂൺ കിം “ദി വേൾഡ്സ് ഹൈസ്റ്റ് ഐ.ക്യു പേഴ്സൺ നൗ” എന്ന ലോക റെക്കോർഡ് നേടി. ഔദ്യോഗിക വേൾഡ് റെക്കോർഡ്, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പുകൾ, ഗിന്നസ് വേൾഡ് റെക്കോർഡുമായി ഔദ്യോഗിക പങ്കാളിത്തമുള്ള വേൾഡ് മൈൻഡ് സ്പോർട്സ് കൗൺസിൽ എന്നിവ നടത്തിയ ടെസ്റ്റിൽ ഐക്യു 276 നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള വ്യക്തിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. കൂടാതെ ദക്ഷിണ കൊറിയ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള അരിരാങ് ടിവി ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള ഒരു ദക്ഷിണ കൊറിയക്കാരനായി അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.