കൊച്ചി: മഴയും കാറ്റും ശക്തമായതോടെ കടലാക്രമണം കൊണ്ട് പൊരുതി മുട്ടിയ കണ്ണമാലി നിവാസികൾക്ക് ദുരിത ദിനങ്ങൾ അവസാനിച്ചിട്ടില്ല. ഇന്നലെ മുതൽ ശക്തമായ തിരയിൽ പാറ ഒലിച്ചു പോയ തീരപ്രദേശത്തു കൂടി ശക്തമായി കടൽ വെള്ളം വീടുകളിലേക്ക് അടിച്ചു കയറുകയാണ്.
വേറെ ഒരിടവും പോകാൻ ഇല്ലാത്ത അനേകം കുടുംബങ്ങൾ കടൽ വെള്ളത്തിൽ ഉറക്കവും പട്ടിണിയും പലവിധ രോഗങ്ങളാലും വലയുകയാണ്. കടൽ ഭിത്തി പൂർണമായും നശിച്ച ചെറിയക്കടവ് ഭാഗത്തു 4 വീടുകൾ പൂർണമായി തകർന്നു.
ഭരണകർത്താക്കളുടെ നിസ്സംഗത ഒന്ന് മാത്രമാണ് ഇത്രയധികം ജനങ്ങളുടെ ജീവിതം നരകപൂർണ്ണം ആക്കുന്നത്. കടൽ ഭിത്തിക്ക് പകരം തകർന്ന വീടുകൾ ആണ് താത്കാലിക തട. അത് കഴിഞ്ഞാൽ അടുത്ത നിരയിലുള്ള വീടുകൾ. തീരം നശിച്ചു കൊണ്ടിരിക്കുന്നു, കടൽ ഭിത്തിക്ക് ഫണ്ട് ആകുമ്പോൾ അത് കുമ്പളങ്ങി, പെരുമ്പടപ്പ് ഭാഗങ്ങളിൽ ഇടാം.
ഒരു ജനത മുഴുവൻ നരക യാതന അനുഭവിക്കുമ്പോൾ ഭരണകർത്താക്കൾ ഇതൊന്നും കാണാതെ കൂർക്കം വലിച്ചു ഉറങ്ങുകയാണ്. ഇവരുടെ ഈ നിസ്സംഗതയ്ക്കു ആണ് ഇരമ്പി ആർക്കുന്ന തിരമാലകളെക്കാൾ ഭീകരത.