തിരുവനന്തപുരം: 52 നാൾ നീളുന്ന ട്രോളിങ്നിരോധനം ഇന്ന് മുതൽ ആരംഭിക്കും . ജൂലൈ 31ന് അർധരാത്രി വരെയാണ് നിരോധനം നിലനിൽക്കുക . പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ല.
ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചു . വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കരിയർ വള്ളങ്ങൾ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്.
നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടിയുണ്ടാകും . ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ബങ്കുകളുടെ പ്രവർത്തനവും ഇന്നു മുതൽ നിലയ്ക്കും. തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.
കേരള തീരം വിടണമെന്ന നിർദേശത്തെ തുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തുനിന്ന് മടങ്ങുകയാണ് .ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽക്കൃത മീൻപിടിത്തത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവുണ്ട് .