കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് 110 വിദ്യാർത്ഥികളുടെ ബിരുദദാനവും 140 വിദ്യാർത്ഥികളുടെ ദീപ പ്രകാശനവും നടത്തി.
കേരള നേഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫസർ ഡോ. സോനാ പി.എസ്. ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് മികച്ച നഴ്സിംഗ് പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ ലൂർദ് കോളജ് ഓഫ് നേഴ്സിംഗും ലൂർദ് ആശുപത്രിയും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നഴ്സിംഗ് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ജോലിയിൽ പ്രവേശിച്ച് സ്വയംപര്യാപ്തതയും സാമ്പത്തിക ഭദ്രതയും നേടണമെന്നും ഡോ. സോനാ പി.എസ് പറഞ്ഞു.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ റുഫീന എട്ടുരു ത്തിൽ, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റെയിച്ചൽ തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസി എ മാത്യു, ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം കിംസ് ആശുപത്രി നഴ്സിംഗ് അസിസ്റ്റൻറ് ജനറൽ മാനേജരുമായ ജോസ്നാ മോൾ ജോർജ്ജ്, മുൻ പിടിഎ ഭാരവാഹിയും ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ ജേക്കബ് തളിയൻ, എന്നിവർ സംസാരിച്ചു.
ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഗോൾഡിൻ പീറ്റർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.