ഷാജി ജോര്‍ജ്
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ചേര്‍ന്ന് ലഘു വിജ്ഞാന കോശങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നൊരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ആ പദ്ധതി പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള ‘സമൂഹശാസ്ത്രചിന്തകര്’ മനോഹരമായ ഒരു ഗ്രന്ഥമാണ്.
പ്രാദേശികഭാഷകള്‍ വിജ്ഞാനഭാഷകളായി മാറുമ്പോള്‍ മാത്രമേ അറിവിന്റെ രൂപീകരണവും വിതരണവും ആഴപ്പെടുകയുള്ളൂ. മാതൃഭാഷയിലൂടെ ഒരു വിജ്ഞാനസമൂഹത്തെ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഗവേഷണസ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത്. 2012-ല്‍ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും മാതൃഭാഷയിലൂടെയുള്ള അറിവുല്‍പാദനത്തിനും പ്രചാരണത്തിനും നേതൃത്വം നല്കുന്ന കേരളത്തിലെ മുന്‍നിരസ്ഥാപനങ്ങളില്‍ ഒന്നാണ്.
മലയാളത്തില്‍ എല്ലാ മേഖലയിലുമുള്ള വിജ്ഞാനം ഉല്പാദിപ്പിക്കുകയും മറ്റ് ഭാഷകളില്‍ ലഭ്യമായ വിജ്ഞാനത്തെ മലയാളത്തില്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മേല്പറഞ്ഞ സ്ഥാപനങ്ങള്‍ അവയുടെ ലക്ഷ്യം സാക്ഷാല്ക്കരിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ലഘു വിജ്ഞാനകോശത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമൂഹശാസ്ത്രചിന്തകരെ ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വളരെ ശ്രദ്ധാപൂര്‍വമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എഡിറ്ററായി പ്രവര്‍ത്തിച്ച മലയാളം സര്‍വകലാശാലയിലെ സോഷ്യോളജി സ്കൂള്‍ ഡയറക്ടര്‍ ഡോ. കെ എസ് ഹക്കീം പറയുന്നു. അദ്ദേഹം പറയുന്നു: സമൂഹശാസ്ത്രപഠനമേഖലയിലും അനുബന്ധവിഷയങ്ങളിലും ഗണ്യമായ സംഭാവനകള്‍ നല്കിയവരില് നിന്ന് അറുപത്തിയെട്ട് ചിന്തകരെ മാത്രമേ ഈ വാല്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്നവരും മാനവികവിഷയങ്ങളുടെ പാഠ്യ പദ്ധതികളില്‍ പരാമര്ശിക്കപ്പെടുന്നവരുമായ ചിന്തകര്‍ക്ക് പരിഗണന നല്കുവാന് ശ്രദ്ധിച്ചിട്ടുണ്ട്. സാമാന്യമായി കണ്ടുവരുന്ന യൂറോകേന്ദ്രിതമായ ഒരു തിരഞ്ഞെടുപ്പുരീതി പൂര്‍ണ്ണമായി ഒഴിവാക്കുക എന്നതായിരുന്നു മറ്റൊരു മാനദണ്ഡം. ഇന്ത്യയിലെയും കേരളത്തിലെയും യൂറോപ്പിതര രാഷ്ട്രങ്ങളിലെയും ചിന്തകരെ വായനക്കാര്‍ക്ക് പരിചയപ്പെടാനുള്ള അവസരം നല്‍കുക എന്ന രാഷ്ട്രീയകാഴ്ചപ്പാടുകൂടി ഉള്‍ക്കൊള്ളാന്‍ ഈ വാല്യത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. സ്ത്രീപക്ഷചിന്തകര്ക്കും സ്ത്രീചിന്തകര്ക്കും മുന്‍ഗണന നല്‍കുകയെന്നതും ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയങ്ങളിലൊന്നാണ്.
സമൂഹശാസ്ത്രം, ചരിത്രം, രാഷ്ട്രീയശാസ്ത്രം, സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം, സാഹിത്യം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ പ്രാഗല്ഭ്യമുള്ള ഗവേഷകരും അധ്യാപകരുമാണ് ഈ വാല്യത്തിലേക്ക് ലേഖനങ്ങള്‍ എഴുതി നല്‍കിയിട്ടുള്ളത്. അവരില്‍ കുറേയേറെപേര്‍ കേരളത്തിനുപുറത്ത് ഗവേഷണപ്രവര്ത്തനത്തിലേര്പ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ഇതില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട അന്തര്വൈജ്ഞാനികസ്വഭാവം ഈ വിജ്ഞാനകോശത്തിന്റെ വായന വ്യത്യസ്തതയുള്ളതാക്കി മാറ്റും.
സമൂഹശാസ്ത്ര ചിന്തകര്‍ എന്ന ലഘുവിജ്ഞാനകോശത്തില് 68 ശീര്‍ഷകങ്ങളാണുള്ളത്. അഗസ്തെ കോംതെ, അന്തോണിയോ ഗ്രാംഷി, അലക്സാന്ദ്ര കൊല്ലന്തായ്, എം.എന്‍. ശ്രീനിവാസ്, കാള്‍ മാര്‍ക്സ്, ക്ലിഫോര്‍ഡ് ഗിയേര്‍ട്സ്, ഗെയില്‍ ഓംവേദ്, ജൂലിയറ്റ് മിച്ചല്‍, ജൂഡിത്ത് ബട്ലര്, ഭീംറാവു റാംജി അംബേദ്കര്‍, മാക്സ് വെബെര്‍, രണജിത് ഗുഹ,ലൂയി അല്‍ത്തൂസര്‍, ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍, ഴാക് ലക്കാന്‍, ഴോണ്‍ ഫോണ്സ്വ ലിയോട്ട തുടങ്ങിയ ചിന്തകര്‍ ഈ ലഘുവിജ്ഞാനകോശത്തില് പഠിക്കപ്പെടുന്നു.
വ്യക്തിവിവരങ്ങള്‍, അവര്‍ അവതരിപ്പിച്ച സിദ്ധാന്തങ്ങള്‍, പുസ്തകങ്ങള്‍ എന്നീ ഘടകങ്ങളില്‍ ഊന്നികൊണ്ടാണ് പുസ്തകത്തിലെ ഓരോ പ്രബന്ധവും രചിക്കപ്പെട്ടിട്ടുള്ളത്. സാമൂഹ്യശാസ്ത്ര വിജ്ഞാന ശാഖയായ സോഷ്യോളജിയുടെ പിതാവായി കണക്കാക്കപ്പെടുന്ന അഗസ്തെ കോംതെയിലാണ് പുസ്തകം ആരംഭിക്കുന്നത്.
പുസ്തകത്തിലുള്ള മലയാളികളില്‍ ഒരാള്‍ പ്രമുഖ സമൂഹ നരവംശ ശാസ്ത്രജ്ഞനായ അയിനാപ്പള്ളി അയ്യപ്പനാണ്.ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞനായ ബ്രാണിസ്ലാവ് മലിനോവ്സ്കിയുടെ വിഖ്യാതഗ്രന്ഥ മായ ആര്ഗോനോട്സ് ഒഫ് ദ് വെസ്റ്റേണ്‍ പസിഫിക് എന്ന ഗ്രന്ഥത്തിന് നിരൂപണം എഴുതിയതിലൂടെ മലി നോവ്സ്കിയുമായി വ്യക്തിബന്ധം സ്ഥാപിക്കുവാന്‍ അയ്യപ്പന് കഴിഞ്ഞു. പിന്നീട് മലിനോവസ്കിയുടെ ക്ഷണപ്രകാരം ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമി ക്സില്‍ പിഎച്ച്.ഡി. പ്രോഗ്രാമിന് ചേരുകയും ഗവേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നും പിഎച്ച്. ഡി. കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് അയ്യപ്പന്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധമായ ‘ഈഴവാസ് ആന്‍ഡ് കള്‍ചറല്‍ ചേഞ്ചസ്’ എന്ന പഠനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളീയ സാമൂഹ്യ ഘടനയില്‍ അരികുവല്‍ക്കരിക്കപ്പെട്ട ഈഴവ സമുദായത്തിന്റെ ഉന്നമനത്തില്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന നവോത്ഥാനപ്രവര്‍ത്തനങ്ങളാണ് തന്റെഗവേഷണ പ്രബന്ധത്തില്‍ അയ്യപ്പന് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
1937ല്‍ പി എച്ച്. ഡി. പൂര്‍ത്തിയാക്കിയ അയ്യപ്പന് ഇന്ത്യയില്‍ തിരിച്ചെത്തി.
കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കിര്‍ത്താട്സ് (Kerala Institute for Research Training & Development Studies of Sched-uled Castes and Scheduled Tribes) ഗവേഷണ സ്ഥാപനം ആരംഭിക്കുന്നതില്‍ അയ്യപ്പന് പ്രധാന പങ്കുണ്ട്. 1972-ല്‍ തിരുവനന്തപുരത്ത് രൂപംകൊണ്ട് സി ഡി എ (Centre for Developmental Studies) ആദ്യ ചെയര്മാന് സ്ഥാനം അയ്യപ്പനെ തേടിയെത്തി. ഏഷ്യയിലെ തന്നെ മികച്ച സാമ്പത്തികശാസ്ത്ര ഗവേഷണസ്ഥാപനമായി കരുതപ്പെടുന്ന സി ഡി എസ്സിന്റെ നയരൂപീകരണത്തില്‍ കെ.എന്‍. രാജി നൊപ്പം അയ്യപ്പനും നിര്‍ണ്ണായക പങ്കുവഹിച്ചു. അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് അക്കാദമി അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് അദ്ദേഹം. 1988 ജൂണ്‍ 28ന് അതിനാപ്പള്ളി അയ്യപ്പന് അന്തരിച്ചു.
ആഴത്തിലുളള പഠനങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ഗ്രന്ഥമാണ് സമൂഹ ശാസ്ത്രചിന്തകര്.