തിരുവനന്തപുരം: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈൻ വഴിയാക്കും . ജൂലൈ ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക. അടുത്ത മാസം ഒന്നു മുതൽ നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷന്റെ പദ്ധതി .
ക്യൂ ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് അയക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നൽകും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.