കൊച്ചി : രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും മുഴുവന്‍ പൗരന്മാരുടെയും സമഗ്രവും സന്തുലിതവുമായ വികസനത്തിനുള്ള പദ്ധതികള്‍ ശാസ്ത്രീയമായി രൂപപ്പെടുത്തുന്നതിന് സഹായകരവുമാകുന്ന ജാതി – സാമുദായിക സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നു കെ. ആര്.എല്‍. സി. സി. രാഷ്ട്രീയ കാര്യസമിതി കണ്‍വീനറും വൈസ് പ്രസിഡണ്ടുമായ ജോസഫ് ജൂഡും ജോയിന്റ് കണ്‍വീനറും കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. ഷെറി ജെ. തോമസും അഭിപ്രായപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ. മുന്നണിയും അതിനു നേതൃത്വം നല്കുന്ന ബി.ജെ.പി. യും പ്രതിപക്ഷത്തുള്ള ഇന്ത്യാ മുന്നണിയും പ്രധാന കക്ഷികളായ കോണ്‍ഗ്രസ്സും സി.പി.എം. ഉം ജാതി സെന്‍സസിനെ അംഗീകരിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഇന്ത്യയിലെ അധികാരം, സമ്പത്ത്, പദവി എന്നിവ സഹസ്രാബ്ദങ്ങളായി വരേണ്യ വിഭാഗങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയായിരുന്നു. പിന്നാക്ക വിഭാഗങള്‍ക്ക് പൊതുവഴിയിലൂടെ പോലും സഞ്ചരിക്കാന്‍ അവകാശമില്ലാതിരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എല്ലാ പൗരന്മാര്ക്കും നീതിയും അവസരസമത്വവും ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. തദനുസരണം ചരിത്രപരമായ നഷ്ടപരിഹാരം എന്നുള്ള നിലയില്‍ ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ വികസനത്തിനായിട്ടാണ് ഭരണഘടനാനുസൃതം സാമുദായിക സംവരണം നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. ഇതിനെതിരെയും ഉന്നയിക്കപ്പെടുന്ന വ്യാജമായ ആരോപണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല.
ജനസംഖ്യയില്‍ ഏതാണ്ട് നാലിലൊന്നു വരുന്ന പട്ടികവിഭാഗങ്ങളുടെ ജാതി സെന്‍സസ് 1951 ലെ ആദ്യ സെന്‍സസ് മുതല്‍ ഇന്നുവരെ നടന്ന എല്ലാ കനേഷ്മാരിയാലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ ഡാറ്റ ഉപയോഗിപ്പെടുത്തി പട്ടിക വിഭാഗങ്ങളുടെ ഉത്തമനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കാനും ബജറ്റില്‍ വിഹിതം ഉള്‍പ്പെടുത്താനും സാധിക്കുന്നുണ്ട്. 1951 മുതല്‍ തുടന്ന ജാതി സെന്‍സസ് സമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുമെന്ന വാദം വ്യര്‍ത്ഥമാണെന്നു തെളിയുന്നു. അതുപോലെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ മാത്രമല്ല മുന്നാക്ക വിഭാഗങ്ങളുടെ കൂടി നിജസ്ഥിതി മനസ്സിലാക്കി എല്ലാവരുടെയും സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ രൂപപ്പെടുത്താല്‍ സാമുദായിക സെന്‍സസ് വഴി ലഭിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ഉപയോഗപ്പെടുത്തി സാധിക്കാം.
കേരള സംസ്ഥാനത്തിലും ഇന്ത്യ പൊതുവിലുമുള്ള അധികാരത്തിലും ഉദ്യോഗത്തിലും വിവിധ സാമൂഹിക വിഭാഗങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ള യഥാര്‍ത്ഥ സ്ഥിതി വിലയിരുത്തേണ്ട സാഹചര്യത്തില്‍ ജാതി, സാമുദായിക സെന്‍സസ്സ് അനിവര്യമാണെന്നു കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട അധികാര പങ്കാളിത്തം, ജനായത്ത പ്രാതിനിധ്യം, വികസന വിഹിതം, സാമൂഹികനീതി എന്നിവയുടെ നിജസ്ഥിതി വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുള്ള അടിസഥാന രേഖയാണ് ജാതി – സാമുദായിക സെന്‍സസ് ഡാറ്റ. അധികാര ശ്രേണിയുടെ സര്‍വ്വ തലങ്ങളിലും മഹാഭൂരിപക്ഷവും കൈവശം വച്ചിരിക്കുന്ന ചില സമൂഹങ്ങളുടെ ജാതി സെന്‍സസ്സിനെതിരെയുള്ള നിലപാട് നീതിയല്ല എന്ന് കെആര്‍എല്‍സിസി അഭിപ്രായപ്പെട്ടു.
ജാതി തിരിച്ചുള്ള കണക്കെടുപ്പു മാത്രമല്ല, ഇന്ത്യയിലെ സാമൂഹീക വിഭാഗങ്ങളുടെ സാമൂഹീക സാമ്പത്തിക നിജസ്ഥിതി പരിശോധിക്കുകയാണ് ജാതി സെന്‍സസ്സിലൂടെ. ദേശീയ സമ്പത്തിന്റെയും വികസനത്തിന്റെ അവസരങ്ങളുടെയും നീതിപൂര്‍വ്വമായ വിതരണത്തിന് ഈ വിവരങ്ങള്‍ അനിവാര്യമാണ്. ഒ.ബി.സി. വിഭാഗത്തെ സംബന്ധിച് 1931 ല്‍ നടത്തിയ കണക്കെടുപ്പിലെ വിവരങ്ങള്‍ ഇപ്പോഴും ആശ്രയിക്കുന്നത് അന്യായമെന്നത് ബീഹാര്‍, കര്‍ണ്ണാടക, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസിലൂടെ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്