ആലപ്പുഴ : കേരളാ ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ 12 മത് സംസ്ഥാന ജനറൽ കൗൺസിൽ ആലപ്പുഴ കർമസദൻ, എ ഡി എസ് ഹാളിൽ നടന്നു. വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രസിഡന്റ് ഷേർലി സ്റ്റാൻലി അധ്യക്ഷത വഹിച്ചു .
സ്ത്രീകളുടെ സർഗാത്മകവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കണമെങ്കിൽ സ്ത്രീസമൂഹം തന്നെ മുന്നോട്ടുവരണമെന്നും, കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള വനിതകളുടെ കൂടിവരവ് പ്രത്യാശയുളവാക്കുന്നുവെന്നും ബിഷപ്പ് ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു. ഭരണ നിർവഹണത്തിൽ അർഹമായ പ്രാതിനിധ്യമുറപ്പിക്കുക എന്നതിന് ഈ അസംബ്ലി പ്രേരകമാകട്ടെ എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.
കേരള ഗവൺമെന്റ് കിഫ്ബി അഡീഷണൽ ചിഫ് എക്സിക്യൂട്ടിവ് ഓഫിസർ മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പെട്ട വനിതകളുടെ നേട്ടവും കഴിവും നേതൃത്വവും വാഴ്ത്തപ്പെടുന്നതിനുമപ്പുറം രാജ്യത്തും സഭയിലും സമുദായത്തിലും വ്യാപകമായ സ്ത്രീ മുന്നേറ്റം അടയാളപ്പെടുത്തുന്നതിനു വനിതകളുടെ കൂടിചേരൽ പ്രേരണയാകണമെന്നു മുഖ്യപ്രഭാഷണത്തിൽ പരാമർശിക്കപ്പെട്ടു. സംസ്ഥാന സമിതിയുടെ പുതിയ ഡിറക്ടറി ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ പ്രകാശനം ചെയ്തു.
ആലപ്പുഴ രൂപത വികാരി ജനറൽ മോൺ ജോയ് പുത്തൻവീട്ടിൽ, കെ. ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ്ജ് അറക്കത്തറ, സംസ്ഥാന സ്പിരിച്ചുൽ ഡയറക്ടർ ഡോ. ജോസി കണ്ടനാട്ടുതറ, കെ.ആർ.എൽ.സി. ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ബെന്നി പൂതറയിൽ, ബിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ, വിമൺസ് കമ്മീഷൻ സെക്രട്ടറി സി. നിരഞ്ജന, സ്റ്റേറ്റ് ജനറൽ സെക്രട്ടറി മെറ്റിൽഡാ മൈക്കിൾ, ട്രഷറർ റാണി പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് വൽസലാ ജോയി, ആലപ്പുഴ രൂപതാ ഡയറക്ടർ സിസ്റ്റർ അമ്പി ലിയോൺ രൂപതാ പ്രസിഡന്റ് സോഫി രാജു എന്നിവർ പ്രസംഗിച്ചു. 12 രൂപതകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അവതരിപ്പിച്ചു . ചർച്ചകളിലൂടെ വാർഷിക പ്രവർത്തനം രൂപീകരിച്ചു .