മുനമ്പം: മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതി പീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം – കടപ്പുറം വേളാങ്കണ്ണിമാത പാരിഷ് ഹാളിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് .
മുനമ്പത്തെ ജനതക്ക് നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻനായർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു . ഇനി മുനമ്പത്തെ ഭൂമി വഖഫിൻ്റെ ആസ്തി വിവര പട്ടികയിൽ നിന്ന് മാറ്റി നീതി നടപ്പാക്കാനുള്ള സത്വര നടപടികളാണ് ഉണ്ടാകേണ്ടത്. അത് നടപ്പാകും വരെ സമാധാന വഴികളിലൂടെ പോരാട്ടം തുടരുമെന്നും ബിഷപ്പ് പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറിഡോ. ജിജു അറക്കത്തറ, വരാപ്പുഴ അതിരൂപത പ്രതിനിധി ഫാ. ഡെന്നി പെരിങ്ങാട്ട്, കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ.ഷെറി ജെ. തോമസ് , കുടുംബി സേവാ സമാജം സംസ്ഥാന പ്രസിഡൻ്റ് ശ്യാംകുമാർ, കെഎൽസിഡബ്ല്യുഎ സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരിയും ഭൂസംരക്ഷണസമിതിയുടെ വക്താവുമായ ഫാ. ആന്റണി സേവ്യർ തറയിൽ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും കൂടുതൽ ദിനം സമരമിരുന്ന അംബ്രോസ് വർഗ്ഗീസ് ഇട്ടിത്തറ, സമരത്തിൻ്റെ പോസ്റ്ററുകൾ രൂപകല്പന ചെയ്ത ഭിന്നശേഷിക്കാരനായ അമ്പാടി ഷിബു കൈതക്കാട്ട് എന്നിവരെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആദരിച്ചു.
വൈദീകരും സന്യസ്തരുമടക്കം കെആർഎൽസിസിയിൽ നിന്നും വരാപ്പുഴ, കോട്ടപ്പുറം, കൊച്ചി രൂപതകളിൽ നിന്നും കെഎൽസിഎ , കെഎൽസിഡബ്ല്യുഎ , കെസിവൈഎം , സിഎസ്എസ്, കെഎൽഎം, സിഎൽസി തുടങ്ങിയ വിവിധ സംഘടനകളിൽ നിന്നും ഭൂസംരക്ഷണ സമിതിയിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു.