തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പുതിയ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസിനെ നിയമിച്ചു. ഇതു സംബന്ധിച്ച മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസ് തീരുമാനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.
നിലവിലെ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് 75 വയസ് പൂർത്തിയായതിനെ തുടർന്ന് വിരമിച്ച ഒഴിവിലാണ് പുതയി നിയമനം. പുതിയ ബിഷപ് ചുമതല ഏൽക്കുന്നതുവരെ മാർ ഇഗ്നാത്തിയോസിനെ അഡ്മിനിസ്ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി.
പൗരസ്ത്യ സഭകൾക്കായുള്ള കാനോൻ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഇന്ന് വൈകുന്നേരം സഭാ കേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് പ്രഖ്യാപനം നടന്നത്.
ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപതയിലെ കൊല്ലം, പുത്തൂർ ഇടവകയിൽ മനക്കരകാവിൽ കെ. ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്.