കൊച്ചി :കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും നിർണ്ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാൻ ലത്തീൻ കത്തോലിക്ക സമൂഹം സജ്ജമാണെന്ന് ലത്തീൻ കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ വ്യക്തമാക്കി.
സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആർഎൽസിസി യുടെ 24ാം സ്ഥാപിതദിനഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സാഹചര്യങ്ങളിൽ ലത്തീൻ കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിലയിരുത്തി ജനങ്ങളെ ശക്തീകരിക്കുന്നതിനുള്ള കർമ്മ പദ്ധതികളും പ്രാവർത്തികമാക്കും. സമൂഹത്തിൽ വിദ്വേഷത്തിന്റെ തല്ല മറിച്ച് സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാതയാണ് ലത്തീൻ സഭ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്ത് പിഒസി യിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് മുഖ്യ പ്രഭാഷണം നടത്തി. മോൺ. ഡോ. ജോയി പുത്തൻ വീട്ടിൽ, പ്രൊഫ. ഡോ. ബിജു ടെറൻസ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി വർഗ്ഗീസ്, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, കെആർഎൽസിസി ഭാരവാഹികളായ ബിജു ജോസി, മെറ്റിൽഡ മൈക്കിൾ, പാട്രിക് മൈക്കിൾ, പ്രബല ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.