തൊടുപുഴ :കാലവർഷക്കെടുതിയിൽ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 25 വീടുകൾ തകർന്നു. 24 വീടുകൾ ഭാഗികമായും ഒരെണ്ണം പൂർണമായുമാണ് തകർന്നത് .
ജില്ലയിൽ യാത്ര നിരോധനങ്ങൾ ഏർപ്പെടുത്തി. മെയ് 30 വരെ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയപാത 85 ലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തു നിന്നും കല്ലാർ ,വട്ടിയാർ വഴി രണ്ടാം മൈൽ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ചു. ദേശീയപാത 85 ൽ കരടിപ്പാറക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് യാത്രാ നിരോധനം.
മൂന്നാർ പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനത്തു നിന്നും ആനച്ചാൽ രണ്ടാം മൈൽ വഴി പോകണം. കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രണ്ടാം മൈലിൽ നിന്നും ആനച്ചാൽ ഇരുട്ടുകാനം വഴി പോകേണ്ടതാണ്.