ന്യൂയോർക്ക്: മ്യാൻമർ തീരത്ത് നടന്ന വ്യത്യസ്ത കപ്പൽ അപകടങ്ങളിലായി 427 റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായി യു എൻ .റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് കപ്പലുകൾ മുങ്ങിയാണ് നാനൂറിലധികം അഭയാർത്ഥികൾ മുങ്ങിമരിച്ചത് .
മെയ് ഒൻപതിനും പത്തിനും നടന്ന അപകടങ്ങളിലാണ് റോഹിങ്ക്യകൾ മരണപ്പെട്ടതെന്ന് യുഎൻ അറിയിച്ചു. റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെട്ട് കടലിൽ നടന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുളള ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കപ്പൽ അപകടങ്ങളുടെ കാരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. 267 അഭയാർത്ഥികളുമായി സഞ്ചരിച്ച കപ്പലാണ് മെയ് ഒൻപതിന് അപകടത്തിൽപ്പെട്ടത്. ഇതിൽ 66 പേർ രക്ഷപ്പെട്ടിരുന്നു. 247 പേരുമായി പോയ കപ്പൽ മെയ് പത്തിനാണ് മുങ്ങിയത്.
ഇതിൽ 21 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർത്ഥി ക്യാംപിൽ നിന്നുളളവരോ മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ നിന്നുളളവരോ ആകാം അപകടത്തിൽപ്പെട്ടത് എന്നാണ് യുഎന്നിന്റെ കണ്ടെത്തൽ. ഈ മേഖലയിൽ മൺസൂൺ എത്തിയതിനാൽ കനത്ത മഴയെയും കാറ്റിനെയും അതിജീവിക്കാനാകാതെ കപ്പലുകൾ മുങ്ങിയതാകാം എന്നാണ് നിഗമനം .