തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണ വീഴ്ചയിൽ കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടിക്ക് സാധ്യത. ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ ദേശീയ പാത നിർമ്മാണക്കരാറെടുത്ത മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെയും നടപടിയെടുത്തേക്കും.
കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടെ വിശദമായ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. കേരളത്തിന്റെ എല്ലാ റീച്ചുകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തും. സൂഷ്മ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കൈമാറണമെന്നാണ് മൂന്നംഗ സമിതിയോട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ബലപ്പെടുത്തുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തൽ. പുനർനിർമ്മാണത്തിന്റെ ചെലവ് കമ്പനികളിൽ നിന്നും ഈടാക്കും. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ക്രമീകരണം ഉണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു
തെലങ്കാനയിലെ ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, റോഡ്-കെട്ടിട നിർമ്മാണം അടക്കമുള്ള പദ്ധതികളുടെ ഭാഗമായിട്ടുള്ള കമ്പനി കൂടിയാണ് മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.