പ്രഫ. ഷാജി ജോസഫ്
La Strada (Italy/108 minutes/1954)
Director: Federico Fellini
ഫെഡെറിക്കോ ഫെല്ലിനിയുടെ ‘ലാ സ്ട്രാഡ (1954)’ സിനിമാറ്റിക് കവിതയുടെ ഒരു മാസ്റ്റര്‍പീസ് ആണ് – ഇറ്റാലിയന്‍ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം മാത്രമല്ല, പ്രേക്ഷകന്റെ മനസ്സിലേക്ക് ആഴത്തിലുള്ള യാത്രയാണ് ഈ ഉജ്ജ്വലമായ സിനിമ. 1957-ല്‍മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ആദ്യത്തെ അക്കാദമി അവാര്‍ഡ് ലഭിച്ച ലാ സ്ട്രാഡ, പുറത്തിറങ്ങിയപ്പോഴത്തെപ്പോലെ തന്നെ പ്രമേയപരമായും വൈകാരികമായും ശക്തവുമായും ഇന്നും നിലകൊള്ളുന്നു. ഇത് ഘടനാപരമായി ഒരു റോഡ് സിനിമയാണ്; ‘ലാ സ്ട്രാഡ’ എന്നാല്‍ ഇറ്റാലിയന്‍ ഭാഷയില്‍ ‘ദി റോഡ്’ എന്നാണ് അര്‍ത്ഥമാക്കുന്നത്.
ഗെല്‍സോമിന (ജ്യൂലിയേറ്റ മസീന) എന്ന നിഷ്കളങ്കയായ യുവതിയെ അവളുടെ നിരാലംബയായ അമ്മ സാമ്പാനോ (ആന്റണി ക്വിന്‍) എന്ന തെരുവ് സര്ക്കസുകാരന് വിറ്റ കഥയാണ് ഈ ചിത്രം പറയുന്നത്. വിടര്‍ന്ന കണ്ണുകളോടെ, ബാലികയെപ്പോലെയുള്ള ഗെല്‍സോമിനയെ ഗതികേടുകൊണ്ടാണ് ദരിദ്രയായ അമ്മ സാമ്പാനോയ്ക്ക് വില്‍ക്കുന്നത്. ഉപജീവനത്തിനായി തെരുവ് ഷോകള്‍ നടത്തി ഇറ്റാലിയന്‍ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, അവര്‍ക്കിടയില്‍ വൈകാരികമായി സങ്കീര്‍ണ്ണമായ ഒരു ബന്ധം രൂപം കൊള്ളുന്നു. നെഞ്ചില്‍ മുറുകെ കെട്ടിയിരിക്കുന്ന ഇരുമ്പ്ചങ്ങല സ്വയം പൊട്ടിച്ച് ജനക്കൂട്ടത്തെ രസിപ്പിക്കലാണ് അയാളുടെ പ്രധാന ഇനം, തുടര്‍ന്ന് ടിപ്പുകള്‍ക്കായി തൊപ്പിയുമായി ഗെല്‍സോമിന കാണികളെ സമീപിക്കുന്നു.അവളുടെ ചലനത്തില്‍ നിഷ്കളങ്കതയും വികൃതിയും പുറത്തുവരുന്നുണ്ട്, അവന് അവളെ ഡ്രമ്മും ട്രംപറ്റും വായിക്കാനും, അല്‍പ്പം നൃത്തം ചെയ്യാനും, കോമാളിയായി അഭിനയിക്കാനും പഠിപ്പിക്കുന്നു. ക്രൂരതകളും അവഗണനകളും സഹിച്ചു ഗെല്‍സോമിന അയാളുടെ ജീവിത പങ്കാളിയായി മാറുന്നു, ഒരുമിച്ച് നാട് തോറും തെരുവ് സര്‍ക്കസുമായി അലയുന്നു. വഴിയില്‍, അവര്‍ ഇല് മാറ്റോയെ (റിച്ചാര്‍ഡ് ബേസ്ഹാര്ട്ട്) കണ്ടുമുട്ടുന്നു. സര്‍ക്കസിലെ സഹായിയായി കൂടിയ അയാള്‍ സാമ്പാനോയെപ്പോലെയല്ല, ഗെല്‍സോമിനയെ വാത്സല്യത്തോടുകൂടിയാണ് കാണുന്നത്.
ഫെല്ലിനിയുടെ സംവിധാനം യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയുടെ നിയോറിയലിസ്റ്റ് വേരുകളിലാണ്. തരിശായ ഭൂപ്രകൃതിയുള്ള, ഇരുണ്ടതും നിശബ്ദവുമായ സ്ഥലങ്ങളിലൂടെയാണ് സാമ്പാനോയുടെ മുച്ചക്ര വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മേലാസകലം ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട സംബാനോ ശക്തിയുപയോഗിച്ചു ബന്ധനങ്ങള്‍ അഴിച്ചു പുറത്തുവരുന്നതും, ഗെല്‍സോമിനയുടെ കോമാളിക്കളികളും കാണികളെ ആകര്ഷിക്കുമ്പോള്ത്തന്നെ ഇരുവര്‍ക്കുമിടയിലെ ജീവിതം അടുത്ത് കാണിക്കുന്നു സംവിധായകന്. ഫെഡറിക്കോ ഫെല്ലിനിയുടെ കാവ്യാത്മകമായ ഈ സിനിമ ലോക സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് സിനിമയില്‍ സംവിധായകന് പറഞ്ഞു വയ്ക്കുന്നത്.
ഗെല്‍സോമിന ഒരേസമയം ദുര്‍ബലയും അജയ്യയുമാണ.് അവളുടെ ചലനങ്ങള്‍ ചാര്‍ളി ചാപ്ലിനെ ഓര്‍മിപ്പിക്കുന്നു, നിശബ്ദ ഭാവങ്ങള്‍ വളരെയധികം സംസാരിക്കുന്നു, നിഷ്കളങ്കതയെയും, നിരാശയെയും ഹൃദയഭേദകമായ സൂക്ഷ്മതയോടെ പകര്‍ത്തുന്നു. മസീനയുടെ പ്രകടനം നിശബ്ദമായ ആവിഷ്കാരത്തിന്റെ വിജയമാണ്. ഒരു കുട്ടിയെപ്പോലെ അത്ഭുതം പ്രസരിപ്പിക്കുന്ന കണ്ണുകളോടെ സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്നു വലിയ കോട്ടും ഷൂസും ധരിച്ച്, ഒരു കോമാളിയെപ്പോലെ മുഖം വരച്ച മസീന. അവളുടെ കണ്ണുകള്‍ മാത്രം ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ ദുഃഖവും പ്രതീക്ഷയും പേറുന്നു. ഗെല്‍സോമിനയുടെ മുഖത്തോ ചുറ്റുമുള്ള ശൂന്യതകളിലോ ക്യാമറ പലപ്പോഴും തങ്ങിനില്ക്കുന്നു, വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയാത്ത ആഴത്തിലുള്ള ഏകാന്തതയെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍. മസീനയുടെ പ്രകടനം ലാ സ്ട്രാഡയുടെ ആത്മാവാണ്.
അതിന് വിപരീതമായി ആന്റണി ക്വിന്‍, മുരടനായ സാമ്പാനോയ്ക്ക് ജീവന് നല്കുന്നു. സാമ്പാനോ ക്രൂരനാണെങ്കിലും, അയാള്‍ക്ക് മനസ്സിലാകാത്ത പ്രേരണകളാല്‍ നയിക്കപ്പെടുന്ന, സ്വന്തം വൈകാരിക നിരക്ഷരതയില്‍ കുടുങ്ങിയ ഒരു മനുഷ്യന്. ഗെല്‍സോമിനയെ സ്നേഹിക്കുകയും അത് അറിയാതിരിക്കുകയും ചെയ്യുന്നതാണ് അവന്റെ ദുരന്തം, ഫെല്ലിനിയുടെ പല കഥാപാത്രങ്ങളുടെയും കേന്ദ്ര ദുരന്തം പോലെ. അവരെ മനസ്സിലാക്കുന്നവരുടെ ഊഷ്മളതയില് നിന്നും സുരക്ഷയില്‍ നിന്നും അവര്‍ എപ്പോഴും പിന്തിരിഞ്ഞ്, വന്ധ്യമായ ലോകത്ത് വിശ്രമമില്ലാതെ തിരയുന്നു.
നിനോ റോട്ടയുടെ പശ്ചാത്തല സംഗീതം, ഹൃദയഹാരിയും, വിഷാദഭരിതവുമാണ്, ഇത് കഥാപാത്രങ്ങള്‍ക്ക് പറയാന്‍ കഴിയാത്തതിന്റെ ശബ്ദമായി മാറുന്നു, ആഖ്യാനത്തിലുടനീളം അത് തങ്ങിനില്ക്കുന്നു, സിനിമയിലെ കഥാപാത്രങ്ങള്‍ അന്തസ്സിന്റെയും, ക്രൂരതയുടെയും, ദുഃഖത്തിന്റെയും, മോചന ശക്തിയുടെയും പ്രതീകങ്ങളാണ്, അവര്‍ വേദനാജനകമായ മനുഷ്യരായി തുടരുന്നത് സംവിധായകന് നിര്‍മ്മമമായി പുറത്തു നിന്ന് വീക്ഷിക്കുന്നു. അതിനാല്‍ അപൂര്‍വമായ വൈകാരിക വ്യക്തതയും കലാപരമായ സത്യസന്ധതയും ഉള്ള ഒരു സിനിമയാണ് ഉയര്‍ന്നുവരുന്നത്. ഫെല്ലിനിയുടെ കഥപറച്ചില്‍ രീതി യുദ്ധാനന്തര ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ ചടുലതയെ നിര്‍വചിക്കുന്ന പുതിയ ശൈലിയുമായി സംയോജിപ്പിക്കുന്നു. ലാ സ്ട്രാഡ അതിന്റെ കാലഘട്ടത്തില്‍ ആഴത്തില്‍ വേരൂന്നിയതാണെങ്കിലും, കാലത്തിനപ്പുറം നില്ക്കുന്നു. നാം ചെയ്യുന്ന ക്രൂരതയെയും നാം അന്വേഷിക്കുന്ന മോചനത്തെയും കുറിച്ചുള്ള അന്വേഷണം യുദ്ധാനന്തര ഇറ്റലിയിലെന്നപോലെ ഇന്നും പ്രതിധ്വനിക്കുന്നു. ഫെല്ലിനിയെ രൂപപ്പെടുത്തിയ യുദ്ധാനന്തര ഇറ്റാലിയന്‍ നിയോറിയലിസത്തിനും തുടര്‍ന്നുണ്ടായ ഭാവനാത്മകമായ ആത്മകഥാപരമായ അതിശയോക്തികള്‍ക്കും ഇടയിലുള്ള പാലമാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഈ സിനിമ. സിനിമാ ചരിത്രത്തിലെ ഒരു മികച്ച ചിത്രമായി ഇതിനെ അടയാളപ്പെടുത്തുന്നത് ആന്റണി ക്വിന്‍, ജ്യൂലിയേറ്റ മസീന എന്നിവരുടെ രണ്ട് കേന്ദ്ര പ്രകടനങ്ങളാണ്. സംവിധായകന് ഫെല്ലീനിയുടെ ജീവിത പങ്കാളിയും കൂടിയാണ് ഗെല്‍സോമിനയെ അവതരിപ്പിച്ച ജ്യൂലിയേറ്റ മസീന എന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
‘ലാ ഡോള്‍സ് വീറ്റ’ (1960), ‘8 1/2 ‘ (1963), ‘ജൂലിയറ്റ് ഓഫ് ദി സ്പിരിറ്റ്സ് ‘(1965), ‘ഫെല്ലിനീസ് റോമ’ (1972) ‘അമര്കോര്ഡ് ‘ (1974), ദി ഷിപ്പ് സെയില്‍സ് ഓണ്‍ (1983) എന്നീ മാസ്റ്റര്പീസുകളിലേക്ക് നയിച്ച ഒരു കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമാണ് ‘ലാ സ്ട്രാഡ’. 1957-ല്‍, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയത്, അതിന്റെ സാര്‍വത്രിക ആകര്ഷണത്തിനും വൈകാരിക ശക്തിക്കും തെളിവാണ്. എന്നിരുന്നാലും, യഥാര്‍ത്ഥ വിജയം അംഗീകാരങ്ങളിലല്ല, മറിച്ച് അനുകമ്പയെ ഉണര്‍ത്താനുള്ള അതിന്റെ നിശബ്ദ കഴിവിലാണ്. ഫെല്ലിനി ഒരിക്കല്‍ ചിത്രത്തെ ‘കൃപയുടെ കഥ’എന്ന് വിശേഷിപ്പിച്ചു – ഈ മാസ്റ്റര്‍പീസിന്റെ അവാച്യമായ ഗുണം പകര്‍ത്തുന്ന ഒരു വാക്യം. ലാ സ്ട്രാഡ കാവ്യാത്മകവും, മറക്കാനാവാത്തതുമായ ഒരനുഭവം പ്രദാനം ചെയ്യുന്നു.
ഫെല്ലിനിയെ രൂപപ്പെടുത്തിയ യുദ്ധാനന്തര ഇറ്റാലിയന്‍ നിയോറിയലിസത്തിനും തുടര്‍ന്നുണ്ടായ ഭാവനാത്മകമായ- ആത്മകഥാപരമായ അതിശയോക്തികള്‍ക്കും ഇടയിലുള്ള പാലമാണ് ഈ സിനിമ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. യുദ്ധത്തില്‍ തകര്‍ന്ന ഇറ്റലിയുടെ അനന്തരഫലമായി സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളും ആഴത്തിലുള്ള മാനവികതയും സാമൂഹിക യാഥാര്‍ത്ഥ്യ ബോധത്തിലുള്ള ശ്രദ്ധയും സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. ലാ സ്ട്രാഡയില്‍, ജീവിതം കഠിനവും ക്രൂരവുമാണ് ഒരു പക്ഷെ അതിജീവനവും. യുദ്ധാനന്തര യൂറോപ്പിലെ മനുഷ്യരുടെ ജീവിതം എത്രമാത്രം നിരാശയും ആവശ്യകതയും നിറഞ്ഞതായിരുന്നു എന്ന് ചിത്രം സംസാരിക്കുന്നു.