ഞാന്‍ പാപ്പയായത് എന്റെ കഴിവല്ല. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വന്നവന്’- ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. കുര്‍ബാനയില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പയുടെ സാന്നിദ്ധ്യം അറിഞ്ഞെന്ന് ലിയോ പതിനാലാമന്‍ കൂട്ടിച്ചേര്‍ത്തു
വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ പാപ്പ ചുമതലയേറ്റു. സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമാണ് ലിയോ പതിനാലാമന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമനെ ഔദ്യോഗികമായി പാപ്പയായി വാഴിക്കുന്ന ചടങ്ങില്‍ ലോകമെമ്പാടുമുളള വിശ്വാസികളും പ്രമുഖരും പങ്കെടുത്തു. പാപ്പ തുറന്ന വാഹനത്തിലെത്തി വിശ്വാസികളെ ആശിര്‍വദിച്ചു. സഭയുടെ ആദ്യ പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു.
പാപ്പ കുര്‍ബാനമധ്യേ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി. പത്രോസിന്റെ തൊഴിലിനെ ഓര്‍മ്മപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധര്‍മ്മം ഓര്‍മ്മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണെന്നും ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണമെന്നും പാപ്പ പറഞ്ഞു. ഇത് സ്നേഹത്തിന്റെ സമയമാണെന്നും ദൈവ സ്നേഹത്തിന്റെ വഴിയെ നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വെറുപ്പും വിദ്വേഷവും മൂലം ലോകം അസ്വസ്ഥമാണ്. സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കാന്‍ എല്ലാവരും തയ്യാറാകണം. സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാന്‍ കഴിയണം.
ഞാന്‍ പാപ്പയായത് എന്റെ കഴിവല്ല. ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വന്നവന്’- ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. കുര്‍ബാനയില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പയുടെ സാന്നിദ്ധ്യം അറിഞ്ഞെന്ന് ലിയോ പതിനാലാമന്‍ കൂട്ടിച്ചേര്‍ത്തു.
സെൻ്റ് പീറ്റേഴ്സ് ബസലിക്കയില്‍ ചടങ്ങില്‍ പങ്കെടുക്കാൻ ആയിരങ്ങളാണ് എത്തിയത്. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി, ഇറ്റാലിയൻ പ്രധാനമന്തി ജോർജിയ മെലോണി അടക്കം നിരവധി ലോക നേതാക്കള്‍ വത്തിക്കാനില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി.
ആഗോള കത്തോലിക്കാ സഭയുടെ 267ാം അധ്യക്ഷനായി ഈ മാസം എട്ടിനാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തത്.