ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി.
ഇയാൾക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചു. വിജയ് ഷാ നടത്തിയ പരാമര്‍ശം പ്രഥമദൃഷ്ട്യാ കുറ്റകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിഎന്‍എസ് നിയമത്തിലെ 196 വകുപ്പനുസരിച്ച് കേസെടുക്കണം. മന്ത്രിയുടെ പരാമര്‍ശം അപകടകരമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.
കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ അതുല്‍ ശ്രീധര്‍, അനുരാധ ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് നിർദേശം. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവെന്ന് ഹൈക്കോടതിയുടെ മറുപടി.