വത്തിക്കാന്‍സിറ്റി: ദൈവ ജനം കാത്തിരുന്നു ; ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ പാപ്പയെ ലഭിച്ചു. പുതിയ പാപ്പയെ തെരഞ്ഞെടുക്കാന്‍ കൂടിയ കര്‍ദിനാളന്മാരുടെ യോഗത്തിലെ രണ്ടാം ദിവസം ഉച്ചക്കുശേഷം നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്.
ഇതേ തുടര്‍ന്നു വിവരം അറിയിച്ചുകൊണ്ട് സിസ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയര്‍ന്നു. ഇതോടെ പുറത്തുകൂടി നിന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ഹര്‍ഷാരവം മുഴക്കി. കത്തോലിക്കാസഭയുടെ 267 -ാമത്തെ തലവനെ തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് പള്ളിമണികളും മുഴങ്ങി.
കർദിനാൾമാരിൽ ആരാണു പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി തടിച്ചുകൂടിയത്.
വെളുത്ത പുകയും വത്തിക്കാൻ ബസിലിക്കയിൽ നിന്നുയരുന്ന കൂട്ടമണിയും പാപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്നതിൻറെ പരമ്പരാഗത അടയാളങ്ങളാണ്. ഇത് മനസ്സിലാക്കി പുറത്ത് കാത്തു നിൽക്കുന്ന ജനത്തോട് ഇലക്ഷൻ നടന്ന കാര്യവും (habemus Papam) പുതിയ പാപ്പയുടെ പേരും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഏറ്റവും സീനിയർ ആയിട്ടുള്ള കാർഡിനൽ ഡിക്കൻ ആണ്.
പാപ്പ ജനങ്ങൾക്ക് വത്തിക്കാൻ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്നും അപ്പസ്തോലിക ആശീർവാദം (Urbi et Orbi – to the city and to the world) നൽകുന്നതോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുന്നു. പിന്നീട് നിശ്ചയിക്കപ്പെട്ട സമയത്ത് ലാറ്ററൻ ബസിലിക്കയിൽ വച്ച് റോമിന്റെ മെത്രാനായി അദ്ദേഹം സ്ഥാനമേൽക്കും