കൊല്ലം: കൊല്ലം രൂപതാ മദ്യവിരുദ്ധ സമിതിയുടെയും കോവിൽത്തോട്ടം ഫുട്ബോൾ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ കായിക പ്രതിരോധം എന്ന സന്ദേശവുമായി ഫുട്ബാൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. യുവാക്കളെ കായികരംഗത്തേക്ക് ആകർഷിച്ച് ജീവിതം ക്രിയാത്മകമാക്കി ലഹരിക്കെതിരെ പ്രതിരോധങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്യേശത്തോടെയാണ് ഇത് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്.
ലഹരിയുടെ കെണിയിൽ അകപ്പെട്ട് നശിച്ചുക്കൊണ്ടിരിക്കുന്ന പുതുതലമുറയെ വീണ്ടെടുക്കുന്നതിനും ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ യുവതയെ അണിനിരത്തുന്നതിനുമാണ് ഇത്തരം മത്സരങ്ങളിലൂടെ സമിതി ലക്ഷ്യമാക്കുന്നത്.
ശങ്കരമംഗലം ചുങ്കത്തിൽ അരീന ടെറഫിൽ നടന്ന ടൂർണ്ണമെൻ്റ് കെ സി ബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് യോഹന്നാൻ ആൻ്റണി ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ചവറ ഗ്രാമപഞ്ചായത്ത് അംഗം ആൻസി ജോർജ് അധ്യക്ഷത വഹിച്ചു. ജോയൽ അജു, റൊണാർഡോ, ജിബിൻ, പ്രിൻസ് എന്നിവർ പ്രസംഗിച്ചു. കൊല്ലം രൂപതാ മദ്യവിരുദ്ധ കമ്മീഷൻ ഡയറക്ടർ റവ.ഡോ.മിൽട്ടൺ ജോർജ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
പന്തളം റെഡ്സ്റ്റാർ ഒന്നാം സ്ഥാനവും കൊല്ലം ബോക്ക ജൂനിയേഴ്സ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. അഞ്ച് ജില്ലകളിൽ നിന്നായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.