റോമില്‍ നിന്നും സിസ്റ്റര്‍ റുബിനി സിടിസി
കത്തോലിക്കാ സഭയുടെ പരിവര്‍ത്തന കാലഘട്ടത്തില്‍ അതിന്റെ നാഴികക്കല്ലായി മാറിയ ഒന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഗൗഡിയം എത് സ്പെസ് അഥവാ സഭ ആധുനിക ലോകത്തില്‍ എന്ന പ്രമാണരേഖയുടെ ജനനം സംഭവിച്ച സുപ്രധാന സംഭവമായി മാറിയ, സഭയുടെ മുഖത്തിനു പുതിയ ചൈതന്യം നല്കിയ കൗണ്‍സിലായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സില്‍ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്മാര് വത്തിക്കാനില്‍ ഒരുമിച്ചു കൂട്ടിയ ഒരു മഹാ സംഭവമായിരുന്നു.
ജോണ്‍ ഇരുപത്തി മൂന്നാമന് മുതല്‍ ഫ്രാന്‍സിസ് പാപ്പാ വരെ ആറു പേപ്പല്‍ കോണ്‍ക്ലേവുകളിലൂടെ കത്തോലിക്കാസഭ പരിവര്‍ത്തനാത്മക നേതൃത്വത്തിലൂടെ കടന്നു പോയി. ക്രിസ്തുവിനെ പോലെ പുറത്തിറങ്ങി ജനങ്ങളുടെ ഇടയില്‍ സഞ്ചരിക്കാന്‍ സഭയെ ക്ഷണിച്ച പാപ്പയായിരുന്നു ജോണ്‍ ഇരുപത്തി മൂന്നാം പാപ്പാ. വെനിസിന്റെ പാത്രിയാര്‍ക്കായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാലിയെ 1958 ഒക്ടോബര്‍ 25-28ന് നടന്ന കോണ്‍ക്ലേവ് പതിനൊന്ന് വോട്ടെടുപ്പുകള്ക്കുശേഷമാണ് സഭയുടെ 261മത് പാപ്പയായി തിരഞ്ഞെടുത്തത്. ജോണ്‍ ഇരുപത്തി മൂന്നാമന് എന്ന നാമത്തില്‍ അറിയപ്പെട്ട പാപ്പാ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി സഭയില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ആധുനിക ലോകത്തില്‍ സഭയെ നവീകരിക്കേണ്ടതിന്റെ ആവശ്യകതയും ‘അജ്ജോര്ണമെന്തൊ’ എന്ന ആശയവും മുന്‍നിര്‍ത്തി ആധുനികവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് സഭയെ കാലികമായി രൂപാന്തരപ്പെടുത്തേണ്ട ആശയങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് തുടക്കം കുറിച്ച് സഭയ്ക്ക് ഒരു പുതിയ മുഖം നല്കി ജോണ്‍ ഇരുപത്തി മൂന്നാമന് കടന്നുപോയി.
1963 ജൂണ്‍ 19-21 വരെ നടന്ന കോണ്‍ക്ലേവില്‍ ആറ് വോട്ടെടുപ്പുകള്‍ക്കു ശേഷം ജോണ്‍ ഇരുപത്തിമൂന്നാമന്റെ പിന്‍ഗാമിയായി കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത്താ മോന്തിനിയെ സഭയുടെ 262മത്തെ പാപ്പയായി സഭയ്ക്ക് ലഭിച്ചു. അദ്ദേഹം പോള്‍ ആറാമന്‍ എന്ന നാമം സ്വീകരിച്ചു. ആ പാപ്പയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൂര്‍ത്തിയാക്കുകയും സാമൂഹിക പ്രബോധനങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും സഭയുടെ ആഗോള സാന്നിധ്യത്തെ വിപൂലമാക്കുകയും ആരാധനാക്രമ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തത്.
പോള്‍ ആറാമന്റെ മരണത്തിന് ശേഷം 1978 ആഗസ്റ്റ് 25- 26 വരെ നടന്ന കോണ്‍ക്ലേവ് നാല് വോട്ടെടുപ്പുകള്‍ക്കു ശേഷം ജോണ്‍ പോള്‍ ഒന്നാമന് എന്നറിയപ്പെട്ട അല്‍ബിനോ ലൂചാനിയെ 263മത്തെ പാപ്പയായി തിരഞ്ഞെടുത്തു. എളിമയും അജപാലന തീക്ഷ്ണതയും അടയാളപ്പെടുത്തിയ പാപ്പാ പുഞ്ചിരിയുടെ പാപ്പാ എന്നായിരുന്നു അറിയപ്പെട്ടത്. ഹ്രസ്വവും എന്നാല്‍ സ്വാധീനമുള്ളതുമായ 33 ദിവസം സഭയെ നയിച്ച് പാപ്പാ കാലം ചെയ്തു.
മൂന്ന് പാപ്പമാര്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഷമായിരുന്നു 1978. ജോണ്‍ പോള്‍ ഒന്നാമന് പാപ്പായുടെ പെട്ടെന്നുള്ള മരണം, 1978 ഒക്ടോബര്‍ 14-16 നടന്ന കോണ്‍ക്ലേവിനു കാരണമായി. ഒക്ടോബര്‍ 16-ന് എട്ട് തവണത്തെ വോട്ടെടുപ്പിന് ശേഷം പോളണ്ടുകാരനായ കര്‍ദ്ദിനാള്‍ കരോള്‍ വോയ്റ്റീല സഭയുടെ 264 മത്തെ പാപ്പയായി. ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ എന്നറിയപ്പെട്ട അദ്ദേഹം 450 വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റാലിയന്‍ അല്ലാത്ത ആദ്യത്തെ പാപ്പയായിരുന്നു. കമ്മ്യൂണിസത്തെ എതിര്‍ക്കുകയും, മാനുഷിക അന്തസ്സിനു വേണ്ടി വാദിക്കുകയും, സഭയുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുകയും
ചെയ്തുകൊണ്ട് അദ്ദേഹം ഒരു ആഗോള ധാര്‍മ്മിക നേതാവായി മാറി.
ജോണ്‍ പോള്‍ രണ്ടാമന്റെ മരണശേഷം, 2005 ഏപ്രില്‍ 18- 19 വരെ നടന്ന കോണ്‍ക്ലേവ് നാലു വോട്ടെടുപ്പുകള്‍ക്കു ശേഷം കര്‍ദ്ദിനാള്‍സംഘത്തിന്റെ ഡീനും, വിശ്വാസ തിരുസംഘത്തതിന്റെ തലവനുമായിരുന്ന ജര്‍മ്മനിയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറെ 265-മത്ത പാപ്പയായി തിരഞ്ഞെടുത്തു. മതനിരപേക്ഷമായ ലോകത്ത് പാരമ്പര്യത്തിന്റെയും യുക്തിയുടെയും വിശ്വാസത്തിന്റെയും പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2013-ല്‍ അപ്രതീക്ഷിതമായി ആരോഗ്യ കാരണങ്ങളാല്‍ പാപ്പാ സ്ഥാനം ത്യാഗം ചെയ്തു. 1415 നു ശേഷം സഭയില്‍ ആദ്യമായി സ്ഥാന ത്യാഗം ചെയ്ത പാപ്പയായി അത് ചരിത്രം സൃഷ്ടിച്ചു.
2013 മാര്‍ച്ച് 12-13വരെ നടന്ന കോണ്‍ക്ലേവില്‍ അഞ്ച് വോട്ടെടുപ്പുകള്‍ക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട പാപ്പായായിരുന്നു ലാറ്റിന്‍ അമേരിക്കയിലെ അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോളിയോ. തിരുസഭയുടെ 266-മത്തെ പാപ്പയായ അദ്ദേഹം ഫ്രാന്‍സിസ് എന്ന നാമം സ്വീകരിക്കരിച്ച ആദ്യ പാപ്പയാണ്. ഈശോ സഭയില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, 1800 വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്പില്‍ നിന്നല്ലാത്ത ആദ്യത്തെ പാപ്പാ. അദ്ദേഹം കരുണ, പരിസ്ഥിതിയോടുള്ള നീതി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായുള്ള കരുതല്‍ എന്നിവയില്‍ ശക്തമായി ഇടപെടലുകള്‍ നടത്തിക്കൊണ്ട് ആധുനിക ലോകത്തിലും ആഗോള പരിസരങ്ങളിലും സഭയുടെ ശബ്ദം ശക്തമാക്കി. 2025 ജൂബിലി വര്‍ഷത്തില്‍ പാപ്പാ കാലം ചെയ്തു.
ഓരോ കോണ്‍ക്ലേവും സഭയുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള രാഷ്ട്രീയ മാറ്റം, സാമൂഹിക പരിവര്‍ത്തനം, ധാര്‍മ്മിക വെല്ലുവിളികള്‍ എന്നിവയില്‍ അതിന്റെ പങ്ക് രൂപപ്പെടുത്തിയ പാപ്പാമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. സഭയുടെ ആരംഭം മുതല്‍ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ മാത്രം ലഭിക്കുന്ന പാപ്പാമാര്‍ ഈ ലോകത്തില്‍ ക്രിസ്തുവിന്റെ പ്രകാശം നല്കി കടന്നുപോയ ചരിത്രമാണ് നിലനില്‍ക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ മരണത്തിനു ശേഷമുള്ള ദിവസങ്ങളില്‍ വത്തിക്കാനില്‍ കര്‍ദ്ദിനാള്‍മാരുടെ സംഘം പല പൊതു സമ്മേളനങ്ങള്‍ കോണ്‍ക്ലേവിനു മുമ്പ് നടത്തുന്നുണ്ട്. അവിടെ ഒരു രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുന്നത് പോലുള്ള അധികാര വടംവലികളല്ല നടക്കുന്നത്. മറിച്ച് ഇന്നത്തെ ലോകത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളെയും വിചിന്തനം ചെയ്തു കൊണ്ട് ഈ ലോകത്തു സഭ എങ്ങനെ ആയിരിക്കണം എന്നും, ഇന്നത്തെ ലോകവും സഭയും അഭിമുഖികരിക്കുന്ന വെല്ലുവിളികളെ മനസ്സിലാക്കുകയും പഠിക്കുകയും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത് പോലെ എല്ലാ സിനഡിന്റെയും നായകനായ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി പ്രാര്‍ത്ഥനയിലും ചര്‍ച്ചകളിലും പങ്കെടുത്തു കഴിയുകയാണ് ചെയ്യുക.
ആധുനിക അടിമത്തങ്ങളായ യുദ്ധം, കുടിയേറ്റം, മനുഷ്യക്കടത്ത്, നിര്‍ബന്ധിത അധ്വാനം, വേശ്യാവൃത്തി, വാടക ഗര്‍ഭധാരണം, ദയാവധം, ഭ്രൂണഹത്യ, സ്വവര്‍ഗ്ഗവിവാഹം, അവയവക്കടത്ത്, സാങ്കേതിക വിദ്യയുടെ ദുരൂപയോഗം എന്നീ മാനവികതയ്ക്കെതിരായി നിലനില്‍ക്കുന്ന തിന്മകള്ക്കെതിരെ പോരാടിയ പാപ്പാമാരുടെ ചൈതന്യവും സമാധാനത്തിനുള്ള പ്രതിബദ്ധതയില്‍ അതിന്റെ വേരുകളും, ചൈതന്യവും, മൂല്യങ്ങളും വീണ്ടെടുക്കേണ്ടതുണ്ടെതിന്റെ ആവശ്യകതയും മനസ്സിലാക്കി സഭയുടെ ധാര്‍മ്മിക നിലപാടുകളെ സംരക്ഷിക്കുന്ന ഒരു പാപ്പായെ പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.