ജെക്കോബി
വിഴിഞ്ഞത്തെ രാജ്യാന്തര ആഴക്കടല്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മിഷനിങ് പ്രധാനമന്ത്രി മോദി നിര്‍വഹിക്കുന്നത് സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. കഴിഞ്ഞ ഡിസംബറില്‍ കമേഴ്സ്യല്‍ ഓപ്പറേഷന്‍സ് ആരംഭിച്ച തുറമുഖത്ത് ഇതിനകം 265 ചരക്കുകപ്പലുകള്‍ വന്നടുത്തു, 5.5 ലക്ഷം ടിഇയു (20 അടി കണ്ടെയ്നര്‍ യൂണിറ്റ്) ചരക്ക് കൈകാര്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര കപ്പല്‍ചാലില്‍ നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ, ഇരുപതു മീറ്റര്‍ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞം പോര്‍ട്ടില്‍, 24,346 ടിഇയു കണ്ടെയ്നറുകള്‍ കയറ്റാവുന്ന, 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ താഴ്ചയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ് സി തുര്‍ക്കിയെ മൂന്നാഴ്ച മുന്‍പ് എത്തിയിരുന്നു. ഏഷ്യ-യൂറോപ് കപ്പല്‍പാതയില്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റിന് ഏറെ സാധ്യതകളുള്ള വിഴിഞ്ഞം അധികം വൈകാതെ നവി മുംബൈയിലെ നാവാ ശേവാ, മുന്ദ്ര, ചെന്നൈ, വല്ലാര്‍പാടം തുറമുഖങ്ങളുടെ ചരക്കുനീക്ക റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് സൂചനകള്‍.
കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാതിര്‍ത്തിയില്‍ അസ്വസ്ഥത നിലനില്‍ക്കുന്ന സാഹചര്യത്തിലും, വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി എത്തുന്നത് ഈ ട്രാന്‍സ്ഷിപ്മെന്റ് ഹബിന്റെ ദേശീയ പ്രാധാന്യം പരിഗണിച്ചാകണം. അദാനി വിഴിഞ്ഞം പോര്‍ട്സ് കമ്പനി, കേരള സര്‍ക്കാരിന്റെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് കമ്പനിയുമായി പിപിപി കരാറുണ്ടാക്കി, നിര്‍മിച്ച്, കൈവശം വച്ച് ഓപ്പറേറ്റ് ചെയ്യുന്ന തുറമുഖ പദ്ധതിക്കുള്ള 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിലെ കേന്ദ്ര വിഹിതം സംബന്ധിച്ച തര്‍ക്കമൊക്കെ പരിഹരിച്ച്, കേന്ദ്രത്തിന് ലാഭവിഹിതത്തിന്റെ 20 ശതമാനം പ്രീമിയം നല്കാന് ഉടമ്പടിയുണ്ടാക്കിയാണ് 7,700 കോടിയുടെ പദ്ധതി കമ്മിഷന് ചെയ്യുന്നത്. തുറമുഖ വികസനത്തിന്റെ നാലുഘട്ടങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞ്, 2034 മുതല്‍ കേരളത്തിന് വിഴിഞ്ഞത്തുനിന്ന് ലാഭവിഹിതം കിട്ടിത്തുടങ്ങുമെന്നാണ് ഇപ്പോഴത്തെ ധാരണ.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗൗതം അദാനിയുമായി കരാറുണ്ടാക്കി 2015 ഡിസംബറില്‍ തറക്കല്ലിട്ട വിഴിഞ്ഞം പദ്ധതി 6,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് ഇടതുമുന്നണി ആരോപിച്ചിരുന്നെങ്കിലും, പിന്നീട് പിണറായി സര്‍ക്കാര്‍ പല പ്രതിബന്ധങ്ങളും മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോയി. അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയായില്ലെങ്കിലും ഒന്നാംഘട്ടം ഇപ്പോള്‍ കമ്മിഷന് ചെയ്യുകയാണ്. തീര്‍ച്ചയായും വലിയ നേട്ടമാണത്. എന്നാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കാണെന്ന എല്‍ഡിഎഫ് ഭരണനേതൃത്വത്തിന്റെ അവകാശവാദം പരിഹാസ്യമായ രാഷ് ട്രീയ അല്പത്വമാണ്. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാണ് തുറമുഖത്തിന്റെ കമ്മിഷനിങ്, അതിനാല്‍ പ്രതിപക്ഷ നേതാവിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ല എന്ന വങ്കത്തം കേട്ട്, ജനാധിപത്യമര്യാദകള്‍ മറന്ന് ആരും ചിരിച്ചുപോകും.
നന്ദി, മോദിജി, പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം അങ്ങ് ഇങ്ങനെ പൊലിപ്പിക്കുന്നതിന്!
തീരക്കടലില്‍ മൂന്നു കിലോമീറ്ററോളം നീളത്തില്‍ പുലിമുട്ടു കെട്ടി, കടലൊഴുക്കിന്റെയും തിരകളുടെയും തീരദേശ ആവാസവ്യവസ്ഥയുടെയും താളംതെറ്റിക്കുന്ന കൂറ്റന്‍ നിര്‍മിതികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് പഠിക്കണമെന്നും, കടലോരമേഖലയില്‍ അതിരൂക്ഷമായ തീരശോഷണത്തിനും കടലേറ്റത്തിനും ഇടയാക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും തൊഴിലിടങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപൂര്‍വം, തീരദേശ ജനത നയിച്ച ജനകീയ സഹനസമരത്തെ പൊലീസിനെയും ചില വര്‍ഗീയ പ്രസ്ഥാനങ്ങളെയും ഇറക്കി, അക്രമത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അടിച്ചൊതുക്കാനും വിദ്വേഷപ്രചാരണത്തിലൂടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിഴിഞ്ഞം പദ്ധതി ബാധിക്കുന്ന തീരദേശവാസികളുടെ പുനരധിവാസത്തിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നീക്കിവച്ചിരുന്ന 475 കോടി രൂപ എന്തുചെയ്തു? കടലേറ്റവും തീരശോഷണവും മൂലം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടവര്‍ വലിയതുറയിലെ സിമന്റ് ഗോഡൗണിലും സ്കൂള്‍ വരാന്തകളിലും വര്‍ഷങ്ങളോളം കിടന്നു നരകിച്ചു. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളിലൊന്ന് വലിയതുറയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയാണ്. അവിടെ 400 ഫ്ളാറ്റുകളുടെ നിര്‍മാണം എന്നു പൂര്‍ത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ല.
തീരശോഷണത്തിന് ശാസ്ത്രീയ പ്രതിവിധികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തതായി കാണുന്നില്ല. തീരദേശത്തെ പാവപ്പെട്ട ജനങ്ങള്‍ പാര്‍പ്പിടങ്ങളും സാമൂഹികജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന സങ്കേതങ്ങളും നഷ്ടപ്പെട്ട് പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും കൂട്ടായ്മയില്‍ നിന്നും പറിച്ചെറിയപ്പെട്ടപ്പോള്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തിയ സഭാമേലധ്യക്ഷരെയും സമുദായ നേതാക്കളെയും രാജ്യദ്രോഹികളും അക്രമികളും ക്രിമിനല്‍ ഗൂഢാലോചനക്കാരുമെന്നു മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി, കൊടിയ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയ സര്‍ക്കാര്‍ ഇന്നും ശത്രുതാപരമായ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
വിഴിഞ്ഞം സമരത്തില്‍ ഉന്നയിച്ച ഒരാവശ്യം, മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിലെ ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തണം എന്നതായിരുന്നു. വാമനപുരം നദിയും കഠിനംകുളം കായലും സന്ധിക്കുന്നു പെരുമാതുറയിലെ മുതലപ്പൊഴിയില്‍ കേന്ദ്ര ഗവണ്മെന്റിന്റെ സഹായത്തോടെ നിര്‍മിച്ച ഫിഷിങ് ഹാര്‍ബറില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 73 മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്; 29 പേര് പൊഴിമുഖത്തുതന്നെയാണ് മരിച്ചത്. പൊഴിമുഖത്ത് ബോട്ടുചാലിലെ മണല്‍ത്തിട്ടയിലും പാറക്കൂട്ടങ്ങളിലും ഇടിച്ചും വള്ളങ്ങളും ബോട്ടുകളും തകര്‍ന്നാണ് അതിദാരുണമായ മരണങ്ങള് തുടര്ന്നുകൊണ്ടിരുന്നത്. അശാസ്ത്രീയമായ പുലിമുട്ടു നിര്‍മാണമാണ് അപകടങ്ങള്‍ക്കു കാരണമെന്ന് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ട് നിര്‍മാണത്തിനായി കരിങ്കല്‍ ക്വാറികളില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ മുതലപ്പൊഴിയിലെത്തിച്ച് ബാര്‍ജില്‍ കൊണ്ടുപോകുന്നതിന് അദാനി കമ്പനി മുതലപ്പൊഴി ഹാര്‍ബറില്‍ ഒരു ലോഡ്-ഔട്ട് ജെട്ടിയും പെരുമാതുറ ബീച്ചില്‍ സ്റ്റോറേജ് യാര്‍ഡും നിര്‍മിച്ചു. ബാര്‍ജ് ജെട്ടിക്കായി മുതലപ്പൊഴിയുടെ തെക്കുഭാഗത്തെ പുലിമുട്ടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പുമായി 2018 ഏപ്രിലില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം അഞ്ചു മീറ്റര്‍ ആഴത്തില്‍ മുതലപ്പൊഴി ചാനല്‍ സംരക്ഷണവും പുലിമുട്ടിന്റെ മെയ്ന്റനന്‍സും അദാനി കമ്പനി ഏറ്റെടുത്തു. ഡ്രെജിങ് നടത്തി മണലും മറ്റും നീക്കം ചെയ്യാന്‍ രണ്ടു വര്‍ഷം അവര്‍ ഉത്സാഹം കാട്ടി. വിഴിഞ്ഞം പുലിമുട്ട് നിര്‍മാണത്തിന് ആവശ്യമായ കരിങ്കല്ല് സൈറ്റില്‍ എത്തിച്ചുകഴിഞ്ഞതോടെ ഡ്രെജിങ്ങും മണല്‍നീക്കവും നിലച്ചു.
കടല്‍ക്ഷോഭിച്ചതിനാല്‍ ഡ്രെജര്‍ എത്തിക്കാനാകുന്നില്ലെന്നായിരുന്നു വിശദീകരണം. ഒന്നോ രണ്ടോ ലോങ്-ബൂം, ഷോര്‍ട്ട് ബൂം എക്സ്കവേറ്റര്‍ ഉപയോഗിച്ചാണ് മണല്‍നീക്കം ചെയ്തിരുന്നത്. അദാനിക്ക് ഡ്രെജര്‍ എത്തിക്കാനാവുന്നില്ലെങ്കില്, സര്‍ക്കാര്‍ വലിയ ഡ്രെജര്‍ ലീസിനെടുത്ത് അതിന്റെ ചെലവ് അവരില്‍ നിന്ന് ഈടാക്കണമായിരുന്നു.
കൃത്യസമയത്ത് ഡ്രെജിങ് നടത്താത്തതിനാല്‍ ജീവന് പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ജീവിതം വഴിമുട്ടിയവര്‍ക്കും ലക്ഷക്കണക്കിനു രൂപയുടെ ഉരുവും വലകളും നഷ്ടപ്പെട്ടവര്‍ക്കും ന്യായമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിനു കഴിയാതെ പോയത് എന്തുകൊണ്ടാണ്?
ഏറ്റവുമൊടുവില്‍, മണല്‍ വന്നടിഞ്ഞ് പൊഴിമുഖം പൂര്‍ണമായും അടഞ്ഞുപോയി. ഒരു വള്ളത്തിനു പോലും ഹാര്‍ബറില്‍ നിന്നു കടലിലേക്കിറങ്ങാനാകാത്ത സ്ഥിതി. സാധാരണഗതിയില്‍, കടലിലെ പുലിമുട്ടിന്റെ വടക്കു ഭാഗത്ത് തീരം നഷ്ടപ്പെടുകയും തെക്കുഭാഗത്തായി പുതിയ കരവയ്ക്കുകയും ചെയ്യാറുണ്ട്. പെരുമാതുറ ബീച്ചില്‍ മണല്‍ അടിഞ്ഞുകൂടുകയും താഴമ്പള്ളിയില്‍ നിന്ന് വടക്കോട്ട് അഞ്ചുതെങ്ങിലും മറ്റും തീരശോഷണം രൂക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു.
പൊഴി അടഞ്ഞതോടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് പണിക്കു പോകാന്‍ കഴിയാതായി. കടലേറ്റത്തില്‍ തീരം നഷ്ടപ്പെട്ടവര്‍ ഉള്‍നാടന്‍ കായലോരത്ത് വള്ളങ്ങളും ബോട്ടുകളും കെട്ടി, മുതലപ്പൊഴിയിലൂടെയാണ് മീന്‍പിടിക്കാന്‍ പോകാറ്. മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടാനായിരുന്നു ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍. മുതലപ്പൊഴി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്നവര്‍ക്ക് കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ ബദല്‍ സംവിധാനം ഒരുക്കാമെന്നായിരുന്നു വാഗ്ദാനം. കാലവര്‍ഷത്തിനു മുന്‍പ് പൊഴി മുറിച്ചില്ലെങ്കില്‍ വക്കം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, അഴൂര്‍ പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കണ്ട് പൊഴിമുഖത്തെ മണല്‍ത്തിട്ട നീക്കാന്‍ ജില്ലാ അധികൃതര്‍ ശ്രമിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളും മറ്റു തീരദേശവാസികളും ശക്തമായ ചെറുത്തുനില്പ് നടത്തി. ഹാര്‍ബറില്‍ നിന്ന് സുരക്ഷിതമായി മത്സ്യബന്ധനത്തിനു പോകാനുള്ള സൗകര്യം ഉറപ്പുനല്‍കാതെ പൊഴി മുറിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. ദുരന്തനിവാരണ നിയമ പ്രകാരം നാട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വക ഭീഷണി.
കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്ന് മാരിടൈം ബോര്‍ഡിന്റെ കട്ടര്‍ സക് ഷന് ഡ്രെജര്‍ ചന്ദ്രഗിരി മുതലപ്പൊഴിയിലെത്തിച്ചിട്ടുണ്ട്. രണ്ടു ചെറിയ മണ്ണുമാന്തിയും രണ്ടു ടിപ്പറുകളും ഉപയോഗിച്ച് പൊഴി മുറിച്ച് വലിയ ഡ്രെജറിന് പൊഴിയിലേക്കു കയറാനുള്ള വഴി തെളിക്കാനായി ശ്രമം. ബോട്ടുകള്‍ക്ക് സുരക്ഷിതമായി നീങ്ങാന്‍ പൊഴിമുഖത്ത് 13 മീറ്റര്‍ വീതിയും ചാലില്‍ മൂന്നു മീറ്റര്‍ ആഴവും ഉറപ്പാക്കുന്നതിന് 20 മണിക്കൂര്‍ തുടര്‍ച്ചയായി മണല്‍ ഡ്രെജ് ചെയ്തു നീക്കുമെന്നാണ് വാഗ്ദാനം. ഡ്രെജ് ചെയ്ത മണ്ണ് നീക്കം ചെയ്യാന്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സുമായി കരാറുണ്ടാക്കാനാണ് നീക്കം.
കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് മുതലപ്പൊഴി ഹാര്‍ബറിന്റെ കാര്യത്തില്‍ നടത്തിയ ഇടപെടലിനെ സ്തുതിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി മത്സ്യ സംപദ യോജനയില്‍ മുതലപ്പൊഴി സ്മാര്‍ട്ട് ഗ്രീന്‍ പോര്‍ട്ട് വികസനത്തിനും തീരസംരക്ഷണത്തിനുമായി 177 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി നല്കി. ഇതില്‍ കേന്ദ്ര വിഹിതം 106.2 കോടിയാണ്. തെക്കുഭാഗത്തെ പുലിമുട്ടിന്റെ നീളം 425 മീറ്റര്‍ കൂട്ടാനും മണല്‍ ബൈപാസിങ്ങിനുമുള്ള പദ്ധതിയാണ് സിഡബ്ല്യുപിആര്‍എസ് നിര്‍ദേശിച്ചത്. ഹാര്‍ബറില്‍ 415 യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. ഒരു വര്‍ഷം 38,142 ടണ്‍ മത്സ്യം ലഭ്യമാകും. പതിനായിരം പേര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും. സംഭവം കൊള്ളാം, എന്നാല്‍ മേയ് 15ന് ഡ്രെജിങ് പൂര്‍ത്തിയാക്കി ചന്ദ്രഗിരി മടങ്ങിയാല്‍, മണ്‍സൂണ്‍ കാലത്ത് മണല്‍ത്തിട്ട തിരിച്ചെത്തുകയില്ലെന്ന് എന്താണുറപ്പ്?
വിഴിഞ്ഞത്ത് രണ്ടാം ഘട്ടം മുതല്‍ നാലാം ഘട്ടം വരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി മേയില്‍ തന്നെ നടത്തുമെന്ന് പറയുന്നുണ്ട്. വിഴിഞ്ഞത്തെ പുലിമുട്ടിന്റെ നീളം 900 മീറ്റര്‍ കൂടി നീട്ടും, കടലില്‍നിന്ന് ഏതാണ്ട് 77.17 ഹെക്ടര്‍ ഭൂമി വീണ്ടെടുക്കാനായി 7.20 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഡ്രെജിങ് നടത്താനിരിക്കയാണ്. അതിന്റെ പ്രത്യാഘാതം എന്താകുമെന്ന് ആരറിഞ്ഞു!