ബോബന് വരാപ്പുഴ
(കത്തോലിക്കാ സഭയോടും പോപ്പിനോടുമുള്ള ആദരസൂചകമായി ലൂസോ ഇന്ത്യന്‍സിന്റെ വിവാഹാഘോഷ വേളകളില്‍ ആലപിക്കുന്ന ഒരു ലത്തിന് ഗാനത്തിന്റെ രണ്ടു വരികളാണ് ‘ലൗ ദാത്തേ ദോമിനും ഓണസ് ജെന്റി ലൗ ദാത്തേ കുമ്മോനസ് പോപ്പുലി….’ സകല ജനതകളുടെയും ദൈവത്തെ വാഴ്ത്തുവിന്‍. ഇതാണ് ഈ വരികളുടെ മലയാള വിവര്‍ത്തനം.)
പൈതൃക സംസ്ക്കാരങ്ങളുടെ കൈകോര്‍ക്കലുകള്‍, കൊച്ചിയെന്ന ചരിത്രമണ്ഡലത്തിന് പുതുമയുള്ളതല്ല… സംസ്കാരിക വൈവിധ്യത്തിന്റെ സംയോജനത്തിനായി തൊട്ടില് കെട്ടിയും താരാട്ടു പാട്ടൊരുക്കിയും കൊച്ചി എക്കാലത്തും കാത്തിരുന്നതിന്റെ ഇതിഹാസതുല്യമായ ചരിത്രങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ. ബോണി തോമസിന്റെ, കൊച്ചിക്കാര് എന്ന പുസ്തകത്തിലെ ഒരു അധ്യായത്തെ പരിചയപ്പെടുത്തുകയാണ്.
ശത്രുവിന്റെ ശത്രു മിത്രം എന്ന രാഷ്ട്രീയ തന്ത്രം ഒരു നിലപാടായി കേരളത്തില്‍ സഖാവ് ഇ.എം.എസ് പ്രഖ്യാപിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആ നയതന്ത്രജ്ഞത കൊച്ചി രാജാവ് പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
കോഴിക്കോട് സാമൂതിരിയുടെ ശത്രുവായിരുന്ന പോര്‍ച്ചുഗീസുകാരെ, സാമൂതിരിയോടുള്ള ശത്രുതയെ പ്രതി ഒന്നു കൊണ്ടു മാത്രമാണ് രാജാവ് കൊച്ചിയിലേക്ക് സ്വാഗതം ചെയ്തത്. തീര്‍ന്നില്ല. ഇവിടെ വന്ന പോര്‍ച്ചുഗീസുകാര്‍ക്ക് രാജാവ് കോട്ട പണിയാന്‍ അനുമതിയും സ്വന്തം ചിലവില്‍ അത് നിര്‍മ്മിച്ചും നല്കി. അങ്ങനെ കൊച്ചിയില്‍ ഇമ്മാനുവല്കോട്ട തല ഉയര്‍ത്തി. അതോടെ കോട്ട അഥവാ ഫോര്‍ട്ട് സ്ഥാപിതമായ പ്രദേശം ഫോര്‍ട്ട് കൊച്ചിയായി.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ യൂറോപ്യന്‍ ദേവാലയമായ സെന്റ് ഫ്രാന്‍സിസ് പള്ളി ഈ കോട്ടയുടെ ഭാഗമായിരുന്നു. ഇതിലാണ് ലോകപ്രശസ്ത പോര്‍ച്ചുഗല്‍ നാവികനായ സാക്ഷാല്‍ വാസ്കോ ഡ ഗാമ അന്ത്യവിശ്രമം കൊണ്ടത്. ശേഷം അവര്‍ കണ്ണൂരില്‍ ആഞ്ജലോ കോട്ടയും കൊല്ലത്ത് സെന്റ് തോമസ് കോട്ടയും കെട്ടി. ഫോര്‍ട്ടുകൊച്ചിയില്‍ നിര്‍മ്മിച്ച കോട്ടയിലെ നഗരത്തിന് അവര്‍ സാന്തക്രൂസ് അഥവാ വിശുദ്ധ കുരിശ് എന്ന് നാമകരണവും നടത്തി.
അധികാരമെന്ന നിഗൂഢ ലക്ഷ്യവുമായി കൊച്ചിയില്‍ കപ്പലിറങ്ങിയ വിദേശശക്തികള്‍ ഇവിടെ കാലുകുത്തിയ കാലം തൊട്ട് സംസ്ക്കാര സംയോജനങ്ങളുടെ ആവിര്‍ഭാവവും സംജാതമാക്കി. കത്തോലിക്കാ വിരുദ്ധരായ ഡച്ചുകാര്‍ക്കു മുമ്പ് പതിനഞ്ചാം നൂറ്റാണ്ടില്‍ കത്തോലിക്കരായ പോര്‍ച്ചുഗീസുകാരാണ് വന്നത്. ഉള്ളതു പറയണമല്ലോ. പ്രവാസത്തിലൂടെ അധികാരമുറപ്പിക്കുന്നതിനൊപ്പം തന്നെ അവരുടെ സംസ്കാര പൈതൃകങ്ങളുടെ സ്ഥാപനവും അവരിവിടെ നടത്തി.
1500 – മുതല്‍ നീണ്ട 162 വര്‍ഷക്കാലം കൊച്ചിയില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തമായ അധികാര സാന്നിധ്യമുണ്ടായിരുന്നു എന്ന ചരിത്രത്തെ, ലളിതമായും ഹൃദ്യമായും പുനരവതിരിപ്പിക്കുകയാണ് ശ്രീ. ബോണി തോമസ് തന്റെ കൊച്ചിക്കാര് എന്ന പുസ്തകത്തിലൂടെ.
അധിനിവേശ പോരാട്ടങ്ങളുടെ ബാക്കിപത്രമാണ് അനാഥത്വം. അന്നത്തെ യൂറോപ്പ് അതിന്റെ മികച്ച ഉദാഹരണമാണ്. പിടിച്ചടുക്കലിന്റെ മൂര്‍ത്ത ലക്ഷ്യവുമായി ലോകത്തില്‍ പാഞ്ഞു നടന്ന പോര്‍ച്ചുഗീസിന്റെ നാലായിരം പടയാളികള്‍ രാജ്യത്തിന്റെ അധീശത്വം കാത്തുസൂക്ഷിക്കാന്‍ വിവിധ കോളണികളില്‍ പെട്ടുകിടന്നു. അവരില്‍ ബഹുഭൂരിപക്ഷത്തിനും തിരിച്ച് ജന്മനാട്ടില് കാലു കുത്താനുള്ള ഭാഗ്യമുണ്ടായില്ല. മരിച്ചു പോകുന്ന സൈനികന്റെ അനാഥമാക്കപ്പെടുന്ന പെണ്മക്കള്, ‘ഓര്ഫാസ് ഡെല്‍ റീ ‘ അഥവാ രാജാവിന്റെ അനാഥ പെണ്മക്കള് എന്ന നിലയില്‍ അവിടെ അറിയപ്പെട്ടു. സംരക്ഷിക്കപ്പെട്ടു. പ്രായപൂര്‍ത്തിയാകുന്ന മുറക്ക് ഇവരെ പോര്‍ച്ചുഗീസ് സൈനീകര്‍ക്ക് വിവാഹം ചെയ്തു കൊടുത്തു.
അത്തരത്തിലൊരു പെണ്‍കുട്ടികളുടെ സംഘം 1545-ല്‍ ആദ്യമായി കൊച്ചിയിലെത്തി. സാന്റ കാസ ഡ മിസ്റ്ററി കോര്‍ഡിയ ഡി കൊച്ചി എന്ന കാരുണ്യ പ്രവര്‍ത്തന സ്ഥാപനം അവരെ ഇവിടെ സ്വീകരിച്ചു, പരിപാലിച്ചു. കൊച്ചിയിലെ പോര്‍ച്ചുഗീസ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തുന്നല്‍ പരിശീലനവും നല്കി. സ്ത്രീധനവും, ഇവരെ വിവാഹം ചെയ്യുന്ന പോര്‍ച്ചുഗീസ് പൗരന് ഭൂമിയും വീടും കന്നുകാലികളും സമ്മാനിപ്പിക്കപ്പെട്ടു. നിത്യപ്രവാസിയാക്കപ്പെട്ട പോര്‍ച്ചുഗീസ് സൈനീകന് തന്റെ അസ്ഥിത്വം ഈ മണ്ണില്‍ നിലനിര്‍ത്താനുള്ള അനിവാര്യതയായിരുന്നു ഇത്.
അവിവാഹിതരായ പോര്‍ച്ചുഗീസ് യുവാക്കള്‍ സോള്ഡാഡോസ് എന്ന് അറിയപ്പെട്ടു. കൊച്ചിയിലെത്തുന്ന അവിവാഹിതനായ പോര്ച്ചുഗീസുകാരന് സ്വന്തം രാജ്യത്ത് പോയി പെണ്ണുകെട്ടി തിരികെ കൊച്ചിയിലെത്തുമെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് അവര്‍ നല്ല പാതികളെ തേടിയത് സ്വാഭാവികം. അത്തരത്തില്‍ ഗൃഹസ്ഥരായി കൊച്ചിയില്‍ വാസമുറപ്പിച്ചവരെ കസാഡോസ് എന്ന് വിളിച്ചു.
ഈ സംഭവം വിജയകരമായതിനെ തുടര്‍ന്ന് ഭരണകൂടം ഇതിന് നല്ല പ്രോല്‍സാഹനം നല്കി. പോര്ച്ചുഗീസുകാരന് കൊച്ചിക്കാരിയില്‍ ജനിക്കുന്ന മക്കളെ മെസ്റ്റിസസ് എന്ന് അഭിമാനപൂര്‍വ്വം വിളിക്കപ്പെട്ടു. പക്ഷേ, രാജാവിന്റെ അനാഥ പെണ്‍കുട്ടികളുടെ വരവോടെ പോര്ച്ചുഗീസുകാരന് സ്വന്തം നാട്ടുകാരിയെ തന്നെ കെട്ടാനുള്ള അവസരമുണ്ടായി.
അങ്ങനെ അവരുടെ ഒറിജിനല്‍ സന്താനങ്ങളും സങ്കര സന്താനങ്ങളും കൊച്ചിയില്‍ പിറവിയെടുത്തു തുടങ്ങി. 16 – 17 നൂറ്റാണ്ടുകളില്‍ കൊച്ചിയില്‍ തലമുറകളില്‍ നിന്ന് പകര്‍ന്ന പോര്‍ച്ചുഗീസ് പാരമ്പര്യത്തിന്റെ ജനത രൂപപ്പെട്ടു.
1517-ല്‍ കൊച്ചിയില്‍ ഏതാണ്ട് 300 പോര്‍ച്ചുഗീസ് വീടുകളുണ്ടായിരുന്നതായി കൊച്ചി സന്ദര്‍ശിച്ച ലാസറസ് ന്യൂറംബര്ഗര് രേഖപ്പെടുത്തി. 1546 – ല്‍ 570 പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ ജീവിച്ചിരുന്നതിനും ചരിത്ര രേഖയുണ്ട്. കൊച്ചിയില്‍ അധികാരമുറപ്പിക്കാന്‍, അതിന്റെ ആഴവും പരപ്പും ഉണ്ടാക്കാന്‍ അവര്‍ ‘പൊളിറ്റിക്ക ഡോസ് കമമെന്റോസ് ‘ എന്നൊരു നയതന്ത്രം രൂപപ്പെടുത്തി. അത് പ്രകാരം പോര്ച്ചുഗീസുകാരന് കൊച്ചിയിലെ പെണ്‍കുട്ടികളെ വിവാഹം കഴിക്കാം. അതിനുള്ള രാജാവിന്റെ അനുമതിപത്രമായിരുന്നു ഈ രേഖ. ഇതോടെ ‘ ലൂസോ ഇന്ത്യന്‍സ് ‘ എന്ന പുതിയൊരു വംശീയത പിറന്നു. ഈ ജനതയുടെ അടയാളമാണ് അപ്പെലിദോവുകള്. അപ്പെലിദോവെന്നത് ഒരു സര്നെയ്മാണ്.
അരക്കൊല്ലം മുതല്‍ ഒരു കൊല്ലം വരെ നീളുന്ന, കൊച്ചി – പോര്‍ച്ചുഗീസ് കപ്പല്‍ യാത്ര അപകടകരവുമായിരുന്നു. കര പിടിക്കുമെന്ന് യാതൊരുറപ്പുമില്ലാത്ത മരണയാത്രകള്‍. ഈ സാഹര്യത്തിലാണ് കൊച്ചിക്കാരികളെ വിവാഹം കഴിക്കാമെന്ന നിയമം, ഗവര്‍ണര്‍ അഫോണ്‍സോ ഡി അല്‍ബുക്കര്‍ക്ക് സ്ഥാപിച്ചത്.
ലുസിത്താനിയ എന്നത് പോര്‍ച്ചുഗീസിന്റെ പൂര്വ്വനാമമാണ്. ലുസിത്താനിയന്സ് എന്നും പോര്‍ച്ചുഗീസുകാര്‍ വിളിക്കപ്പെടുമായിരുന്നു. അതില്‍ നിന്നാണ് ലുസോ ഇന്ത്യന്‍സ് ഉരുത്തിരിഞ്ഞത്. പക്ഷേ, പോര്ച്ചുഗീസുകാരന് മലയാളിക്ക് പറങ്കിയാണ്.
പൂര്‍വ്വകാലം തൊട്ട് കേരളവുമായി വ്യാപാര ബന്ധമുണ്ടായിരുന്ന അറബികള്‍ അവരെ വിദേശികള്‍ അല്ലെങ്കില്‍ വരുത്തന്മാര് എന്ന അര്‍ത്ഥത്തില്‍ വിളിച്ച ഫറങ്കി എന്ന അറേബ്യന്‍ വാക്കില്‍ നിന്നാണ് പറങ്കി പരുവപ്പെട്ടത്. പോര്‍ച്ചുഗീസുകാരുടെ വരവോടെ, അറബിക്കടലിലൂടെയുള്ള കച്ചവടത്തില്‍ അറബികള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ അവസാനിച്ചു.
കുരിശുയുദ്ധക്കാലത്ത് പടയാളികളെ ഫ്രാങ്ക് എന്ന് വിളിക്കുമായിരുന്നു. അത് പരിണമിച്ചാണോ ഫറങ്കിയായതെന്നും ഊഹമുണ്ട്. ഏതായാലും പോര്‍ച്ചുഗീസ് രക്തത്തില്‍ ഇവിടെ ജനിച്ച ലൂസോ ഇന്ത്യന്‍സ് പറങ്കികളെന്ന അപരനാമം പേറി ജീവിക്കുന്നു.
കൊച്ചിയില്‍ പാര്‍പ്പുറപ്പിച്ചവരില്‍ പലരും (കസാഡോസ്) പിന്നീട് വന്‍ സുഗന്ധവ്യഞ്ജന വ്യാപാരികളും സ്വന്തമായി കപ്പലുടമകളുമായി. പിറന്ന നാട്ടിനോടും സംസ്കാരത്തോടുമുള്ള അതിരു വിട്ട അഭിനിവേശത്തില്‍ നിന്ന് ചിലര്‍ എസ്റ്റാഡോ ഡ ഇന്ത്യ പോര്ച്ചുഗീസ്സ എന്ന സ്വപ്നം കണ്ടു. ഒരു ഇന്ത്യന്‍ പോര്‍ച്ചുഗീസ് നാട്. 1662-ല്‍ ഡച്ചുകാരോട് പറങ്കികള്‍ തോറ്റു. ലന്തക്കാര്‍ ഇമ്മാനുവേല്‍ കോട്ട തകര്‍ത്തു. പോര്‍ച്ചുഗീസ് വീടുകളും നശിപ്പിച്ചു. പോര്‍ച്ചുഗീസുകാര്‍ സ്വന്തം രാജ്യത്തേക്കും ഇന്ത്യയിലെ അവരുടെ മറ്റൊരു ഭരണപ്രദേശമായ ഗോവയിലേക്കും പലായനം ചെയ്തു. കൊച്ചിയിലെ അവരുടെ ബന്ധുക്കള്‍ അഥവാ ലൂസോ ഇന്ത്യന്‍സ് കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലേക്കും.
ഇതോടെ ആ സംസ്കാരം കൊച്ചിയുടെ അതിരുകള്ക്കപ്പുറങ്ങളിലേക്കും വ്യാപിച്ചു. യുദ്ധകാലത്ത് കൊച്ചിയില്‍ 4000 ലൂസോ ഇന്ത്യന്‍സ് ഉണ്ടായിരുന്നെത്രെ. പോര്‍ച്ചുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരുമായുളള ബന്ധം ലൂസോ ഇന്ത്യന്‍സിന് ആദ്യ കാലങ്ങളില്‍ ക്ലേശകരമായിരുന്നെങ്കിലും, യൂറോപ്യന്‍ വംശീയതയെന്ന ആ സംസ്കാരബോധം കാലക്രമേണ അതിനെ ഇല്ലാതാക്കി…. അങ്ങനെ ആ ചരിത്രബോധത്തിനും കൊച്ചി സാക്ഷിയായി. പ്രണത ബുക്സാണ് ‘കൊച്ചിക്കാര്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.