ജയ്സണ്‍ റ്റി. ജോണ്‍
തേവരയിലെ ബാറില്‍ ‘അകലെയകലെ നീലാകാശം’ പാടിയിരുന്ന വല്ലാര്‍പാടത്തുകാരന്‍ യുവാവിനെ, അരികെയുണ്ട് സ്വര്‍ഗം എന്ന പ്രത്യാശയിലേക്കെത്തിച്ചതും ദിവ്യഗീതികളുടെ ആലാപകനാക്കിയതും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒസിഡിയാണ് – സേവി വല്ലാര്‍പാടം എന്ന ഗായകന് സ്വയമേവ നല്കുന്ന സാക്ഷ്യമാണിത്.
ജീവിതത്തിന്റെ ഏറ്റക്കുറിച്ചിലുകളെ ആസ്വാദ്യമായ ഒരു ഗാനത്തിന്റെ ആരോഹണാവരോഹണങ്ങളായി കരുതാന്‍ മുണ്ടഞ്ചേരിയച്ചന് ധൈര്യം പകര്പ്പോള് നിരവധിപേര്ക്കത് ജീവിതപാതയില്, യേശു നല്കിയ വെളിച്ചമായി; ആ നാളങ്ങള്‍ക്ക് എണ്ണ പകരാന്‍, വചനം പാകി അദ്ദേഹം രചിച്ച ഈരടികളും നിമിത്തമായി.
ദൈവശാസ്ത്രത്തിന്റെ ഗഹനതത്ത്വങ്ങള്‍ സെബാസ്റ്റ്യനച്ചന്റെ ഗാനങ്ങളിലൂടെ അതീവ ലളിതമായി. ആ ലാളിത്യം സ്വര്‍ഗീയ ഗീതികളുടെ ലാവണ്യമായും മാറി. ചിപ്പിയില്‍ മുത്തൊളിപ്പിച്ചതുപോലെ ഇമ്പമാര്‍ന്ന ഗാനങ്ങളില്‍ വചനവിത്ത് പാകി മുളപ്പിച്ചപ്പോള്‍, അവ പാടി പടര്‍ന്നു പന്തലിച്ച് വിശ്വാസീകേരളത്തിന്റെ വിളംബര ഗീതികളായി.
ഫാ. സെബാസ്റ്റ്യന്റെ ആത്മീയ പുരോഗതിയുടെ ക്രമാനുഗത വളര്‍ച്ച അദ്ദേഹം രചിച്ച ഗാനങ്ങളില്‍ പ്രകടമാണെന്നു വിലയിരുത്തുന്നവരുണ്ട്. തമിഴ്നാട്ടില്‍ സേവനമനുഷ്ഠിച്ച കാലങ്ങളില്‍ തദ്ദേശീയരായ ചിലരുമായുള്ള അഭിപ്രായ ഭിന്നത അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തെ ഉലയ്ക്കാന്‍ പോന്നതായിരുന്നുവെന്നും ഇതേ തുടര്‍ന്ന് മനംനൊന്ത് അദ്ദേഹം ഒരു യാത്ര നടത്തിയെന്നും സുഹൃത്തുക്കള്‍ പറയുന്നു. മനോദു:ഖത്തോടെ നടത്തിയ ട്രെയിന്‍ യാത്രയിലാണ് ലോക കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആത്മീയാചാര്യന്മാരിലൊരാളായ റിഡംപ്റ്ററിസ്റ്റ് വൈദികന് ഫാ. ജിനോ ഹെന്‍ട്രിക്സിനെ കണ്ടുമുട്ടിയതും അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ബാഗ്ലൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ സെബാസ്റ്റ്യന്‍ സ്വയം അര്‍പ്പിക്കുകയായിരുന്നു.
സന്ദേഹങ്ങള്‍ കരിമ്പുക തുപ്പിയ തീവണ്ടി യാത്ര വഴിത്തിരിവായതും ലക്ഷ്യത്തിലെത്താന്‍ കാരണമായതും മൂലമാവാം, തന്റെ ജീവിതദര്‍ശനം പോലെ കുറിച്ചുവച്ച ‘യേശുവിനെ കാണേണം’ എന്ന ഗാനം ഒരു ‘പിക്നിക് സോങ്ങ്’ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഫിലിപ്പോസിനെ കാണാനെത്തിയ യവനന്മാര് ഉന്നയിച്ച ആവശ്യം (യോഹ 12:24) തന്നെയാണ് ഈ ഗാനത്തെയും നീതീകരിക്കുന്നത്. യേശുവിനെപ്പോലെയാകണം എന്നതായിരുന്നു ഗാനത്തിന്റെ അനുപല്ലവിയും രചയിതാവിന്റെ അഭിവാഞ്ഛയും. ഒരു തലം കൂടി ഉയര്‍ന്ന് ഫാ. സെബാസ്റ്റ്യന്‍ കുറിച്ച അടുത്ത ഈരടികള്‍ ‘യേശുവിനെ ആസ്വദിക്കണം’ എന്ന ആവശ്യമായിരുന്നു, കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍ (സങ്കീ. 34:8) എന്ന ദാവീദിന്റെ കീര്‍ത്തനം പോലെ! അദ്ദേഹം രചിച്ച ‘എല്ലാം നന്മയ്ക്കായ്’ എന്ന ഗാനം പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ കടമെടുത്തുള്ളവയാണ് (റോമ 8:25). ‘ദൈവം നമ്മോടുകൂടെ’ എന്ന ഗാനം ‘എമ്മാനുവല്‍’ എന്ന പദത്തിന്റെ കേവലാര്‍ത്ഥം വിവരിച്ചു തന്നെ (മത്താ 1:22) രക്ഷാകര ചരിത്രത്തില്‍ ദൈവം ഒപ്പം നിന്ന അസംഖ്യം സന്ദര്‍ഭങ്ങളുടെ അനുഗതിയാവുന്നു.
‘താതനും പുത്രനും റൂഹായുമാകിയ’ എന്ന ത്രിതൈ്വകസ്തുതി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഏകതാന സാന്നിധ്യം സുവിശേഷാധിഷ്ഠിതമായി ഘോഷിക്കുന്നു (മത്താ 28:20).
സമരിയാക്കാരിയുമായുള്ള യേശുവിന്റെ സംഭാഷണത്തിന്റെ തുടര്‍ച്ചയായി വരുന്ന വചന പരാമര്‍ശങ്ങളാണ് ‘സത്യാരാധകരേ’ എന്ന ഗാനം (യോഹ 4:23).
‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്ന സംബോധന ഒരു ഗാനമായി മാറ്റാന്‍ കഴിഞ്ഞതും പണ്ഡിതോചിതമായ ലാളിത്യമായിരുന്നു. സ്തുതി പാടി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കാനുള്ള ആഹ്വാനവുമാണത് (സങ്കീ 100:4).
‘ആത്മീയ സൗഖ്യമേകാന്‍’ എന്ന ഈരടികളില്‍ പ്രതിഫലിക്കുന്നത് സനാതന ഔഷധമായ ദൈവകൃപയുടെ പുകഴ്ചയാണ്. ഏശയ്യാ പ്രവചനം പോലെ ‘അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു’ (ഏശയ്യ 53:5) എന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രകാശനമാവുന്നു ഈ വരികള്‍.
‘എങ്ങുപോകും ഞങ്ങള്‍ നാഥാ, എവിടെ പോകും’ എന്ന ജിജ്ഞാസ ശിമയോന് പത്രോസ് ഉന്നയിച്ച ചോദ്യമാണ്. ജീവന് നല്കുന്ന വചനം അങ്ങിലാണല്ലോ എന്ന മുഖ്യ ശിഷ്യന്റെ ഉത്തമവിശ്വാസം കൂടിയായി (യോഹ 6:68) ഈ ഗാനശകലം മാറുന്നു.
‘കര്‍ത്താവെല്ലാം നല്കുന്നു’ എന്ന പ്രത്യാശ, അവിടുത്തെ സമ്പതയിലുള്ള ഉത്തമവിശ്വാസമായി പ്രഘോഷിക്കപ്പെടുന്നു (ഫിലിപ്പി 4:19)
‘സുവിശേഷസൗഖ്യം സകലര്ക്കുമരുളും’ എന്ന ഗീതിയില്‍ അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യപ്പെട്ടിരിക്കുന്നു’ എന്ന പത്രോസ് ശ്ലീഹായുടെ വചനമാണ് സമര്‍ഥിക്കപ്പെടുന്നത് (പത്രോ 2:24).
‘യേശു വിളിക്കുന്നു, യേശു ഭരിക്കുന്നു, എന്നെയും രാജാവായ് യേശു വസിക്കുന്നു’ എന്ന ചിന്ത ലോകത്തെയും ജഡത്തെയും സാത്താനെയും ജയിക്കാന്‍ രാജാക്കന്മാരുടെ രാജാവായ രക്ഷകനോട് ഒന്നായി നില്‍ക്കാനുള്ള മുറിയിപ്പാണ്. വെളിപാടിന്റെ പുസ്തകം വെളിപ്പെടുത്തുന്ന ജനതകളുടെ രാജാവായ യേശുവിനെയാണ് ഈ വരികള്‍ പ്രകീര്‍ത്തിക്കുന്നത് (വെളി 15:1).
‘കണ്ടാലും വിസ്മയകരമാം ദൈവത്തിന്റെ സ്നേഹം’ എന്ന വരികള്‍ അവിടുന്ന് വിസ്മയകരമാം വിധം എന്നോട് കരുണ കാണിച്ചു എന്ന സങ്കീര്‍ത്തകന്റെ ഹൃദയ വിചാരങ്ങളുടെ മാറ്റൊലിയാണ് (സങ്കീ 31:21) നിയമജ്ഞരെ രോഷാകുലരാക്കിയ അവിടുത്തെ വിസ്മയപ്രവൃത്തികള് മത്തായി സുവിശേഷകനും ലിഖിതമായി കുറിച്ചു (മത്താ 21:15).
‘സ്വര്‍ണവും വെള്ളിയും എന്‍ കൈയിലില്ല’ എന്ന വചനസങ്കീര്ത്തനം സുന്ദരകവാടത്തില്‍ തളര്‍വാത രോഗിയെ സുഖപ്പെടുത്തിയ പത്രോസിന്റെ വചനങ്ങളാണ് (അപ്പ 3:6).
കരിസ്മാറ്റിക് പ്രസ്ഥാനത്തിലേക്കെത്തും മുമ്പേ സംഗീതത്തിന്റെ സഹയാത്രികനായിരുന്ന ഫാ. സെബാസ്റ്റ്യന്‍ വിശുദ്ധ പത്താം പീയൂസിനോടുള്ള നൊവേനയും ഗാനങ്ങളും എഴുതി ചിട്ടപ്പെടുത്തി ആലപിച്ചു.
‘ക്രിസ്തുവിങ്കല്‍ സര്‍വം നൂതനമാക്കാന്‍’ എന്ന ഗാനത്തില്‍ ദിവ്യകാരുണ്യ ഭക്തിക്ക് പത്താം പീയൂസ് പാപ്പ നല്കിയ പ്രോത്സാഹനം, ചൈതന്യം നിറഞ്ഞ ചരിത്രസത്യമായി ഇഴചേര്‍ത്തിരിക്കുന്നു.
‘വിപ്രഭചൂടും പുണ്യപ്രഖ്യാത’ എന്ന ഗാനത്തില്‍ പത്താം പീയൂസ് കാത്തുസൂക്ഷിച്ച മരിയഭക്തിയുടെ പ്രഖ്യാപനവുമുണ്ട്.
കര്‍മ്മലീത്ത വൈദീകരുടെ നേതൃത്വത്തില്‍ നടത്തുന്ന കരിസ്മാറ്റിക് ശൈലി മറിയത്തിന് അമിതപ്രാധാന്യം നല്‍കുന്നുവെന്ന പരിഭവവുമായി പ്രസ്ഥാനത്തോട് വിയോജിച്ചവരില്‍ ഇതര സഭയിലെ വൈദികരില്‍ ചിലരുണ്ടായിരുന്നു. സുവിശേഷത്താല്‍ (ലൂക്ക 1:35) പ്രചോദിതമായ,
”മറിയത്തോടൊത്ത് ധ്യാനിച്ചിടാം
ദൈവത്മാവാല് നിറഞ്ഞിടാം,
മറിയത്തോടൊത്ത് ജീവിച്ചിടാം
ദൈവാത്മാവില് വളര്‍ന്നിടാം”
എന്ന ധ്യാനശകലമായിരുന്നു ഇവര്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി നല്കിയ ഉദാത്തമായ മറുപടി.