കോട്ടപ്പുറം: 200 ദിവസമായി തുടര്‍ന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. സമരത്തിന്റെ ഇരുന്നൂറാം ദിവസം ലത്തീന്‍ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസ്സപ്പെടുത്തുന്ന വിധം വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിക്കണം.
വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിസ്സംഗതയും അനാസ്ഥയും തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെഎല്‍സിഎ സംസ്ഥാന നേതൃത്വം അറിയിച്ചു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ: ജിജു അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ. തോമസ്, ഫാ. യേശുദാസ് പഴമ്പിള്ളി, ബിജു ജോസി, ആക്ട്സ് സംസ്ഥാന ജന: സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റിയന്, ഫാ. ആന്റണി തറയില്‍, വിന്‍സ് പെരിഞ്ചേരി, അനില്‍ കുന്നത്തൂര്‍, ഇ.ഡി ഫ്രാന്‍സിസ്, ജോര്‍ജ് നാനാട്ട്, ആഷ്ലിന് പോള്‍, ജോസഫ് ബെന്നി കുറുപ്പശ്ശേരി, സെബാസ്റ്റ്യന്‍ റോക്കി, എസ്എന്‍ഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകന് കാതികുളത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
അതേസമയം വഖഫ് നിയമഭേദഗതി സംബന്ധിച്ച കേസ് മെയ് 3ന് കോടതി പരിഗണിക്കുമ്പോള്‍ നീതി കിട്ടുമോ എന്ന ആകാംക്ഷയിലാണ് മുനമ്പത്തെ അറുനൂറിലധികമുള്ള കുടുംബങ്ങള്‍. പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമഭേദഗതി മുനമ്പം കാര്‍ക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ വ്യാപകമാകുകയും ഭേദഗതി തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തതാണ് ആശങ്കകള്‍ക്കു കാരണമായത്. നിമയഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയില്‍ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. നിയമം സ്റ്റേ ചെയ്യരുത് എന്ന വാദത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്കാന് കോടതി നേരത്തെ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. വഖഫ് നിയമം സ്വകാര്യ, സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ദുരുപയോഗം ചെയ്തെന്ന് ആരോപിക്കുന്ന കേന്ദ്രം ഇതിനെതിരായ പരാതികളും സത്യവാങ്മൂലത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
വഖഫ് ഭേദഗതി നിയമത്തിനു ശേഷമുള്ള ചട്ടങ്ങളും മറ്റും വരുന്നതോടുകൂടി മുനമ്പം വിഷയത്തിന് പരിഹാരമുണ്ടാകും എന്നാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിലുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. നിയമഭേദഗതി നടപ്പിലായതിനാല്‍ മുനമ്പം വിഷയങ്ങള്‍ പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല എന്നും മന്ത്രി പറഞ്ഞു.