ജറുസലം: വടക്കൻ ഗാസയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ മിസൈലാക്രമണം നടത്തി ഇസ്രയേൽ. ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയിം പറഞ്ഞു.
ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാത്രി തന്നെ നൂറുകണക്കിന് രോഗികളെ ഒഴിപ്പിച്ചിരുന്നു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മിസൈൽ പതിച്ച് ആശുപത്രി കെട്ടിടത്തിൽ നിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗികൾ ജീവൻ രക്ഷിക്കുന്നതിനായി പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയിൽ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.