പേപ്പല്‍ വസ്ത്രങ്ങളും വെളുത്ത വട്ടതൊപ്പിയുമില്ലാതെ ഫ്രാന്‍സിസ് പാപ്പായുടെ ദൃശ്യങ്ങള്‍ ആദ്യമായാണ് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍ നിന്ന് പുറത്തുവരുന്നത്.
വത്തിക്കാന്‍ സിറ്റി: പേപ്പല്വസ്ത്രങ്ങള്ക്കു പകരം, കറുത്ത പാന്റ്സും മുഴുക്കൈയന്‍ വെള്ളഷര്‍ട്ടും വരയന്‍ കമ്പിളിപോഞ്ചോയുമണിഞ്ഞ് ഫ്രാന്‍സിസ് പാപ്പാ ആദ്യമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കാണപ്പെട്ടു.
വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് ‘ശുദ്ധവായുവിനായി പുറത്തേക്കിറങ്ങിയപ്പോള്‍’ താന്‍ അണിഞ്ഞിരുന്ന ‘അതേവേഷത്തില്‍’ ബസിലിക്കയിലേക്കു പോകാന്‍ പെട്ടെന്ന് പാപ്പാ തീരുമാനിക്കുകയാണുണ്ടായതെന്ന് വത്തിക്കാന്‍ വക്താവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബസിലിക്കയില്‍ വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ കബറിടത്തിലും വിശുദ്ധ പത്രോസിന്റെ പുരാതന കസേരയുടെ മുന്‍പാകെയും പത്തു മിനിറ്റോളം പ്രാര്‍ഥനയില്‍ ചെലവഴിച്ച പരിശുദ്ധ പിതാവ്, ബസിലിക്കയിലുണ്ടായിരുന്ന തീര്‍ഥാടകരോടൊപ്പമുള്ള കുഞ്ഞുങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു. തൂവെള്ള പേപ്പല്‍ ളോഹയും സുക്കെറ്റോ എന്നറിയപ്പെടുന്ന വെളുത്തവട്ടതൊപ്പിയും കുരിശുമാലയുമണിയാതെ പാപ്പായുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.
റോമിലെ ജെമെല്ലി പോളിക്ലിനിക്കില്‍ അഞ്ചാഴ്ചത്തെ ചികിത്സയ്ക്കുശേഷം രണ്ടുമാസത്തേക്ക് തുടര്‍ചികിത്സയും വിശ്രമവും നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ വത്തിക്കാനിലേക്കു മടങ്ങാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അപ്രതീക്ഷിതമായി പാപ്പാ, രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായുള്ള സവിശേഷ ജൂബിലിയാഘോഷത്തിലെ ദിവ്യബലി സമാപിക്കും മുന്‍പ് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. മെച്ചപ്പെട്ട ശ്വസനത്തിനു സഹായകമായ സപ്ലിമെന്റല്‍ ഓക്സിജന്‍ മൂക്കിലൂടെ നല്കുന്ന കന്യൂല ട്യൂബ് മുഖത്തുനിന്നു മാറ്റാതെയാണ് വീല്‍ചെയറില്‍ പരിശുദ്ധ പിതാവിന്റെ പേഴ്സണല്‍ നഴ്സ് മാസിമിലാനോ സ്ട്രപ്പേത്തി പാപ്പായെ ബസിലിക്കാ അങ്കണത്തിലേക്കു കൊണ്ടുവന്നത്. ബസിലിക്കയില്‍ കയറി കുമ്പസാരിച്ചുകൊണ്ട് പ്രാര്‍ഥിക്കുകയും മറ്റു രോഗികളെപോലെ ദണ്ഡവിമോചനത്തിനായി ബസിലിക്കയിലെ വിശുദ്ധവാതില്‍ കടക്കുകയും ചെയ്തിട്ടാണ് പാപ്പാ, ദിവ്യബലിയില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍നിന്നുള്ള രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള തീര്‍ഥാടകരെയും വിശ്വാസികളെയും ആശീര്‍വദിച്ചത്.
കഴിഞ്ഞ ബുധനാഴ്ച, ബ്രിട്ടനിലെ ചാള്‍സ് രാജാവിനെയും കമില്ല രാജ്ഞിയെയും സാന്താ മാര്‍ത്താ ഭവനത്തിലെ സ്വകാര്യ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ സ്വീകരിക്കുന്നതിന്റെ ഔദ്യോഗിക ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സുപ്രീം ഗവര്‍ണര്‍ കൂടിയായ ചാള്‍സ് മൂന്നാമന് രാജാവ്, പ്രത്യാശയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വത്തിക്കാനിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നും പാപ്പായുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കു പുറമെ സിസ്റ്റൈന്‍ ചാപ്പലില്‍ ‘ദൈവികസൃഷ്ടിയുടെ’ പരിപാലനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് അറിയിച്ചിരുന്നുവെങ്കിലും, ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം പാപ്പായ്ക്ക് രണ്ടുമാസത്തെ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വത്തിക്കാനിലെ ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കുന്നതായി പിന്നീട് വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഏപ്രില്‍ ഏഴു മുതല്‍ 10 വരെ ഇറ്റലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ രാജാവിനെയും രാജ്ഞിയെയും ഇറ്റാലിയന്‍ പാര്‍ലമെന്റിലെ സ്വീകരണത്തിനുശേഷം മുന്‍നിശ്ചയങ്ങളില്‍ നിന്നു വ്യതിചലിച്ചുകൊണ്ട് വത്തിക്കാനില്‍ പരിശുദ്ധ പിതാവുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു.
ചാള്‍സ് രാജാവും രാജ്ഞിയും സാന്താ മാര്‍ത്താ ഭവനത്തില്‍ 20 മിനിറ്റോളം പാപ്പായുമൊത്ത് ചെലവഴിച്ചു. വിവാഹത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന രാജകീയ ദമ്പതികള്‍ക്ക് പാപ്പാ ആശംസകള്‍ നേര്‍ന്നു. രോഗമുക്തിക്കായുള്ള ആശംസകള്‍ ചാള്‍സ് രാജാവും പാപ്പായും പരസ്പരം പങ്കുവച്ചുവെന്നും ഇരുവരും സമ്മാനങ്ങള്‍ കൈമാറിയെന്നും വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം കാന്‍സര്‍ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ ചികിത്സയുടെ പാര്‍ശ്വഫലമായുണ്ടായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് മാര്‍ച്ച് അവസാനം ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പാപ്പായുടെ സുഖപ്രാപ്തിയില്‍ നല്ല പുരോഗതിയുള്ളതായി വെള്ളിയാഴ്ച ഔദ്യോഗിക അറിയിപ്പില്‍ വത്തിക്കാന്‍ കാര്യാലയം പറഞ്ഞു. ശബ്ദവും ചലനവും വീണ്ടെടുക്കുന്നതിലും പുരോഗതി കാണുന്നുണ്ട്. എന്നാല്‍ കുരിശടയാളത്തോടെ ആശീര്‍വാദം നല്‍കുന്നതിന് വലതുകരം ഉയര്‍ത്തുന്നതില്‍ പരിശുദ്ധ പിതാവ് ബുദ്ധിമുട്ട് നേരിടുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതിനു പ്രതിവിധിക്കായുള്ള ഫിസിയൊതെറപ്പി തുടരുന്നുണ്ട്. സപ്ലിമെന്റല്‍ ഓക്സിജന്‍ തെറപ്പി മെല്ലെ മെല്ലെ കുറച്ചുകൊണ്ടുവരികയാണ്.
വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തിതുടങ്ങിയിട്ടുണ്ട്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്, സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പൊതുകാര്യങ്ങള്‍ക്കായുള്ള സോസ്റ്റിറ്റിയൂട്ടോ വെനസ്വേലക്കാരനായ ആര്‍ച്ച്ബിഷപ് എദ്ഗര്‍ പേഞ്ഞ്യ പാറ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ വിദേശരാജ്യങ്ങളും രാജ്യാന്തര സംഘടനകളുമായുള്ള ബന്ധത്തിന്റെ കാര്യങ്ങള്‍ നോക്കുന്ന ബ്രിട്ടീഷ് ആര്‍ച്ച്ബിഷപ് പോള്‍ ഗാല്ലഗര്‍, വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ നോക്കുന്ന ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് ലുച്ചിയാനോ റൂസോ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.
വിശുദ്ധവാരത്തിലെ തിരുകര്‍മങ്ങളില്‍ പാപ്പാ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വത്തിക്കാന്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഓശാന ഞായര്‍ തിരുകര്‍മങ്ങളില്‍ പാപ്പായുടെ പ്രതിനിധിയായി കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ വൈസ് ഡീന്‍ അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി കാര്‍മികത്വം വഹിക്കും.