കണ്ണൂർ: അനീതിയിലൂടെ കൈവശപ്പെടുത്തിവെക്കുന്നതെല്ലാം അസ്വസ്ഥതയാണ് നല്‍കുകയെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. നാല്‍പ്പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഏഴിമല ലൂര്ദ്മതാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശുമല കയറ്റത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കാല്‍വരിയിലെ കുരിശില്‍ ക്രിസ്തു ജീവന് വെടിഞ്ഞപ്പോള്‍ അവിടുത്തെ പാറ രണ്ടായി പിളര്‍ന്നിട്ടും യൂദാസിന്റെ ഹൃദയമലിഞ്ഞില്ല. മുപ്പത് വെള്ളിക്കാരിന് ഒറ്റിക്കൊടുത്തിട്ടും അസ്വസ്ഥത പെരുകി ഒടുവില്‍ യൂദാസ് ആത്മഹത്യ ചെയ്തു. കുരിശിലെ സ്നേഹം തിരിച്ചറിയാന്‍ കഴിയാഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ ദൈവസ്നേഹം തിരിച്ചറിഞ്ഞിട്ടും നമ്മളില്‍ പലരും മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന സന്ദര്ഭമുണ്ടായിട്ടുണ്ടെങ്കില് തിരുത്താന്‍ തയ്യാറാകണം. യുവതലമുറയിലെ നിരവധി പേര് ആത്മഹത്യ ചെയ്യുന്നത് നമ്മെ സ്നേഹിക്കുന്ന ദൈവമുണ്ടെന്ന ബോധ്യമില്ലാത്തതിനാലാണെന്നും ബിഷപ് പറഞ്ഞു.
കണ്ണൂര്‍ രൂപത മെത്രാന് ഡോ.അലക്സ് വടക്കുംതലയുടേയും സഹായ മെത്രാന് ഡോ.ഡെന്നീസ് കുറുപ്പശ്ശേരിയുടേയും നേതൃത്വത്തിലാണ് മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്നും മലമുകളിലേക്ക് കുരിശിന്റെ വഴി നടത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരേയും രോഗികളേയും വയോജനങ്ങളേയും സമര്‍പിച്ചു കൊണ്ടുള്ള പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് കുരിശുമുക്കില്‍ നിന്നും കുരിശുമല കയറ്റം ആരംഭിച്ചത്.
മലമുകളിലേക്കുള്ള വീഥികളിലൂടെ കാല്‍വരിയിലെ പീഡാസഹന സ്മരണകളുമായി നടത്തിയ കുരിശിന്റെ വഴിയിൽ, രൂപതയിലെ സംഘടനകള്‍ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും വിശ്വാസികളുമുള്‍പ്പെടുന്ന നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.
തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള പാതയോരത്തെ പതിനാല് കുരിശുകള്‍ക്കും മുന്നിലൂടെ യേശുവിന്റെ പീഡാസഹനം സ്മരിച്ചുകൊണ്ടുള്ള പ്രാര്‍ഥനകളും ഗാനങ്ങളുമായി മുന്നേറിയ കുരിശിന്റെ വഴി മലമുകളില്‍ മിഷനറിവര്യനായ മൊന്തനാരിയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ലൂര്‍ദ്മാതാവിന്റെ ഗ്രോട്ടോയിലാണ് സമാപിച്ചത്. രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ സമാപന പ്രാര്‍ത്ഥനക്ക് ശേഷം ബിഷപ് വടക്കും തലയുടെ സമാപനാശിര്വ്വാദത്തോടെയാണ് കുരിശിന്റെ വഴി സമാപിച്ചത്.