ഷാജി ജോര്‍ജ്
വിശ്വാസികളില്‍ കുര്‍ബാന കാണാന്‍ പോകുന്നവരുടെ എണ്ണം അത്ര കുറവല്ല. ചില സ്ഥലങ്ങളില്‍ പൊലീസ് സംരക്ഷണയില്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുമ്പോള്‍ അത് പുതുതലമുറയ്ക്ക് ഒരു തമാശയായി മാറുന്നു. സഭയുടെ പരമപ്രധാനമായ ആരാധനയാണ്; അഥവാ കൂദാശകളുടെ കൂദാശയാണ് ദിവ്യബലി. ‘ക്രിസ്തീയ വിശ്വാസികള്‍ വിശ്വാസത്തിന്റെ ഈ രഹസ്യത്തില്‍ അന്യരെ പോലെയോ മൂകരായ കാഴ്ചക്കാരെ പോലെയോ സംബന്ധിക്കാതിരിക്കാന്‍ സഭ ശ്രദ്ധ ചെലുത്തുന്നു’ എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവാരാധനയെക്കുറിച്ചുള്ള പ്രമാണരേഖ പഠിപ്പിക്കുന്നത്.
ദിവ്യബലിയെ കുറിച്ചുള്ള ആര്‍ക്കാഞ്ചലോ എം. രചിച്ച ലഘുഗ്രന്ഥത്തിന്റെ പ്രധാന്യം വലുതാണ്. ‘ദിവ്യബലി: അര്‍ത്ഥവും അനുഭവവും’ വായന പൂര്‍ത്തികരിക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ദിവ്യബലിയില്‍ പങ്കാളികളാക്കാന്‍ സഹായകരമാകും. അഭിവന്ദ്യ തിരുവനന്തപുരം മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ പുസ്തകത്തിന് എഴുതിയ അനുഗ്രഹസന്ദേശത്തില്‍ ഇത് പ്രത്യേകം എടുത്തു പറയുന്നു. സഭയുടെ ആരാധനാക്രമാഘോഷം അടയാളങ്ങളും പ്രതീകങ്ങളും വിരളും പ്രവൃത്തികളും കൊണ്ട് നെയ്യപ്പെട്ടതാണ്. അവയുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാനായാല്‍ കൂടുതല്‍ സജീവവും ഫലപ്രദവുമായി നമുക്ക് അതില്‍ പങ്കെടുക്കാനാകും. ഇന്ന് ദിവ്യബലിയര്‍പ്പണത്തില്‍ നാം കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യുന്നതുമായ കാര്യങ്ങള്‍ നമുക്ക് മനസ്സിലാകുന്നുണ്ടോ?
ഇതിനുത്തരമാണ് ആര്‍ക്കാഞ്ചലോ രചിച്ച’ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍: ദിവ്യബലി അര്‍ത്ഥവും അനുഭവവും’ എന്ന പുസ്തകം. പുസ്തകത്തിന്റെ തലക്കെട്ട് തന്നെ അതിന്റെ ഉള്ളടക്കം വളരെ എളുപ്പത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദിവ്യബലി ആഘോഷ ക്രമത്തിലെ വിവിധ ഭാഗങ്ങളും അതില്‍ കാണുന്ന പലതരം അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും പ്രവൃത്തികളുടെയും അര്‍ത്ഥം ലളിതമായ രീതിയില്‍ വിശദീകരിച്ചിരിക്കുന്നു.
തന്റെ വ്യക്തിപരമായ വായനയിലൂടെയും പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും ആര്‍ജ്ജിച്ച അറിവ് പുസ്തകരൂപത്തില്‍ തയ്യാറാക്കിയ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത അല്മായ ശുശ്രൂഷസമിതിയുടെ മുന്‍ ഡയറക്ടര്‍ എം. ആര്ക്കാഞ്ചലോയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ഈ പുസ്തക വായന, നാം അര്‍പ്പിക്കുന്ന ഓരോ ബലിയും ജീവിത ബന്ധിയാകാനും നാം തന്നെ ജീവിക്കുന്ന ദിവ്യകാരുണ്യമായി മാറാനും, അനേകരെ പ്രചോദിപ്പിക്കട്ടെയെന്ന് ആശംസിക്കുന്നു.
എന്താണ് ദിവ്യബലി, ദിവ്യബലിക്രമം, പ്രാരംഭകര്‍മ്മം, ദൈവവചനപ്രഘോഷണ കര്‍മ്മം, സ്തോത്രയാഗ കര്‍മ്മം, സ്തോത്രയാഗ പ്രാര്‍ത്ഥന, ദിവ്യകാരുണ്യ സ്വീകരണ കര്‍മ്മം, സമാപന കര്‍മ്മം, ദിവ്യബലിയും നമ്മുടെ ജീവിതവും, ആരാധനാക്രമം, ദിവ്യബലിയിലെ പ്രതീകങ്ങള്‍, തിരുവസ്തുക്കള്‍ എന്നിങ്ങനെ 12 അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. തിരുവനന്തപുരം അതിരൂപത ശുശ്രൂഷാ കോര്‍ഡിനേറ്റര്‍ ഫാ. ലോറന്‍സ് കുലാസിന്റേതാണ് അവതാരിക. പന്ത്രണ്ട് അധ്യായങ്ങളിലൂടെ ദിവ്യബലിയുടെ അര്‍ഥവും പ്രസക്തിയും അതിഗഹനമായി എഴുത്തുകാരന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ദിവ്യബലി ആദിമധ്യാന്തം സമ്പൂര്‍ണമായ ഒരു ആരാധനാക്രമമാണ്. അപ്പോഴും ഈ സമ്പൂര്‍ണ്ണത ഒരു വിശ്വാസിക്ക് ഉള്‍ക്കൊള്ളുവാന്‍ തക്കവിധം നാല് ഘട്ടങ്ങളായി, സഭ തരംതിരിച്ചിട്ടുണ്ട്. ഈ നാല് ഭാഗങ്ങളും അവ ഉള്‍ക്കൊള്ളുന്ന വിവിധ ഘടകങ്ങളും ഏറെ ശ്രദ്ധേയമായി ഇവിടെ വിവരിക്കുന്നു. (അവതാരികയില്‍ നിന്ന്).
ക്രൈസ്തവ ജീവിതത്തിന്റെയും ആരാധനയുടെയും കേന്ദ്രബിന്ദു ദിവ്യകാരുണ്യമാണ്. ആദിയിലും ഇപ്പോഴും എന്നും അങ്ങനെ തന്നെയാണ്. അതിനാലാണ്, ‘അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്വ്വം പങ്കുചേര്‍ന്നു’ എന്ന് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നത്.
തന്റെ പീഡാസഹനത്തിനും മരണത്തിനും മുമ്പായി, തന്നെ അനുഗമിക്കുന്നവര്‍ക്കായി യേശുനാഥന്‍ കൊളുത്തിയ കെടാവിളക്കാണ് ദിവ്യകാരുണ്യം. തലമുറ തലമുറയായി ഈ കെടാവിളക്ക് പരിപാവനമായി കൈമാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഈ കെടാവിളക്ക് ഇന്നത്തെ ക്രിസ്ത്യാനികളുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരത്തുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതല്ലേ ?
വലിയനോമ്പ് കഴിഞ്ഞ് ഉയിര്പ്പുകാലത്തേക്കുള്ള യാത്രയില്‍ വിശ്വാസിയ്ക്ക് ദിവ്യബലി അര്‍ത്ഥസമ്പുഷ്ടമായ അനുഭവമാക്കി മാറ്റാന്‍ ഈ പുസ്തകം നെഞ്ചോട് ചേര്‍ക്കുക.