ജെയിംസ് അഗസ്റ്റിൻ
എന്ജനമേ ചൊല്ക ചൊല്ക
എന്തു ഞാന്‍ ചെയ്തപരാധം
എന്തൊരു താപം ഞാനേകി
ഈ വിലാപഗാനാലാപനവും കൂടിച്ചേരുമ്പോഴാണ് ദുഃഖവെള്ളിയാഴ്ചയിലെ നമ്മുടെ പരിഹാരപ്രദക്ഷിണം പൂര്‍ണതയിലെത്തുന്നത്. ലത്തീന്‍ ആരാധനാക്രമപുസ്തകത്തിലെ വിശുദ്ധവാരഗീതങ്ങളില് പരിഹാരപ്രദക്ഷിണത്തിനായി ഉപയോഗിക്കുന്ന ഗാനങ്ങളില്‍ ആദ്യം ചേര്‍ത്തിട്ടുള്ളത് ഈ ഗാനമാണ്. രണ്ടു വ്യത്യസ്ത ഈണങ്ങളില്‍ ഈ ഗാനം കേള്‍ക്കാനാകും. ചില പള്ളികളില്‍ പാടി കേള്‍ക്കുന്ന പഴയ ഈണം ജേക്കബ് കല്ലറക്കലച്ചന് തന്നെ നല്കിയതാണെന്നു പറയപ്പെടുന്നു. സി.എ.സി.യില്‍ നിന്നും റെക്കോര്‍ഡ് ചെയ്തു വിതരണം ചെയ്ത ആല്‍ബത്തില്‍ ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യമാണ് സംഗീതം നല്‍കിയത്.
ക്രൈസ്തവസാഹിത്യത്തിനും ഭക്തിഗാനശാഖയ്ക്കും നിസ്തുലമായ സൃഷ്ടികള്‍ സമ്മാനിച്ചു വിശുദ്ധസ്മൃതിയിലേക്കു ഗമിച്ച ഫാ. ജേക്കബ് കല്ലറക്കലാണ് ഈ ഗാനം രചിച്ചത്. അതിപ്രശസ്തമായ ദിവ്യകാരുണ്യഗീതമായ ‘വാ വാ യേശുനാഥാ’ എന്ന ഗാനം എഴുതി സംഗീതം നല്കിയതും ഫാ. ജേക്കബ് കല്ലറക്കലാണ്.
സാധാരണ ഭക്തിഗാനങ്ങള്‍ 12 വരികളില്‍ തീരുമ്പോള്‍ ‘എന്‍ ജനമേ ചൊല്ക’ ഗീതത്തിനു 60 വരികളില്‍ കൂടുതലുണ്ട്.
‘ഈജിപ്തില്‍ നിന്നു കരേറ്റി
ത്രാണനം ചെയ്തതിനേവം
ക്രൂശു ചമയ്ക്കയോ നിങ്ങള്‍?’
എന്ന ചോദ്യവുമായി പുറപ്പാടില്‍ നിന്ന് ആദ്യ ചരണം തുടങ്ങുന്നു.
അടുത്ത വരികളില്‍ പീഡനപര്‍വത്തിന്റെ കാഠിന്യം അടയാളപ്പെടുത്തുന്നുണ്ട്.
‘എന്തതിന്‍ മേലിനി ചെയ്വാന്
എന്തഹോ ചെയ്തില്ല വേറെ
നട്ടു ഞാന്‍ മുന്തിരിയേറ്റം
ഉത്തമമുത്തമെന്നാല്
കയ്പ്പു നിറഞ്ഞിതു തീരാന്‍
കൈ വന്ന കാരണമെന്തോ?’
മനുഷ്യരെ കൈപിടിച്ചുയര്‍ത്തി യതിനെക്കുറിച്ചും മാനവികതയെ മാനിച്ചതിനെക്കുറിച്ചും കല്ലറക്കലച്ചന് തുടര്‍ന്നെഴുതുന്നുണ്ട്.
‘നല്ലൊരു ശക്തിയായ് ഭൂമൗ
നിങ്ങളെ ഞാനങ്ങുയര്ത്തി
എന്നെയോ നിങ്ങളും നാട്ടി
ക്രൂശിലാണികള് പൂട്ടി
ആവതോ ചിന്തിപ്പാനേവം
ഈവിധം ചെയ്വതിന് ഞായം’
അവിഭക്ത വരാപ്പുഴ അതിരൂപതയിലെ(ഇപ്പോള്‍ കോട്ടപ്പുറം രൂപത) കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ഇടവകയിലെ കല്ലറക്കല്‍ ചീക്കു – മറിയം ദമ്പതികളുടെ മകനായി 1904 ആഗസ്റ്റ് 16 -നാണു കവിയുടെ ജനനം. സിപ്പി പള്ളിപ്പുറം എഴുതിയ ഫാ. കല്ലറക്കലിന്റെ ജീവചരിത്രത്തില്‍ കവിയുടെ പിതാവിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ ഫാ. കല്ലറക്കലിന്റെ വന്ദ്യപിതാവ് അനുഗ്രഹീതനായ ഒരു ഗായകനും ക്രൈസ്തവ-തമിഴ് സാഹിത്യത്തില്‍ അവഗാഹം നേടിയ ഒരു പണ്ഡിതനുമായിരുന്നു. ആ കലോപാസകന് ഒരു കളരി കെട്ടിയുണ്ടാക്കി ശിഷ്യഗണങ്ങളെ സ്വീകരിച്ചു സംഗീതവും മറ്റു ചില കലകളും അഭ്യസിച്ചു പോന്നു’.
ഇങ്ങനെ വീടിനകത്തും വീട്ടുമുറ്റത്തെ കളരിയിലും സദാനേരവും സംഗീതം കേട്ട് വളര്‍ന്ന ഫാ. കല്ലറക്കലിനു പാട്ടുകാരനും എഴുത്തുകാരനുമായി രൂപപ്പെടാന്‍ എളുപ്പായിരുന്നു.
വൈദികനായി സേവനം ചെയ്ത ഇടവകകളിലെല്ലാം പുതിയ പാട്ടുകള്‍ എഴുതി എല്ലാ ജനങ്ങളെയും പഠിപ്പിച്ചു പാടിപ്പിക്കുന്നതിനു അദ്ദേഹത്തിനു പ്രത്യേക വൈഭവം ഉണ്ടായിരുന്നു.
അന്നത്തെ സാംസ്കാരികലോകത്തെ അറിയപ്പെടുന്ന തൂലികാനാമമായിരുന്നു ജെ.കെ. എന്നത്. ജെ.കെ.എന്ന പേരിലെഴുതിയിരുന്ന കല്ലറക്കലച്ചനെക്കുറിച്ചു മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പ് ഇങ്ങനെ പറഞ്ഞു.
‘ഒരു കവിക്ക് അയാളുടെ കവിതകള്‍ മനോഹരമായി പാടാനാവില്ല. ഒരു ഗായകനു മനോഹരമായി ഗാനം രചിക്കാനുമാവില്ല. ചില അപൂര്വവ്യക്തികള്ക്കേ ഈ രണ്ടു കഴിവുകളും ഒരുമിച്ചു ലഭിക്കുകയുള്ളൂ. അത്തരമൊരു അപൂര്‍വ്വവ്യക്തിത്വത്തിന്റെ ഉടമയാണ് ഫാ. ജേക്കബ് കല്ലറക്കല്‍.’
ഫാ. കല്ലറക്കല്‍ ഒരേ സമയം എഴുത്തുകാരനും സംഗീതസംവിധായകനും ഗായകനുമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കും സൃഷ്ടികള്‍ക്കും ഉചിതമായ അംഗീകാരവും സ്മരണയും നല്കാന് നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് വേദനാജനകമാണ്.
സൃഷ്ടികള്‍ തലമുറകള്‍ക്കു നല്കി കടന്നു പോയ ആരെയാണ് നാം അടയാളപ്പെടുത്തി വച്ചിട്ടുള്ളത്? അവരുടെ സൃഷ്ടികള്‍ നാം എന്നും ഉപയോഗിക്കുമെങ്കിലും അവയുടെ പിതൃത്വം കല്പിച്ചു നല്‍കാനോ അവരെ സ്മരിക്കാനോ നമുക്ക് കഴിയുന്നില്ല. അമൂല്യമായ അവരുടെ സംഭാവനകള്‍ ക്രോഡീകരിക്കാനും സൂക്ഷിക്കാനും നമുക്കിനി എന്നാണ് കഴിയുക?