കൊച്ചി: വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പകരം, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേര്‍ന്നതായും കേന്ദ്രധനകാര്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത യോഗം ദുരന്തബാധിതരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും, വായ്പാ തിരിച്ചടവിന് അധികസമയം അനവദിച്ചതായും തിരിച്ചടവ് പുനഃക്രമീകരിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു.